യുവ ശാസ്ത്രജ്ഞന്‍ അനുഗ്രഹം തേടി പാണക്കാട്ടെത്തി

യുവ ശാസ്ത്രജ്ഞന്‍  അനുഗ്രഹം തേടി  പാണക്കാട്ടെത്തി

പാണക്കാട് : കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഇന്റര്‍നാഷണല്‍ ഫോട്ടോണിക്‌സ് ഡിപ്പാര്‍ട്ട് മെന്റില്‍ നിന്നും ഒപ്റ്റിക്കല്‍ ഫൈബര്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് ലേസര്‍ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഊരോത്തൊടി റസൂല്‍ സലീം, മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ,തായ് വാനിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും സ്‌കോളര്‍ഷിപ്പോടെ റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിച്ചു.

കൂടാതെ തിരുവനന്തപുരം ഐസറിലും ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റിയിലും ലേസര്‍ സയന്‍സ് വിഷയത്തില്‍ ഉപരിപഠനം നടത്തി . വിവിധ രാജ്യങ്ങള്‍ യുവശാസ്ത്രജ്ഞന്മാര്‍ക്കായി നടത്തിയ ഇന്റര്‍വ്യൂവില്‍ മിടുക്കരായ ഗവേഷകരെ പിന്തള്ളിയാണ് നിരവധി ലേസറുകളുടെ നിര്‍മ്മാണ ആപ്ലിക്കേഷന്‍ ഗവേഷണങ്ങളില്‍ വൈദഗ്ധ്യമുള്ള ഈ യുവാവ് യൂറോപ്പിലെ ശാസ്ത്രജ്ഞരുടെ ഏറ്റവും വലിയ ഗവേഷണ ഗ്രൂപ്പായ സി.എന്‍. ആര്‍.എസ്. എന്‍സാറ്റ് ഫോട്ടോണിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

എല്ലാ ആനുകൂല്യങ്ങള്‍ക്കും പുറമെ അരക്കോടി രൂപയുടെ സ്‌കോളര്‍ഷിപ്പും ഡോക്ടറേറ്റുമാണ് ഫ്രഞ്ച് ഗവണ്‍മെന്റ് ഓഫര്‍ ചെയ്തിരിക്കുന്നത് . ഉപരിപഠനത്തിനായി ഫ്രാന്‍ നസിലേക്ക് പോകുന്നതിനു മുന്‍പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അനുഗ്രഹം തേടിയാണ് പാണക്കാട്ട് എത്തിയത്. മലപ്പുറം ജില്ലയില്‍ കുറുവ പഞ്ചായത്തിലെ ചെറുകുളമ്പില്‍ താമസിക്കുന്ന യു. കുഞ്ഞിമുഹമ്മദിന്റെയും (വള്ളുവനാട് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ , സ്വതന്ത്ര കക്ഷക സംഘം ജില്ലാ സെക്രട്ടറി) എം.ആര്‍.എല്‍ .പി സ്‌കൂള്‍ പ്രധാനധ്യാപിക സഫിയ ടീച്ചറുടേയും മകനാണ്. ഐ.ഐ.ടി ബിരുദധാരിയായ ഏക സഹോദരന്‍ അസ്‌കര്‍ ബാബു . കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐ.ഐ.എം) ഉപരിപഠനം നടത്തുന്നു. ചെറുകുളമ്പ് കെ.എസ്.കെ.എം യു പി , ഐ.കെ.ടി.എച്ച്.എസ്.എസ് ,മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ നിന്നാണ് റസൂല്‍ സലീം സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. പാണക്കാട്ട് വെച്ച് നടന്ന ചടങ്ങില്‍ വെച്ച് യൂറോപ്പിലേക്കുള്ള ടിക്കറ്റും പാസ്‌പോര്‍ട്ടും സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറി.

ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി., ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി., ദേശീയ വൈസ് പ്രസിഡന്റ് എം.പി.അബ്ദുസ്സമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, കെ.വി.കെ.ഹാഷിം തങ്ങള്‍, സി.എച്ച്.മുസ്തഫ, പി.മുഹമ്മദ് കുട്ടി മാസ്റ്റര്‍, എ.മുഹമ്മദ്, പി.ഹംസ എന്നിവര്‍ സംബന്ധിച്ചു. റസൂല്‍ സലീം ഇന്ന് ഉച്ചക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും പാരീസിലേക്ക് യാത്ര തിരിക്കും.

Sharing is caring!