അമ്മമാരെ ആദരിച്ച് താനൂരിലെ ഓണാഘോഷം

അമ്മമാരെ ആദരിച്ച് താനൂരിലെ ഓണാഘോഷം

താനൂര്‍: മൂവായിരം അമ്മമാര്‍ക്ക് ഓണക്കോടി കൈമാറി താനൂര്‍ മണ്ഡലത്തിലെ ഓണാഘോഷം. ഒരാഴ്ച നീണ്ടുനിന്ന ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചു കൊണ്ടാണ് മണ്ഡലത്തിലെ 65 വയസിനു മുകളിലുള്ള സ്ത്രീകളെ ഓണക്കോടി നല്‍കി ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. അമ്മമാര്‍ക്ക് ഓണക്കോടി നല്‍കുന്ന ചടങ്ങ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.

മാതാപിതാക്കളെ സംരക്ഷിക്കാന്‍ തയ്യാറാകാത്ത മക്കളുടെ എണ്ണം കൂടിവരുന്ന ഇക്കാലത്ത് ഇത് മാതൃകാപരമായ ചടങ്ങാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.

താനൂര്‍ എം എല്‍ എ വി അബ്ദുറഹ്മാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇവിടെ കൂടിയിരിക്കുന്ന അമ്മമാരുടെ സന്തോഷം മറ്റേത് നേട്ടത്തേക്കാളും വലുതാണെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ധക്യത്തിന്റെ വേദനയിലൂടെ കടന്നു പോകുന്ന പലര്‍ക്കും ഇത്തരം ആഘോഷങ്ങള്‍ വിലമതിക്കാനാവാത്ത സന്തോഷമാണ് നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി അബ്ദുറഹ്മാന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ‘എന്റെ താനൂരും’ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ‘സ്‌നേഹപൂര്‍വ്വം ഓണം-പെരുന്നാള്‍ ആഘോഷങ്ങളുടെ അവസാന ദിനമായ ഇന്നലെയാണ് മണ്ഡലത്തിലെ മുതിര്‍ന്ന സ്ത്രീകളെ ആദരിച്ചത്. 101 വയസുള്ള ആച്ച എന്ന സ്ത്രീ മുതല്‍ 65 വയസുവരെയുള്ള മണ്ഡലത്തിലെ ഏകദേശം മൂവായിരത്തോളം പേരെ ഓണക്കോടിയും, സാരിയും നല്‍കി ആദരിച്ചു. വിവിധ ജാതി-മത വിഭാഗങ്ങളില്‍ പെട്ടവര്‍ ചടങ്ങിനെത്തിയിരുന്നു. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി അബ്ദുറസാഖ് ചടങ്ങില്‍ സംബന്ധിച്ചു.

സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിലാണ് താനൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുള്ള 65 വയസിനു മുകളിലുള്ള സ്ത്രീകളെ കണ്ടെത്തിയത്. ഇവര്‍ക്ക് പുത്തന്‍തെരുവിലെ വേദിയിലേക്ക് വരുവാനും, തിരിച്ചു പോകുവാനുമുള്ള സൗകര്യവും സംഘാടകര്‍ ഒരുക്കിയിരുന്നു. ചടങ്ങിനു ശേഷം 8,000 പേര്‍ക്കോളം ഓണസദ്യയും സംഘാടകര്‍ ഒരുക്കിയിരുന്നു.

കേരളീയരുടെ തനതായ ഓണക്കാല പരിപാടികള്‍ കോര്‍ത്തിണക്കിയാണ് താനൂര്‍ മണ്ഡലത്തില്‍ ഓണപരിപാടികള്‍ സംഘടിപ്പിച്ചത്. ഞാറ് നടീല്‍, ഓണപ്പന്ത് കളി, ജലോല്‍സവം, കാര്‍ഷികോല്‍സവം, ഓണക്കളി എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. പെരുന്നാളാഘോഷത്തിന്റെ ഭാഗമായി മൈലാഞ്ചിയിടല്‍ മല്‍സരവും നടന്നു. ഓണചന്തയും ആഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു.

Sharing is caring!