മുസ്‌ലിംകള്‍ വര്‍ധിച്ചാല്‍ പട്ടിണി ഇല്ലാതാവും – എപി ഉണ്ണികൃഷ്ണന്‍

മുസ്‌ലിംകള്‍ വര്‍ധിച്ചാല്‍ പട്ടിണി ഇല്ലാതാവും – എപി ഉണ്ണികൃഷ്ണന്‍

മലപ്പുറം: മുസ്‌ലിംകളുടെ എണ്ണം കൂടിയാല്‍ നാട്ടില്‍ പട്ടിണിമാറികിട്ടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ എപി ഉണ്ണികൃഷ്ണന്‍. കൈനീട്ടുന്നവനെ മടക്കിയയക്കാത്തവരാണ് മുസ് ലിംകള്‍. അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവന്‍ തന്നില്‍ പെട്ടവനല്ല എന്ന് അനുശാസിക്കുന്ന മതമാണ് ഇസ് ലാം. മുസ്‌ലിംകളുടെ അടുക്കളയില്‍ ചെന്നിരുന്ന് ഭക്ഷണം കഴിക്കാന്‍ ദലിതര്‍ക്ക് കഴിയും. സെന്‍കുമാറിനെപോലുള്ളവരുടെ അടുക്കളയില്‍ ചെന്ന് കയറി ഭക്ഷണം കഴിക്കാന്‍ ദലിതര്‍ക്ക് കഴിയില്ല. ‘ദര്‍ശന ടിവി’ ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. സെന്‍കുമാര്‍ കേരളത്തില്‍ ഡി.ജി.പി യായി സേവനമനുഷ്ടിച്ചത് സംസ്ഥാനത്തിന് ശാപമാണൈന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും നേരെ ക്രൂരമായ പീഡനമാണ് ബി.ജെ.പിയില്‍ നിന്നും ഉണ്ടാവുന്നത്. ദലിതുകളെ അടിച്ചമര്‍ത്തി അടിമകളാക്കി നിര്‍ത്തുകയാണ് അവരുടെ നയം. ദലിതരുടെ തോളില്‍ കൈയ്യിട്ട് നടക്കാന്‍ വൈമനസ്യമില്ലാത്തവരാണ് മുസ് ലിംകള്‍. ദലിതരെ ഭിന്നിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ആദ്യമായാണ് ദലിതുകള്‍ ഇത്രയും പീഡനം നേരിടുന്നത്. ഹിന്ദുക്കളുടെ പേരില്‍ അധികാരത്തിലെത്തിയവരുടെ കാലത്താണ് ഇത് നടക്കുന്നത്. സവര്‍ണരെ മാത്രം സംരക്ഷിക്കുന്ന ബിജെപി നയം ദലിതര്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദലിത് ക്ഷേത്രങ്ങളില്‍ പശുവിനെ വെട്ടുന്ന ചരിത്രമുണ്ട്. കാളയെ വെട്ടുന്ന ക്ഷേത്രങ്ങള്‍ ഇപ്പോഴുമുണ്ട്. തന്റെ അമ്മയെ സ്‌നേഹിക്കുന്ന പോലെ പശുവിനെ സ്‌നേഹിക്കാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം മതസൗഹാര്‍ദത്തില്‍ എന്നും മാതൃകയാണ്. മലപ്പുറത്ത് ഭീതിയോടെ വരുന്ന പല ഉദ്യോഗസ്ഥരും തിരിച്ച് പോകുമ്പോള്‍ കണ്ണീരണിഞ്ഞാണ് പോകാറുള്ളത്. വിരമിച്ച ശേഷം ജില്ലാ വിട്ട് പോകാത്താവരും ട്രാന്‍സഫര്‍ ആയിട്ടും ലീവെടുത്ത് മലപ്പുറത്ത് താമസിക്കുന്നവരും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയെ വെല്ലുന്ന രീതിയിലാണ് പാലക്കാട് ഗോവിന്ദാപുരത്ത് ദലിതുകള്‍ പീഡനം നേരിടുന്നത്. ഉത്തരേന്ത്യയില്‍ ബിജെപിയാണെങ്കില്‍ ഇവിടെ സി.പി.എം ആണ്. ദലിതുകളെ സഹായിക്കാന്‍ സിപിഎ മ്മിന് കഴിയുന്നില്ല. 15 വയസ്സ് മുതല്‍ ഞാന്‍ മുസ്‌ലിം ലീഗിനോടൊപ്പമുണ്ട്. മനുഷ്യരെ ഇത്രയധികം സ്‌നേഹിക്കുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. പാണക്കാട് സന്ദര്‍ശിച്ചപ്പോള്‍ മാറോട് ചേര്‍ത്താണ് ശിഹാബ് തങ്ങള്‍ സ്വീകരിച്ചത്. ഹിന്ദു വിഭാഗത്തില്‍ പെട്ടവര്‍ പോലും തന്നെ അങ്ങനെ കെട്ടിപിടിക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Sharing is caring!