മലപ്പുറത്ത് സൗജന്യ വൈഫൈ സേവനം അവസാനിക്കുന്നു

സന്തോഷ് ക്രിസ്റ്റി
മലപ്പുറത്ത് സൗജന്യ വൈഫൈ സേവനം അവസാനിക്കുന്നു

മലപ്പുറം: രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗജന്യ വൈഫൈ നഗരമെന്ന പദവിയില്‍ നിന്ന് മലപ്പുറം മുനിസിപ്പാലിറ്റി തലകുനിച്ച് പടിയിറങ്ങാനുള്ള സാഹചര്യമൊരുങ്ങുന്നു. നഗരസഭയ്ക്ക് വൈഫൈ സംവിധാനം ഒരുക്കി കൊടുത്ത റയില്‍ടെല്‍ പണം നല്‍കിയില്ലെങ്കില്‍ സര്‍വീസ് തുടരാനാവില്ലെന്ന് മലപ്പുറം ലൈഫിനെ അറിയിച്ചു. ഇന്ന് നഗരസഭ അധികൃതരുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് റയില്‍ടെല്‍ നിലപാട് വ്യക്തമാക്കിയത്.

1.50 കോടി രൂപയോളം മുനിസിപ്പാലിറ്റി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് റയില്‍ടെല്ലിനു നല്‍കാനുണ്ട്. ആദ്യ ഘട്ടത്തില്‍ നല്‍കിയ അഡ്വാന്‍സ് ഒഴികെ വേറെ തുകയൊന്നും മുനിസിപ്പല്‍ അധികൃതര്‍ നല്‍കിയിട്ടില്ലെന്ന് റയില്‍ടെല്‍ അധികൃതര്‍ അറിയിച്ചു. പദ്ധതിക്കായി നടത്തിയ മുതല്‍ മുടക്കും, ഇതുവരെ ഇന്റര്‍നെറ്റ് സേവനം നല്‍കിയതിനുള്ള തുകയും ലഭിക്കേണ്ടതായുണ്ട്. പലവട്ടം മുനിസിപ്പല്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നേരിട്ടെത്തിയതെന്ന് റയില്‍ടെല്ലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മലപ്പുറം ലൈഫിനോട് പറഞ്ഞു. 200 എം ബി പി എസ് വേഗതയിലാണ് റയില്‍ടെല്‍ വൈഫൈ സേവനം നല്‍കുന്നത്.

കെ പി മുസ്തഫ ചെയര്‍മാനായിരുന്ന കാലത്താണ് ഏറെ കൊട്ടിഘോഷിച്ച പദ്ധതിക്ക് തുടക്കമാകുന്നത്. അന്നത്തെ കൗണ്‍സിലിന്റെ കീഴില്‍ നഗരത്തില്‍ ജീവിക്കുന്ന ഏവര്‍ക്കും സൗജന്യമായി വൈഫൈ സേവനം നല്‍കുകയും ചെയ്തു. പണമേറെ ചെലവഴിച്ച് തുടങ്ങിയ പദ്ധതിക്കെതിരെ അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു. അതിനെയെല്ലാം അവഗണിച്ചാണ് നഗരസഭ പദ്ധതിയുമായി മുന്നോട്ട് പോയത്.

പുതിയ ഭരണ സമിതി നിലവില്‍ വന്നതോടെ പദ്ധതി തുടരുന്നതിലുള്ള അതൃപ്തി വ്യക്തമാക്കിയിരുന്നു. മുനിസിപ്പാലിറ്റി ഫണ്ടില്‍ നിന്നും പണം നല്‍കി സൗജന്യ വൈഫൈ നല്‍കുന്നതിനെതിരെ പല കോണില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

Sharing is caring!