അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്ക് വാട്ടര്‍ബോംബ്

അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്ക് വാട്ടര്‍ബോംബ്

മലപ്പുറം: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്ക് വാട്ടര്‍ബോംബിന് സമാനമായ ദുരന്തഭീതി ഉയര്‍ത്തുന്നു. കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലമലയില്‍ 4 ലിറ്റര്‍ വെള്ളം സംഭരിച്ച തടയണയാണ് 14 ജീവന്‍ കവര്‍ന്ന ഉരുള്‍പൊട്ടലിന് ഇടയാക്കിയത്. കട്ടിപ്പാറ ദുരന്ത പശ്ചാത്തലത്തില്‍ കക്കാടംപൊയില്‍ മലയുടെ വശം ഇടിച്ച് 40 ഡിഗ്രി ചെരുവില്‍ പാറക്കെട്ടില്‍ സംഭരിച്ച 10.61 ലക്ഷം ലിറ്റര്‍ വെള്ളം ഉയര്‍ത്തുന്ന ദുരന്തഭീതി ആശങ്കപ്പെടുത്തുന്നതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിലും ഹൈക്കോടതിയിലും പി.വി അന്‍വര്‍ നല്‍കിയ രേഖയിലാണ് പാര്‍ക്കില്‍ 16 കുളങ്ങളിലായി 10,61378 ലിറ്റര്‍ വെള്ളം സംഭരിച്ചതായി വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇവിടെ 20 ലക്ഷം ലിറ്ററിലേറെ ജലം സംഭരിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടുന്നത്.
20ഡിഗ്രി ചെരുവില്‍ മഴക്കുഴിപോലും പാടില്ലെന്നാണ് സെന്‍ട്രല്‍ എര്‍ത്ത് സയന്‍സ് പഠനത്തില്‍ നല്‍കുന്ന മുന്നറിയിപ്പ്. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയില്‍ കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനില്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഹൈ, മീഡിയം ഹസാര്‍ഡ് സൊണേഷനിലാണ് രേഖപ്പെടുത്തിയത്. സമുദ്ര നിരപ്പില്‍ നിന്നും 2800അടി ഉയരത്തിലുള്ള ഇവിടെ ഇടിമിന്നല്‍ സാധ്യതാ പ്രദേശവും വരള്‍ച്ചാ ബാധ്യത പ്രദേശവുമാണ്. ദുരന്തസാധ്യതാ പ്രദേശത്ത് മലയിടിച്ച് നിര്‍മിച്ച പാര്‍ക്ക് നിയമപ്രകാരം പൊളിച്ചുനീക്കേണ്ടതാണ്. എന്നാല്‍ കോഴിക്കോട് കലക്ടര്‍ അക്ഷാംശ രേഖാംശങ്ങള്‍ പരിശോധിച്ച് പാര്‍ക്ക് ദുരന്തസാധ്യതാ പ്രദേശത്തല്ലെന്നാണ് റവന്യൂ സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കിയത്. കലക്ടര്‍ ദുരന്തസാധ്യതാ പ്രദേശത്തല്ലെന്നു പറഞ്ഞ പാര്‍ക്കിലാണ് കനത്ത മഴയില്‍ രണ്ടിടത്ത് ഒരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. പാര്‍ക്കിന്റെ കുളങ്ങളില്‍ 50 മീറ്റര്‍ നീളത്തില്‍ വിള്ളലും കണ്ടെത്തി. പാര്‍ക്കിലെ പ്രധാന കുളത്തിനു 30 മീറ്റര്‍ താഴെ നിന്നും 200മീറ്റര്‍ താഴ്ചയിലേക്ക് 20 മീറ്റര്‍ വ്യാസത്തില്‍ ഉരുള്‍പൊട്ടലില്‍ പാറയും മരങ്ങളുമടക്കം താഴെ പാര്‍ക്കിലേക്ക് വെള്ളമെടുക്കുന്ന കുളത്തില്‍ പതിച്ചിരുന്നു. പാര്‍ക്കിലെ ജനറേറ്റര്‍ കെട്ടിടത്തില്‍ നിന്നും ഏഴു മീറ്റര്‍ താഴെ 160 മീറ്ററോളം ദൂരത്തില്‍ വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായി. താഴെയുണ്ടായിരുന്ന മണ്‍റോഡ് പിളര്‍ന്ന് മലവെള്ള പാച്ചിലുണ്ടായി. വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ക്കിന് സ്‌റ്റോപ് മെമ്മോ നല്‍കിയെങ്കിലും ഇവിടുത്തെ ദുരന്തസാധ്യതയും ഉരുള്‍പൊട്ടല്‍ ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ചും ഇതുവരെ ഒരു പരിശോധനപോലും കോഴിക്കോട് ജില്ലാ ദുന്തനിവാരണ വിഭാഗം നടത്തിയിട്ടില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
ജില്ലാ ജിയോളജിസ്റ്റിനെയും സി.ഡബ്യൂ.ആര്‍.ഡി.എം (സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് )ശാസ്ത്രജ്ഞനെയും പരിശോധനക്കു നിയോഗിച്ചെങ്കിലും ഇരുവരും ഇതുവരെ പരിശോധനപോലും നടത്തിയിട്ടില്ല. ഉരുള്‍പൊട്ടലിന്റെ ആഘാതവും ദുരന്തസാധ്യതയും പരിശോധിക്കാനുള്ള സാങ്കേതിക പരിജ്ഞാനം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കും സെന്‍ട്രല്‍ എര്‍ത്ത് സയന്‍സിനുമാണുള്ളത്. ഇവരുടെ സഹായം തേടാതെ ജില്ലാ ഭരണകൂടം ദുരന്തഭീതി മറച്ചുവെക്കുകയാണ്.

Sharing is caring!