ഗോള്‍ പദ്ധതിയുടെ പരിശീലനങ്ങള്‍ക്ക് തുടക്കമായി

ഗോള്‍ പദ്ധതിയുടെ പരിശീലനങ്ങള്‍ക്ക് തുടക്കമായി

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ സ്പോര്‍ട്സ് യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ഗോള്‍’ ഗ്രാസ് റൂട്ട് ഫുട്ബോള്‍ പരിശീലന പദ്ധതിയുടെ കോച്ചുമാര്‍ക്കുള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പരിശീലകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരീശലനം ഒരുക്കിയത്. പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം സൂര്യ റീജന്‍സിയില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായ യു. ഷറഫലി നിര്‍വഹിച്ചു. ചടങ്ങില്‍ മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍ പ്രസംഗിച്ചു.

സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ ഫുട്‌ബോളില്‍ ശാസ്ത്രീയ പരിശീലനം നല്‍കുക എന്നതാണ് ഗോള്‍ പദ്ധതിയുടെ ലക്ഷ്യം. അഞ്ച് വര്‍ഷം അഞ്ചു ലക്ഷം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. ആദ്യഘട്ടം 1000 കേന്ദ്രങ്ങളിലായി ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി. രണ്ടാം ഘട്ടത്തില്‍, വിദഗ്ധ പരിശീലനത്തിന് 140 നിയോജകമണ്ഡലങ്ങളില്‍ ഓരോ കേന്ദ്രം വീതം ആരംഭിച്ചു. 10 നും 12 നും ഇടയില്‍ പ്രായമുള്ള തെരഞ്ഞെടുത്ത 30 കുട്ടികള്‍ക്ക് വീതം ഓരോ കേന്ദ്രത്തിലും പരിശീലനം നല്‍കും. പരിശീലന ഉപകരണങ്ങള്‍, രണ്ടു വീതം പരിശീലകര്‍, സ്പോര്‍ട്സ് കിറ്റ് എന്നിവ ലഭ്യമാക്കും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പഠനസമയത്തെ ബാധിക്കാത്ത രീതിയില്‍ ആഴ്ചയില്‍ ഒന്നര മണിക്കൂര്‍ വീതമുളള രണ്ട് സെഷനായാണ് പരിശീലനം. ഓരോ മേഖലയിലും ലഭ്യമായ ഏറ്റവും മികച്ച പരിശീലകനെയാണ് ഗോള്‍ പദ്ധതിക്കായി നിയമിക്കുന്നത്. കൂടാതെ ഓരോ കേന്ദ്രത്തിലും മുന്‍കാല സന്തോഷ് ട്രോഫി താരങ്ങളുടെ മേല്‍നോട്ടവും പരിശീലന പിന്തുണയും ഉറപ്പാക്കും. തീവ്ര പരിശീലന പദ്ധതിയില്‍ കഴിവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് ഉന്നത പരിശീലനവും കൂടുതല്‍ മികച്ച മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരവും നല്‍കും.

Sharing is caring!