കൊടിഞ്ഞിയിലെ ഇമാമുമാരും, പൂജാരികളും ഒരുമിച്ചിരുന്ന് ഓണമുണ്ടു

കൊടിഞ്ഞിയിലെ ഇമാമുമാരും, പൂജാരികളും ഒരുമിച്ചിരുന്ന് ഓണമുണ്ടു

തിരൂരങ്ങാടി: ഫൈസല്‍ വധത്തെ തുടര്‍ന്ന് കൊടിഞ്ഞിയിലെ മതസൗഹാര്‍ദാന്തരീക്ഷത്തിലുണ്ടായ വിള്ളലുകള്‍ നികത്താന്‍ പ്രദേശത്തെ ക്ഷേത്രങ്ങളുടെ ഭാരവാഹികളും പള്ളിക്കമിറ്റി ഭാരവാഹികളും പൂജാരിമാരും പള്ളികളിലെ ഇമാമുമാരും ഒന്നിച്ചിരുന്ന് ഓണമുണ്ടു. കൊടിഞ്ഞി ഉള്‍പ്പെടുന്ന നന്നമ്പ്ര പഞ്ചായത്തിലെ എല്ലാ ക്ഷേത്ര, പള്ളി ഭാരവാഹികളേയും ഇമാമുമാരേയും ഒന്നിച്ചിരുത്തിയായിരുന്നു ചടങ്ങ്. ഓണപ്പൂക്കളമിട്ടു കൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം. ശേഷം എല്ലാവരെയും ഒന്നിച്ചിരുത്തിയ സ്‌നേഹ സംഗമവും വിഭവ സമൃദ്ധമായ ഓണ സദ്യയും. മതസൗഹാര്‍ദ സന്ദേശമുയര്‍ത്തി നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് നടത്തുന്ന ത്രൈമാസ മത സൗഹാര്‍ദ്ദ ക്യാംപെയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രദേശത്ത് 15-ഓളം കുടുംബ ക്ഷേത്രങ്ങളും നാലോളം പുരാതന ക്ഷേത്രങ്ങളും അന്‍പതിലേറെ പള്ളികളുമുണ്ട്. ഇവിടങ്ങളിലെ ഭാരവാഹികളേയും പൂജാരിമാരേയും ഇമാമുമാരേയും ചടങ്ങിന് ക്ഷണിച്ചിരുന്നു. പല ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്. കൊടിഞ്ഞിക്കു സമീപം തെയ്യാലയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആശ്രമ മേധാവി സ്വാമി മധുശ്രീ ജ്ഞാനതപസ്വിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കൊടിഞ്ഞി ജുമാ മസ്ജിദ് ഇമാം ഹൈദരലി ഫൈസി കുറ്റിപ്പുറം, തിരൂരങ്ങാടി എംഎല്‍എ പി.കെ.അബ്ദുറബ്, പത്മനാഭന്‍ എന്നിവരും മുഖ്യാതിഥികളായിരുന്നു.
ഒന്നിച്ചിരുന്ന് ഓണമുണ്ടാല്‍ തീരുന്ന പ്രശ്നങ്ങളെ നാട്ടിലൂള്ളൂവെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജാതി, മത ചിന്തകള്‍ ഒരിക്കലും സാമൂഹിക ജീവിതത്തിന് വിലങ്ങാകരുതെന്നും ഇത്തരം സദസ്സുകള്‍ വഴി ഐക്യത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും സന്ദേശം ജനങ്ങളിലെത്തിക്കണമെന്നും ഈ കാമ്പയിന്‍ പൂര്‍ത്തിയാകുന്നതോടെ നന്നമ്പ്രയിലെ വിഭാഗീയത ഇല്ലാതാകുമെന്നും സ്വാമി മധുശ്രീ പറഞ്ഞു.

ചടങ്ങില്‍ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന്‍ അധ്യക്ഷത വഹിച്ചു. രാമന്‍ കുട്ടി മാസ്റ്റര്‍, റസാഖ് ഫൈസി കുണ്ടൂര്‍, ടി.കെ കാര്‍ത്തികേയന്‍, മോഹനന്‍ എല്‍.ഐ.സി, വി.ടി ഹമീദ് ഹാജി, തണ്ടശ്ശേരി ഷാജി, തെന്നല പഞ്ചായത്ത് പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍, തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി, തെന്നല ബാങ്ക് പ്രസിഡന്റ് മുക്താര്‍ അരിമ്പ്ര, കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, പി.സി മുഹമ്മദ് ഹാജി, ടി.സി അഹമ്മദ് കുട്ടി ഹാജി, ഷാജഹാന്‍ റഹ്മാനി, സക്കരിയ്യ മറ്റത്ത്, സി അബൂബക്കര്‍ ഹാജി, സി.കെ.എ റസാഖ്, കൊണ്ടാണത്ത് ബീരാന്‍ ഹാജി, കെ.കെ റസാഖ് ഹാജി, പച്ചായി ബാവ, പനയത്തില്‍ മുസ്തഫ, ഗോപി കരുവാരത്തൊടി, പനക്കല്‍ സിദ്ധീഖ്, ലോഹിദാക്ഷന്‍, വി.കെ രായീന്‍ കുട്ടി ഹാജി, പത്തൂര്‍ കുഞ്ഞുട്ടി ഹാജി, മാനു ഹാജി, മതാരി അബ്ദുറഹ്മാന്‍ കുട്ടി ഹാജി, എം.സി കുഞ്ഞുട്ടി, പത്മനാഭന്‍, പനക്കല്‍ മുജീബ്, പൂയിക്കല്‍ സലീം, സി.പി സലാം ഹാജി പ്രസംഗിച്ചു. പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് സ്വാഗതവും സെക്രട്ടറി ഷാഫി യു നന്ദിയും പറഞ്ഞു.

പനയത്തില്‍ മുസ്തഫ, ഊര്‍പ്പായി മുസ്തഫ, ചന്ദ്രന്‍ പണ്ടാരത്തില്‍, ഷമീര്‍ പൊറ്റാണിക്കല്‍, ജാഫര്‍ പനയത്തില്‍, നടുത്തൊടി മുസ്തഫ, കെ.കെ റഹീം, കെ അനസ്, കെ.കെ സാദിഖ്, എം.സി അന്‍വര്‍, കെ മനാഫ്, മുസ്തഫ ചെറുമുക്ക്, ഇ.പി മുജീബ് മാസ്റ്റര്‍, അസ്‌ലം വെള്ളിയാമ്പുറം, വാഹിദ് കരുവാട്ടില്‍, വി.കെ ഉസ്‌യാറലി, അസ്‌ലം മലബാരി, സിറ്റി പാര്‍ക്ക് നൗഷാദ്, നരിമടക്കല്‍ നൗഷാദ്, മുണ്ടഞ്ചേരി വല്‍സന്‍, ജിജേഷ് തട്ടത്തലം എന്നിവര്‍ സൗഹൃദ പൂക്കളത്തിനും സ്‌നേഹ സദ്യക്കും നേതൃത്വം നല്‍കി.

Sharing is caring!