പ്രശ്‌നങ്ങൾ വിലയിരുത്തിയും രോഗികളോട് സംവദിച്ചും ആരോഗ്യമന്ത്രിയുടെ ആശുപത്രി സന്ദർശനം

പ്രശ്‌നങ്ങൾ വിലയിരുത്തിയും രോഗികളോട് സംവദിച്ചും ആരോഗ്യമന്ത്രിയുടെ ആശുപത്രി സന്ദർശനം

മലപ്പുറം: ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളും പ്രശ്‌നങ്ങളും വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നേരിട്ടെത്തി. ആശുപത്രി ജീവനക്കാരോടും രോഗികളോടും ജനപ്രതിനിധികളോടും സംസാരിച്ചും ആശുപത്രിയിലെ സൗകര്യങ്ങൾ നേരിട്ട് പരിശോധിച്ചും മന്ത്രി പ്രശ്‌നങ്ങൾ വിലയിരുത്തി. വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അടുത്തയാഴ്ച ജനപ്രതിനികളുടെ യോഗം ചേരും. മുഖ്യമന്ത്രിയുമായുള്ള അവലോകനയോഗത്തിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
രാവിലെ എട്ടുമണിയോടെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് സന്ദർശനം തുടങ്ങിയ മന്ത്രി ഡോക്ടർമാരും രോഗികളും നാട്ടുകാരുമായി നേരിട്ട് സംവദിക്കുകയും ആശുപത്രിയിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പരിസരവാസികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ടി.വി ഇബ്രാഹിം എംഎൽഎ, നഗരസഭ ചെയർപെഴ്‌സൺ സി.ടി ഫാത്തിമത്ത് സുഹറാബി, മറ്റ് ജനപ്രതിനിധികൾ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു.

അരീക്കോട് താലൂക്ക് ആശുപത്രിയിൽ മുഴുവൻ സമയ അത്യാഹിത വിഭാഗം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തും. ഗൈനക്കോളജി വിഭാഗവും ഡയാലിസിസ് സെന്ററും ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഡയാലിസിസ് സെന്റർ മുതൽ സ്‌പെഷ്യാലിറ്റി സേവനങ്ങൾ വരെ ആരംഭിക്കേണ്ടത് താലൂക്ക് ആശുപത്രിയിൽ നിന്നാണെന്ന് മന്ത്രി പറഞ്ഞു. പി.കെ ബഷീർ എം.എൽ.എ , അരീക്കോട് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.അബൂബക്കർ നാലകത്ത് തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ നിർമ്മാണം നടക്കുന്ന മാതൃശിശു ബ്ലോക്ക് മന്ത്രി സന്ദർശിച്ചു. വാർഡുകളിൽ സന്ദർശനം നടത്തിയ മന്ത്രി രോഗികളോട് ചികിത്സാവിവരങ്ങൾ ചോദിച്ചറിഞ്ഞു. പി.വി അൻവർ എം.എൽ.എ, നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തിയ മന്ത്രി ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അറിയിച്ചു. ഒ.പി യുടെ പ്രവർത്തന സമയം കൃത്യമായി പാലിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആശുപത്രിയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. ജനപ്രതിനിധികൾ, ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ, രോഗികൾ എന്നിവരോട് അഭിപ്രായങ്ങൾ ആരാഞ്ഞു. എ.പി അനിൽകുമാർ എം.എൽ.എ, വണ്ടൂർ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ഉമ്മർ പള്ളിയാലിൽ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ മാതൃശിശു വിഭാഗം പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കെട്ടിടത്തിന് പൂർണ തോതിലുള്ള പ്രവർത്തനാനുമതി ലഭിക്കാൻ ഫയർ ആന്റ് സേഫ്റ്റി വിഭാഗത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും. മെഡിക്കൽ സൂപ്രണ്ടിന്റെ ഒഴിവ് നികത്താനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും ഉടൻ നിയമനം ഉണ്ടാവുമെന്നും മന്ത്രി ജനപ്രതിനിധികൾക്ക് ഉറപ്പുനൽകി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഐ.സി.യു ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങൾ മന്ത്രി നേരിൽ കണ്ടു. രോഗികളുടെ പരാതികൾ കേൾക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രി പ്രവർത്തനങ്ങളിൽ കൃത്യനിഷ്ഠത വേണമെന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് മന്ത്രി ജീവനക്കാർക്ക് നിർദ്ദേശം നൽകി. നജീബ് കാന്തപുരം എം.എൽ.എ, പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ സി.ബിന്ദു എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മലപ്പുറം താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മലപ്പുറം താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് സ്ഥാപിക്കുക, വെന്റിലേറ്റർ സൗകര്യത്തിനനുസരിച്ച് ഡോക്ടർമാരെയും സ്റ്റാഫ് നേഴ്‌സുമാരെ നിയമിക്കുക, താലൂക്ക് ആശുപത്രി അപ്‌ഗ്രേഡ് ചെയ്ത് സൂപ്പർ സ്‌പെഷാലിറ്റി ജനറൽആശുപത്രിയാക്കി ഉയർത്തുക, ഫോറൻസിക് സർജൻ തസ്തിക സൃഷ്ടിക്കുക, ഡയാലിസിസ് യൂണിറ്റിനുള്ള അനുമതി, പി എച്ച് ലാബിന് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാനുള്ള സ്ഥലം അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പി. ഉബൈദുല്ല എം.എൽ.എ മന്ത്രിക്ക് നിവേദനം നൽകിയത്. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, വാർഡ് കൗൺസിലർ സുരേഷ് മാസ്റ്റർ, മലപ്പുറം താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. അജേഷ് കുമാർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, മെഡിക്കൽ ഓഫീസർ ഡോ. അലിയാമ്മു എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 17.85 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ ദിവസം ലഭ്യമാക്കിയിരുന്നു. തുടർന്ന് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും മന്ത്രി സന്ദർശനം നടത്തി. പി. നന്ദകുമാർ എം.എൽ.എ, നഗരസഭ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം, മെഡിക്കൽ ഓഫീസർ ഡോ. ആശ എന്നിവർ മന്ത്രിയെ സ്വീകരിച്ചു. തിരൂർ ജില്ലാ ആശുപത്രിയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, നഗരസഭ അധ്യക്ഷ എ.പി. നസീമ, മെഡിക്കൽ സൂപ്രണ്ട് ഡോ. അലിഖർ ബാബു എന്നിവരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കെ.പി.എ മജീദ് എം.എൽ.എ, നഗരസഭ അധ്യക്ഷൻ കെ.പി മുഹമ്മദ് കുട്ടി, മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രഭുദാസ് എന്നിവരും മന്ത്രിയെ സ്വീകരിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രം മാനേജർ ഡോ.സി.എൻ അനൂപ് , ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Sharing is caring!