മന്ത്രവാദപൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച ക്ഷേത്രം പൂജാരി അറസ്റ്റില്‍

മന്ത്രവാദപൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച ക്ഷേത്രം പൂജാരി അറസ്റ്റില്‍

പൊന്നാനി: മന്ത്രവാദ പൂജയുടെ മറവില്‍ ദലിത് യുവതിക്ക് നേരെ ലൈംഗിക പീഡനം. യുവതിയുടെ പരാതിയില്‍ ക്ഷേത്രം പൂജാരിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം സ്വദേശിയായ ദളിത് യുവതിയുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ വടക്കേക്കാട് പനന്തറയില്‍ താമസിക്കുന്ന കളത്തിങ്കല്‍ ദിനേശ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരുവര്‍ഷം മുമ്പാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: വിവാഹമോചനം നേടി നടുവട്ടത്തെ സ്വന്തം വീട്ടില്‍ താമസമാക്കിയ യുവതി വടക്കേക്കാട് ദിനേശ് കുമാര്‍ പൂജാരിയായ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയിരുന്നു. യുവതിക്ക് പ്രേതബാധയുണ്ടെന്നും യുവതിയുടെ അസുഖം പൂര്‍ണമായും മാറ്റി തരാമെന്നും വാക്ക് നല്‍കി ഇയാള്‍ നാല് തവണ നടുവട്ടത്തെ യുവതിയുടെ വീട്ടിലെത്തിയിരുന്നു. ഇതില്‍ രണ്ടു തവണ ലൈംഗിക പീഡനവും നടന്നു. എന്നാല്‍ സംഭവം പുറത്തറിഞ്ഞാല്‍ ചികിത്സ ഫലവത്താകില്ലെന്ന് ഇയാള്‍ യുവതിക്ക് മുന്നറിയിപ്പ് നല്‍കയതിനാലാണ് സംഭവം പുറത്ത് വരാന്‍ കാലതാമസം എടുത്തതെന്നു പോലീസ് പറയുന്നു.

പൊന്നാനി സി.ഐ സണ്ണി ചാക്കോ, ചങ്ങരംകുളം എസ്.ഐ.കെ.പി.മനേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഗോപകുമാര്‍ സി.പി.ഒമാരായ രതീഷ്, മഹേഷ് മോഹന്‍, പ്രദീപ് തുടങ്ങിയവരടങ്ങിയ സംഘമാണ് ദിനേശ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. വനിത സി.പി.ഒമാരായ സരിത ഏനമ്മ ജോര്‍ജ് എന്നിവര്‍ ഇരയില്‍ നിന്നും മൊഴിയെടുത്തു. പൊന്നാനി സി.ഐ സണ്ണി ചാക്കോയ്ക്കാണ് അന്വേഷണ ചുമതല.

Sharing is caring!