അമ്പല പുനരുദ്ധാരണത്തിന് പണം നൽകിയ മുസ്ലിം സമുദായത്തോടുള്ള ആദരസൂചകമായി വെട്ടിച്ചിറയിലെ ക്ഷേത്ര കമ്മിറ്റിയുടെ ഇഫ്താർ

അമ്പല പുനരുദ്ധാരണത്തിന് പണം നൽകിയ മുസ്ലിം സമുദായത്തോടുള്ള ആദരസൂചകമായി വെട്ടിച്ചിറയിലെ ക്ഷേത്ര കമ്മിറ്റിയുടെ ഇഫ്താർ

വളാഞ്ചേരി: ക്ഷേത്രം പുനഃപ്രതിഷ്ഠക്ക് കൈ നിറയെ പണം നൽകി സഹായിച്ച മുസ്ലിം സഹോദരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കിയൊരു ക്ഷേത്രം. കാല്‍ലക്ഷം രൂപ മുതല്‍ 100 രൂപവരെ നല്‍കി കൂടെ നിന്ന പ്രദേശത്തെ മുസ്‌ലിം സഹോദരങ്ങള്‍ക്ക് ക്ഷേത്രം പുനഃപ്രതിഷ്ഠാ വാര്‍ഷിക ദിനത്തിലാണ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ ഇഫ്താര്‍ സംഗമം നടത്തിയത്. മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂര്‍ത്തി വിഷ്ണു ക്ഷേത്ര ഭാരവാഹികളാണു പ്രദേശത്തെ മുസ്‌ലിംസഹോദരങ്ങള്‍ക്കായി ഇഫ്താര്‍ സംഗമം നടത്തിയത്.

ക്ഷേത്രത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി തുടര്‍ന്നു വരുന്ന മതസാഹോദ്യപെരുമയാണു ഇക്കുറിയും മുടക്കമില്ലാതെ നടന്നത്. 2017ൽ ക്ഷേത്രം പുനഃപ്രതിഷ്ഠ നടത്തുന്ന സമയത്താണ് സാമ്പത്തികമായും ഭൗതികമായും പ്രദേശത്തെ മുസ്‌ലിം സഹോദരങ്ങള്‍ സഹായിച്ചത്. മുസ്‌ലിം ഭൂരിപക്ഷമുള്ള ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള പുന്നത്തലയിലെ ഈ ക്ഷേത്രം അന്യാധീനപ്പെട്ടു കിടക്കുകയായിരുന്നു. തുടര്‍ന്നു 2016ല്‍ കമ്മിറ്റിയുണ്ടാക്കിയാണു പുനരുദ്ധാരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഹൈന്ദവ കുടുംബങ്ങളായിരുന്ന പ്രദേശത്തെ ഭൂരിഭാഗവും.
ലോറിയിൽ നിന്നും ​ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം, വളാഞ്ചേരിയിൽ തൊഴിലാളി മരണപ്പെട്ടു
പുനഃപ്രതിഷ്ഠക്കു 15ലക്ഷത്തോളം രൂപയോളം ചെലവ് വരുമെന്നു മനസ്സിലാക്കിയതോടെയാണു വിവരം അറിഞ്ഞ് മുസ്ലിംസഹോദരങ്ങള്‍ സ്വമേധയാ മുന്നോട്ടുവന്നു സഹായങ്ങളായി മാറിയത്. ഒന്നോ രണ്ടോ വ്യക്തികളല്ല സഹായങ്ങളായി മാറിയത്. പ്രദേശത്തെ ഭൂരിഭാഗം മുസ്ലിംസഹോദരങ്ങളും ഓരോരുത്തരാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കി. പുനഃപ്രതിഷ്ഠക്കു ഒരു വ്യക്തിയില്‍നിന്നും ലഭിച്ച ഏറ്റവും വലിയ തുകയും പ്രദേശത്തെ പ്രവാസിയായ മുസ്‌ലിംസഹോദരന്‍ നല്‍കിയതായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പുനഃപ്രതിഷ്ഠയുടെ ആദ്യ വാർഷിക ദിനം വന്നത് റമദാനിലായിരുന്നു. ഇതോടെയാണ് തങ്ങളെ സഹായിച്ചവരെ പരിഗണിക്കാനായി 2017ല്‍ ആദ്യമായി ഇഫ്താര്‍ സംഗമം നടത്തിയത്. തുടര്‍ന്നു 2018ലും 19ലും സമാനമായി ഇഫ്താര്‍ നടത്തി. 2020ലും 21ലും കോവിഡ് കാരണം ചടങ്ങ് നടത്തിയില്ല. തുടര്‍ന്നും സമാനമായ എല്ലാ റമദാനിലും ക്ഷേത്രം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ നടത്തിവരുന്നു. വെജിറ്റബിള്‍ ബിരിയാണിയും, ജ്യൂസും, ഫ്രൂട്‌സുമെല്ലാം കഴിച്ച് മനം നിറഞ്ഞാണു ഇഫ്താര്‍ കഴിഞ്ഞു നാട്ടുകാരെല്ലം മടങ്ങിയത്. എല്ലാ മതസ്തരും അടങ്ങിയതാണു ഇവിടുത്തെ ക്ഷേത്ര കമ്മിറ്റി എന്നതും മറ്റൊരു പ്രത്യേകതയാണ്.

Sharing is caring!