എസ് ടി യു മലപ്പുറം മണ്ഡലം പ്രസിഡന്റ് സി എച്ച് യൂസഫ് അന്തരിച്ചു, വിട പറഞ്ഞത് ലീ​ഗ് വേദികളിലെ നിറസാനിധ്യം

എസ് ടി യു മലപ്പുറം മണ്ഡലം പ്രസിഡന്റ് സി എച്ച് യൂസഫ് അന്തരിച്ചു, വിട പറഞ്ഞത് ലീ​ഗ് വേദികളിലെ നിറസാനിധ്യം

മലപ്പുറം: സംയുക്ത ട്രേഡ് യൂണിയൻ സമിതി മലപ്പുറം മണ്ഡലം കമ്മിറ്റി ചെയർമാനും എസ്ടിയു മലപ്പുറം മണ്ഡലം പ്രസിഡണ്ടുമായ സി എച്ച് യൂസഫ് ഹൃദയാഘാതം മൂലം നിര്യാതനായി. വീട് വെസ്റ്റ് കോഡൂർ സ്വദേശിയാണ്. മൃതദേഹം വൈകീട്ട് 7:30 മണിക്ക് കരീപറമ്പ് ജുമാ മസ്ജിദിജിൽ ഖബറടക്കും. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണൽ സ്റ്റാഫിൽ അം​ഗമായിരുന്നു.

മുസ്ലിം ലീ​ഗിന്റെ മലപ്പുറം ജില്ലാ സമ്മേളന വേദിയിൽ സജീവമായിരുന്നു. രാത്രിയിലെ പാർട്ടിയുടെ യുവജന സമ്മേളനവും കഴിഞ്ഞാണ് ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. യൂസഫിന്റെ വേർപാടിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളടക്കം ദുഖം പങ്കുവെച്ചു.

മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അനുസ്മരണം
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പ്രിയപ്പെട്ട യൂസുഫ്..
നിനച്ചിരിക്കാതെ,
കഴിഞ്ഞ ദിവസങ്ങളിൽ നീ പറഞ്ഞുവെച്ച കാര്യങ്ങളുടെ ബാക്കി പറയാൻ പോലും കാത്തു നിൽക്കാതെ, യാത്ര ചോദിക്കാതെ നീ റബ്ബിലേക്ക് യാത്രയായല്ലോ.
നിന്റെ പുഞ്ചിരി,നിന്നോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ,
നീ പറഞ്ഞ നർമ്മങ്ങൾ,
സ്വകാര്യങ്ങൾ ഞങ്ങൾക്ക് മതിവരാത്തതായിരുന്നു.
ഒരു പാട് ആഗ്രഹങ്ങൾ നിറവേറ്റപ്പെട്ടാതെ നിന്നിൽ ബാക്കിയുണ്ടായിരുന്നു എന്നു ഞങ്ങൾക്കറിയാം.
നീ ഉള്ളിൽ അടക്കിപ്പിടിച്ചിരുന്ന ഏറെ കാര്യങ്ങൾ ഉണ്ടായിരുന്നു എന്നും അറിയാം.
സ്വകാര്യമായി നീ പങ്കുവെച്ച പ്രയാസങ്ങൾ പലതായിരുന്നു.
നിന്റെ മനസ്സ് നിറഞ്ഞ പ്രയാസങ്ങളിലും നിരാശപ്പെടാനോ വാക്കു കൊണ്ടു പോലും പ്രതിഷേധിക്കാനോ നീ തുനിഞ്ഞില്ല.
നിന്റെ മുഖത്തെ പുഞ്ചിരി മായാതെ തന്നെ നീ നിലനിർത്തി. പാർട്ടിയെ നീ അളവറ്റു സ്നേഹിച്ചു.
ജീവിതത്തിൽ ഏറെ പ്രയാസങ്ങൾ നേരിട്ട ഒരു പ്രവാചകന്റെ നാമം തന്നെയാണല്ലോ നിനക്കുമുള്ളത്.
നിന്റെ വീട്ടിലെ സ്വീകരണ മുറിയിൽ എല്ലാവരുടെയും മുമ്പിൽ നിന്റെ ഇഷ്ട പതാകയായ പച്ചക്കൊടിയിൽ പൊതിഞ്ഞു നീ കിടക്കുമ്പോഴും ആ നേർത്ത പുഞ്ചിരി മാഞ്ഞിട്ടില്ല.
യൂസഫ്..
നാളെ വിധിയുടെ ദിനത്തിൽ
” എന്നെ ആരാധിച്ചവരോടൊപ്പം,എന്റെ ആരാമത്തിലേക്കു കടന്നു വരിക എന്ന നാഥനിൽ നിന്നുള്ള അശരീരി മുഴങ്ങുമ്പോൾ താങ്കളും ആ സ്വർഗീയ ആരാമത്തിലേക്ക് ആനയിക്കപ്പെടട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

