മലപ്പുറം എടക്കരയില്‍ കാട്ടുപന്നിക്കൂട്ടം കൂട് തകര്‍ത്ത് 50 കോഴികളെ കൊന്നു

മലപ്പുറം എടക്കരയില്‍ കാട്ടുപന്നിക്കൂട്ടം കൂട് തകര്‍ത്ത് 50 കോഴികളെ കൊന്നു

മലപ്പുറം: മലപ്പുറം എടക്കരയില്‍ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കോഴികള്‍ ചത്തൊടുങ്ങി. എടക്കര ഇല്ലിക്കാട്ട് കാഞ്ഞിരത്തിനാല്‍ രാജേഷ്, ലീന എന്നിവരുടെ കൂട്ടില്‍ വളര്‍ത്തിയ 50 കോഴികളെയാണ് പന്നിക്കൂട്ടം കൊന്നത്. രാത്രിയാണ് സംഭവം. ഇവര്‍ ഉപജീവനത്തിനായി വളര്‍ത്തിയ കോഴികളാണ് ഇവ. കൂട് തകര്‍ത്താണ് പന്നിക്കൂട്ടം കോഴികളെ കൊന്നത്.

കോഴിയും കൂടും നഷ്ടപ്പെട്ടതോടെ ഈ കുടുംബത്തിന്റെ വരുമാനമാര്‍ഗം ഇല്ലാതായി. വനത്തില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണിവിടം. കരിയംമുരിയം വനത്തില്‍നിന്നുള്ള പന്നികളാണ് ഇവിടേക്കെത്തുന്നത്. വളര്‍ത്തുമൃഗങ്ങളെ പന്നിക്കൂട്ടങ്ങള്‍ ആക്രമിക്കുന്നത് വനാതിര്‍ത്തിപ്രദേശങ്ങളില്‍ പതിവാണ്.

വന്യമൃഗശല്യംമൂലം കൃഷി അസാധ്യമായ കര്‍ഷകരാണ് കോഴിക്കൃഷിയിലേക്ക് തിരിയുന്നത്. കാട്ടുപന്നികളെ കൊല്ലാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍.

അതേസമയം, എടവണ്ണ പത്തപ്പിരിയം മേഖലയില്‍ കുരങ്ങുകള്‍ കൃഷി നശിപ്പിക്കുന്നത് പതിവായി. വിവിധ പ്രദേശങ്ങളില്‍ ഇവ കൂട്ടത്തോടെ ഇറങ്ങി നാശംവിതയ്ക്കുകയാണ്.

പുലര്‍ച്ചെ ചേന്നായ്ക്കുന്നില്‍ ചില വീട്ടുമുറ്റങ്ങളിലായിരുന്നു പരാക്രമം. ജാമിഅ നദ്വിയ്യ കോളേജ് ജീവനക്കാരന്‍ അബ്ദുല്‍ അസീസ് ഉമരിയുടെ വീട്ടുമുറ്റത്തെ പ്ലാവിലെ ചക്കകള്‍ നശിപ്പിച്ചു.

വാനരസംഘം തെങ്ങുകളില്‍ കയറി തേങ്ങ നശിപ്പിക്കുന്നു. തേങ്ങയും ചക്കയുമൊക്കെ ഇവ പറിച്ച് താഴേക്കിടുന്ന പ്രവണത ഏറിയെന്നും വീട്ടുപരിസരങ്ങളിലെ പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള കൃഷിക്കും ഭീഷണിയായെന്നും നാട്ടുകാര്‍ പറയുന്നു.

അടുത്തെങ്ങും വനമേഖലയില്ലാത്ത പ്രദേശമാണിത്. വാനരപ്പടയെ കാടുകയറ്റാന്‍ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Sharing is caring!