മഞ്ചേരിയിലെ പ്രമുഖ അഭിഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ രാമചന്ദ്രൻ അന്തരിച്ചു

മഞ്ചേരിയിലെ പ്രമുഖ അഭിഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ രാമചന്ദ്രൻ അന്തരിച്ചു

മഞ്ചേരി: മുതിർന്ന അഭിഭാഷകനും കലാ-സാംസ്കാരിക രം​ഗത്തെ നിറ സാനിധ്യവുമായിരുന്ന മഞ്ചേരി വായപ്പാറപ്പടി വെള്ളാരങ്ങലില്‍ താമസിക്കുന്ന ടി പി രാമചന്ദ്രന്‍ (64) അന്തരിച്ചു. കരുവാരക്കുണ്ട് നീലാഞ്ചേരി ചേറുമ്പ് പരേതനായ തേങ്ങാപ്പറമ്പില്‍ അപ്പുണ്ണിയുടെ മകനാണ്.

ഇന്ന് വൈകീട്ട് നാലു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട് മഞ്ചേരി കച്ചേരിപ്പടിയിലെ റിച്ച്മണ്‍ ബില്‍ഡിങ്ങിലെ ഓഫീസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകര്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ഥി ജനത ജില്ലാ പ്രസിഡണ്ട്, യുവജനത സംസ്ഥാന സെക്രട്ടറി, ജനതാദള്‍ ജില്ലാ സെക്രട്ടറി, ജനതാദള്‍ സംസ്ഥാന കമ്മറ്റിയംഗം, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുവത്രി വികസന സമിതിയംഗം, വായ്പാറപ്പടി ജിഎല്‍പി സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് , മഞ്ചേരി കാളികാവ് ക്ഷേത്രം ട്രസ്റ്റി, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാഡമി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു.

മഞ്ചേരിയിലെ കലാസാഹിത്യ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചര്‍ അക്കാഡമിയുടെ ചെയര്‍മാനായിരുന്നു. മഞ്ചേരി സഹൃദയ കലാസാംസ്‌കാരിക വേദി സ്ഥാപക സെക്രട്ടറിയാണ്. ചേറുമ്പ് അംശം ദേശം, അധികാരി തുടങ്ങിയ നോവലുകളെഴുതിയിട്ടുണ്ട്. 45 വര്‍ഷം മുമ്പ് വക്കീല്‍ ഗുമസ്ഥനായാണ് മഞ്ചേരിയില്‍ എത്തുന്നത്. പിന്നീട് കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്നും നിയമ ബിരുദം നേടി. കാര്‍ത്യായനിയാണ് മാതാവ്, ഭാര്യ : വിജയലക്ഷ്മി. മക്കള്‍: ശ്യാം കൃഷ്ണന്‍, ഡോ. ശ്രീലക്ഷ്മി. മരുമക്കള്‍ : ജിബിന്‍ (കെഎംസിടി എഞ്ചിനീയറിംഗ് കോളജ് അധ്യാപകന്‍), അഡ്വ. ധന്യ. സഹോദരങ്ങള്‍ : അയ്യപ്പന്‍, രാധാകൃഷ്ണന്‍, സുന്ദരന്‍, രവീന്ദ്രന്‍, പുഷ്പലത, പരേതനായ രാജഗോപാലന്‍. സംസ്‌കാരം നാളെ ഉച്ചക്ക് 12ന് മഞ്ചേരി വേട്ടേക്കോട് ശ്മശാനത്തില്‍.

മുസ്ലിം ലീ​ഗിന് ഇത്തവണ പ്രശ്നരഹിത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പാണെന്ന് സാദിഖലി തങ്ങൾ

Sharing is caring!