വട്ടംകുളം മികച്ച ജൈവപഞ്ചായത്ത്

വട്ടംകുളം മികച്ച ജൈവപഞ്ചായത്ത്

മലപ്പുറം: വട്ടംകുളം ഗ്രാമപഞ്ചായത്തിനെ മലപ്പുറം ജില്ലയിലെ മികച്ച ജൈവ പഞ്ചായത്തായി തിരഞ്ഞെടുത്തു.  സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനം എന്ന ലക്ഷ്യത്തോടനുബന്ധിച്ചാണ് ഓരോ ജില്ലയിലേയും മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തിനെ തിരഞ്ഞെടുക്കുന്നത്.  പഞ്ചായത്തിന് മൂന്നു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ കരുളായി, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളുടെ ശക്തമായ മല്‍സരം അതിജീവിച്ചാണ് വട്ടംകുളം ഒന്നാ സ്ഥാനം കരസ്ഥമാക്കിയതെന്ന് കൃഷി ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍ പറഞ്ഞു.  മൂന്നു വര്‍ഷം മുമ്പാണ് വട്ടംകുളം സമ്പൂര്‍ണ ജൈവപഞ്ചായത്തായി മാറാനുള്ള ശ്രമം ആരംഭിച്ചത്.  കര്‍ഷകര്‍ക്കുള്ള ബോധവല്‍ക്കരണം, ജൈവ വളം, ജൈവ കീടനാശിനി തുടങ്ങിയവയുടെ ഉല്‍പാദനവും, പ്രചരണവും തുടങ്ങി ജൈവകൃഷി ഊര്‍ജിതമാക്കുന്നതിനുള്ള വിവിധ പദ്ധതികളും പഞ്ചായത്ത് വിഭാവനം ചെയ്തു.

ഈ പ്രവര്‍ത്തനങ്ങളിലെ മികവ് കണക്കിലെടുത്താണ് വട്ടംകുളം ഗ്രാമപഞ്ചായത്തിന് അവാര്‍ഡ് നല്‍കുന്നതെന്ന് കൃഷി ഓഫിസര്‍ പി എം ജോഷി പറഞ്ഞു.  സോഷ്യല്‍ മീഡിയ ഉപയോഗിച്ചും ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു.  സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ കര്‍ഷകനായി വട്ടംകുളത്തെ ചന്ദ്രന്‍ മാസ്റ്ററെ തിരഞ്ഞെടുത്തിരുന്നു.

Sharing is caring!