പി കെ കുഞ്ഞാലിക്കുട്ടിയുടെ അനുസ്മരണം

പ്രിയപ്പെട്ട യൂസുഫിന്റെ വിയോഗവാർത്ത മനസ്സിനെ വല്ലാതെ പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
പതിറ്റാണ്ടുകളുടെ ആത്മ ബന്ധമുണ്ടായിരുന്ന യൂസുഫ് കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് എന്റെ പേഴ്സണൽ സ്റ്റാഫ്‌ അംഗമായും പ്രവർത്തിച്ചതിന്റെ നല്ല ഓർമ്മകൾ മനസ്സിനെ നൊമ്പരപ്പെടുത്തുന്നുണ്ട്.
തെളിഞ്ഞ മുഖത്തോടെയല്ലാതെ യൂസുഫ് മുന്നിൽ പ്രത്യക്ഷപെടാറില്ല. തന്റെ ജീവിത പ്രയാസങ്ങളെ ചിരിക്കുന്ന മുഖത്തിന്റെ തെളിച്ചം കൊണ്ട് മറച്ചു പിടിക്കാനുള്ള വല്ലാത്തൊരു മിടുക്ക് യൂസുഫിനുണ്ടായിരുന്നു. മുസ്ലിം ലീഗ് പാർട്ടിയെ ജീവന് തുല്യം സ്നേഹിച്ച യൂസുഫ് നേതൃ മഹിമയുടെ വലിയ അലങ്കാരങ്ങളൊന്നുമില്ലാഞ്ഞിട്ടും മലപ്പുറത്തെ ആവേശവും, വീര്യവുമുള്ള പാർട്ടിയുടെ മുഖങ്ങളിലൊന്നായി നിറഞ്ഞു നിന്നു. മുസ്ലിം ലീഗ് ആയിരുന്നു യൂസുഫിന് എല്ലാം. അതിനപ്പുറത്തുള്ളതെല്ലാം ജീവിക്കാനുള്ളബദ്ധപ്പാടുകൾ മാത്രമായിരുന്നു. ജോലിക്ക് ഹാജരാകേണ്ട ദിവസം ലീഗ് സമ്മേളനത്തിന് പോയി പറഞ്ഞ് വെച്ച ജോലി നഷ്ടപ്പെട്ട കഥ കൂടിയുണ്ട് അയാളുടെ ജീവ ചരിത്രത്തിൽ.
നേതാവാകാനല്ല നേതാക്കളെയും, പ്രവർത്തകരെയും സത്കരിക്കുന്ന വളണ്ടിയർ ആകാനായിരുന്നു യൂസുഫിന് എപ്പോഴും താല്പര്യം. അതിൽ അയാൾ ആനന്ദം കണ്ടെത്തി.
പാർട്ടിയുടെ ജില്ലാ സമ്മേളനത്തിൽ നിറഞ്ഞു നിൽക്കയാണ് ഒന്ന് യാത്ര പോലും പറയാതെ യൂസുഫ് യാത്രയാകുന്നത്. അല്ലാഹു പൊറുത്ത് കൊടുക്കട്ടെ.

Sharing is caring!