പ്രവാചകനിന്ദ; മാതൃഭൂമിക്കെതിരെ പ്രതിഷേധം

പ്രവാചകനിന്ദ; മാതൃഭൂമിക്കെതിരെ പ്രതിഷേധം

മലപ്പുറം: പ്രവാചകനെ നിന്ദിക്കുന്ന വിധത്തിലുള്ള ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിനെതിരെ വ്യാപക പ്രതിഷേധം.  പത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി വിവിധ മുസ്ലിം സംഘടനകളും, വ്യക്തികളും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

മാര്‍ച്ച് 9ന് കോഴിക്കോട് മാതൃഭൂമി നഗരം പേജിലാണ് വിവാദമായ ലേഖനം പ്രസിദ്ധീകരിച്ചത്.  ജസ്റ്റിസ് കമാല്‍ പാഷയുടെ വിവാദ പ്രസംഗത്തിന്റെ ഫേസ്ബുക്ക് പ്രതികരണങ്ങള്‍ എന്ന പേരിലാണ് തീര്‍ത്തും ഇസ്ലാമിക വിരുദ്ധമായ ലേഖനം അച്ചടിച്ചു വന്നത്.  പ്രവാചകനെ നീചമായി അവഹേളിക്കുന്ന വിധത്തിലാണ് ലേഖനം.  എന്നാല്‍ ലേഖനം തയ്യാറാക്കിയതാരെന്ന് പത്രം പറയുന്നില്ല.

വിവിധ മുസ്ലിം സംഘടനകള്‍ രൂക്ഷമായ ഭാഷയിലാണ് പത്രത്തിനെതിരെ രംഗതെത്തിയത്. മാതൃഭൂമി പത്രം ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രചാരണം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.  വിവിധ മുസ്ലിം സംഘടനകളുടെ ഫേസ്ബുക്ക് പേജുകള്‍ ഇത്തരം പ്രചരണം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.  അതേസമയം ഒരു സംഘടന പത്രത്തിന്റെ കോപ്പികള്‍ കത്തിച്ചുകൊണ്ടാണ് പ്രതിഷേധം അറിയിച്ചത്.  വിവിധ സംഘടനകള്‍ വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം പ്രവാചകനെ അവഹേളിച്ച് ലേഖനം പ്രസിദ്ധീകരിച്ചതില്‍ മാതൃഭൂമി തങ്ങളുടെ ചാനലിലൂടെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.  ഫേസ്ബുക്കില്‍ വന്ന പോസ്റ്റ് ആണ് പത്രത്തില്‍ നല്‍കിയതെന്നും അതില്‍ നിര്‍വാജ്യം ഖേദിക്കുന്നുവെന്നും മാതൃഭൂമി അറിയിച്ചു.

Sharing is caring!