ജിഎസ്ടിയില്‍ ടെക്‌സ്‌റ്റെയില്‍സ് മേഖലയും പ്രതിസന്ധിയില്‍

ജിഎസ്ടിയില്‍ ടെക്‌സ്‌റ്റെയില്‍സ്  മേഖലയും പ്രതിസന്ധിയില്‍

മലപ്പുറം: ജിഎസ്ടി നടപ്പാക്കിയതോടെ ടെക്‌സ്‌റ്റെയില്‍സ് മേഖലയും കടുത്ത പ്രതിസന്ധിയില്‍. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരള ടെക്സ്റ്റയില്‍ ഗാര്‍മെന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാ ഭാരവാഹികള്‍ മലപ്പുറത്തു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയതിലൂടെ കച്ചവടക്കാരെയും പൊതുജനങ്ങളെയും തമ്മിലടിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. വാറ്റ് നികുതിയില്‍ ടെക്സ്റ്റയില്‍ മേഖലയില്‍ രണ്ടു ശതമാനവും ഗാര്‍മെന്റ് മേഖലിയില്‍ അഞ്ച് ശതമാനവും ഉള്ളപ്പോള്‍ ജിഎസ്ടിയില്‍ യഥാക്രമം അഞ്ച് ശതമാനം മുതല്‍ 12 ശതമാനം വരെയാണു നികുതി. നിലവില്‍ സ്‌റ്റോക്കുള്ള വ്യാപാര സ്ഥാപനങ്ങള്‍ വര്‍ധിപ്പിച്ച നികുതി എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നില്‍ക്കുന്ന അവസ്ഥയാണ്. നിരപരാധികളായ ടെക്സ്റ്റയില്‍ വ്യാപാരികളെ പൊതുജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള അനാവശ്യ റെയ്ഡുകളില്‍ ടെക്സ്റ്റയില്‍ അസോസിയേഷന്‍ പ്രതിഷേധിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമായ ടെക്സ്റ്റയില്‍ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നതുപോലെ അനിശ്ചിത കാലത്തേക്ക് കടകള്‍ അടിച്ചിട്ടുകൊണ്ട് ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞി. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ചമയം ബാപ്പു, വൈസ് പ്രസിഡന്റ് സിറാജ് പ്രീതി, മറ്റു ഭാരവാഹികളായ ഷാജി മുസ്തഫ, അഷ്‌റഫ്, അബ്ദുല്‍കലാം, എ വി വിനോദ് പങ്കെടുത്തു.

Sharing is caring!