തിരൂർ-മഞ്ചേരി റൂട്ടിൽ എസി ബസുമായി ലാവർണ; ഓർഡിനറി ബസിന്റെ പൈസയിൽ യാത്രചെയ്യാം
മലപ്പുറം: സോളാർ സംവിധാനം ഉപയോഗിച്ച് എ സി പ്രവർത്തിക്കുന്ന കേരത്തിലെ ആദ്യത്തെ സ്വകാര്യ ബസ് സർവീസ് തിരൂർ-മഞ്ചേരി റൂട്ടിൽ ആരംഭിച്ചു. ഓർഡിനറി ടിക്കറ്റിൽ ഈ റൂട്ടിൽ ഇനി എ സി ബസിൽ യാത്ര ചെയ്യാം. തിരൂർ–മഞ്ചേരി റൂട്ടിൽ ഒട്ടേറെ സ്മാർട്ട് സംവിധാനങ്ങളോടെ ഓടുന്ന ലാവർണ ബസ് ആണ് ഇന്നു മുതൽ യാത്രികർക്ക് എ സി സൗകര്യം കൂടി ഏർപ്പെടുത്തുന്നത്.
അന്തരിച്ച സംവിധായകൻ സിദ്ദിഖായിരുന്നു ബസിന്റെ ബ്രാൻഡ് അംബാസഡർ. അദ്ദേഹത്തിന്റെ സുഹൃത്തു കൂടിയായിരുന്ന കോട്ടയ്ക്കൽ കോഴിച്ചെന സ്വദേശി മുഹമ്മദ് ഷാഫിയുടേതാണ് ലാവർണ സ്വകാര്യ ബസ് സർവീസ്.
ബസിനു മുകളിലാണ് 3 കിലോവാട്ട് ശേഷിയുള്ള സോളർ പാനലുകൾ ഘടിപ്പിച്ചത്. അതുപയോഗിച്ച് ഒരു ടണ്ണിന്റെ 2 എസികളാണ് ബസിനകത്ത് പ്രവർത്തിക്കുക. ഹരിതോർജം ഉപയോഗിക്കുകയെന്നതും ലക്ഷ്യമായിരുന്നെന്നും അനുമതിയെല്ലാം വാങ്ങിയിട്ടുണ്ടെന്നും മുഹമ്മദ് ഷാഫി പറഞ്ഞു.
നിലവിൽ ലാവർണയുടെ ഓർഡിനറി സ്വകാര്യ ബസുകളിൽ എല്ലാ സീറ്റിലും ഫാൻ, ഫ്രീ വൈഫൈ, കുടിവെള്ളം, ഡിജിറ്റൽ പേയ്മെന്റ് സംവിധാനം, ട്രാഫിക് ബോധവൽക്കരണം, സ്റ്റോപ് അനൗൺസ്മെന്റ് സിസ്റ്റം, ടിവിയിൽ യാത്രയിലുടനീളം ട്രാഫിക് ബോധവൽക്കരണ സന്ദേശങ്ങളടങ്ങിയ വിഡിയോ, 360 ഡിഗ്രി സിസിടിവി സുരക്ഷാ ക്യാമറ, ഡ്രൈവർക്ക് ബസിനു ചുറ്റുമുള്ള ദൃശ്യങ്ങൾ കാണാൻ സൗകര്യമുള്ള സ്ക്രീൻ എന്നിവയുണ്ട്. ഇതെല്ലാം പുതിയ എസി സർവീസിലുമുണ്ടാകും.
വിദ്യാർഥി സൗഹൃദം കൂടിയായിരിക്കും തങ്ങളുടെ ബസ് എന്നും ഷാഫി പറഞ്ഞു. സോളർ–എസി സ്വകാര്യ ഓർഡിനറി ബസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് രാവിലെ 11ന് തിരൂർ ബസ് സ്റ്റാൻഡിൽ മധ്യമേഖല ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എം.പി.ജയിംസ് നിർവഹിച്ചു. ആദ്യ ബസ് വിജയകരമായാൽ 2 എസി ബസുകൾ കൂടി ഇറക്കാനും പദ്ധതിയുണ്ട്. സിനിമാ മേഖലയിലടക്കം പ്രവർത്തിക്കുന്ന കാരവൻ സർവീസും ലാവർണയുടേതായുണ്ട്.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




