മുസ്ലിം ലീ​ഗ് പ്ലാറ്റിനം ജൂബിലി ആഘോഷം ദേശീയ തലത്തിൽ ശ്രദ്ധേയമാക്കാൻ മുസ്ലിം ലീ​ഗ്

മുസ്ലിം ലീ​ഗ് പ്ലാറ്റിനം ജൂബിലി ആഘോഷം ദേശീയ തലത്തിൽ ശ്രദ്ധേയമാക്കാൻ മുസ്ലിം ലീ​ഗ്

മലപ്പുറം: മുസ്ലിം ലീ​ഗ് പ്രസ്ഥാനത്തിന്റെ 75-ാം വാർഷികാഘോഷ പരിപാടിക്ക് നാളെ ചെന്നൈയിൽ തുടക്കമാകും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വെള്ളിയാഴ്ച്ച നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ആയിരങ്ങൾ വരുന്ന പാർട്ടി പ്രവർത്തകർ സമ്മേളനത്തിന്റെ ഭാ​ഗമാകുമെന്ന് മുസ്ലിം ലീ​ഗ് ദേശീയ നേതാക്കൾ മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് മതേതരകൂട്ടായ്മ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ സമ്മേളനത്തിൽ ആസൂത്രണം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് ദേശീയജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെന്നൈയില്‍ 9നും പത്തിനും നടക്കുന്ന ദേശീയപ്രതിനിധി സമ്മേളനത്തില്‍ ഇതേക്കുറിച്ച് ആലോചന നടക്കും. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും പുരോഗതിക്കും വേണ്ടിയുള്ള പദ്ധതികള്‍ രൂപീകരിക്കും. ദേശീയതലത്തില്‍ പാര്‍ട്ടി വിപുലീകരിക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കും.

ഒരു ചെറിയ പ്രസ്ഥാനമെന്ന ലേബലിൽ മുസ്ലിം ലീ​ഗ് മതേതര മുന്നണിയെ ശക്തിപ്പെടുത്താൻ നടത്തുന്ന പ്രവർത്തനങ്ങൾ ചെറുതാക്കി കാണേണ്ടതില്ല. മുസ്ലിം ലീ​ഗിനെ കേൾക്കാൻ കോൺ​ഗ്രസ് അടക്കമുള്ള പാർട്ടികൾ പല തവണ തയ്യാറായത് ചരിത്രത്തിലുണ്ട്. പാർലമെന്റിലും, പുറത്തും മതേതര ചേരിയുടെ ഐക്യത്തിനായി മുസ്ലിം ലീ​ഗ് മുന്നിട്ടിറങ്ങുമെന്ന് പാർട്ടി ഓർ​ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

ബാബറി മസ്ജിദ് അടക്കം പൊളിച്ച സന്ദർഭങ്ങളിൽ മുസ്ലിം ലീ​ഗ് സ്വീകരിച്ച നിലപാട് രാജ്യം അഭിന്ദിച്ചതാണ്. ആ പ്രസക്തി മുസ്ലിം ലീ​ഗിന് ഇപ്പോഴും നഷ്ടമായിട്ടില്ലെന്ന് പാർട്ടി വൈസ് പ്രസിഡന്റ് എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു.

രാജ്യത്ത് എല്ലാ പാര്‍ട്ടികള്‍ക്കും സാമൂഹികനീതിക്കുവേണ്ടി ഉണര്‍ന്നെണീക്കേണ്ട സന്ദര്‍ഭമാണിത്. സാമൂഹികനീതിയാണ് തമിഴ്‌നാട് രാഷ്ട്രീയത്തിന്റെയും മുന്നണിയുടെയും അന്തസ്സത്ത. മുസ്‌ലിം ലീഗിന് ഈ കാലഘട്ടത്തില്‍ നിര്‍വഹിക്കേണ്ട മുഖ്യഉത്തരവാദിത്തം സാമൂഹികനീതിയാണ്. മതേതരത്വം വെല്ലുവിളി നേരിടുമ്പോള്‍ മുസ്‌ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്നത് എല്ലാ സമൂഹത്തെയും ഒരുമിച്ച് നിര്‍ത്തലാണെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

കേരളത്തില്‍ ഐ.ടി സാക്ഷരതയുടെയും വ്യവസായ വല്‍കരണത്തിന്റെയും വിദ്യാഭ്യാസരംഗത്തിന്റെയും വളര്‍ച്ചക്ക് ലീഗ് നടത്തിയ 75 വര്‍ഷത്തെ ചരിത്രം ആര്‍ക്കുമറിയാവുന്നതാണ്. തമിഴ്‌നാട് മോഡല്‍ രാഷ്ട്രീയം പാര്‍ട്ടി ഉന്നയിക്കും. രാജ്യത്തെ ന്യൂനപക്ഷം മാത്രമല്ല, മുഴുവന്‍ ജനങ്ങളുടെയും ഉന്നമനമാണ് ഉണ്ടാകേണ്ടത്. വിവിധ സെഷനുകളില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് ഇ. ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Sharing is caring!