ആന്റിബയോട്ടിക്കുകള്‍ അശാസ്ത്രീയമായി ഉപയോഗിക്കരുത്-ഡി.എം.ഒ

ആന്റിബയോട്ടിക്കുകള്‍ അശാസ്ത്രീയമായി ഉപയോഗിക്കരുത്-ഡി.എം.ഒ

മലപ്പുറം: ആന്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം ഇവയ്‌ക്കെതിരെ രോഗകാരികളായ സൂക്ഷ്മാണുക്കള്‍ പ്രതിരോധ ശേഷി ആര്‍ജിക്കാന്‍ കാരണമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ.ജയന്തി പറഞ്ഞു. ആഗോള ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് അവബോധ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. രോഗം ഉണ്ടാക്കുന്ന സൂക്ഷ്മാണുക്കള്‍ക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ശേഷി നേടുന്നതിനെയാണ് ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് എന്ന് പറയുന്നത്. അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുക, ഇവയുടെ അമിതവും അനിയന്ത്രിതവുമായ ഉപയോഗം, ആന്റിബയോട്ടിക്കുകളുടെ കോഴ്‌സ് പൂര്‍ത്തിയാക്കാതിരിക്കുക, ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകളുടെ സ്വയം ഉപയോഗം, വേഗത്തില്‍ വളരാന്‍ മൃഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കുക, ആന്റിബയോട്ടിക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങിയവ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥക്ക് കാരണമാകും.

ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗംമൂലം ഉണ്ടാകുന്ന ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സിനെ കുറിച്ച് പൊതുജനാവബോധം സൃഷ്ടിക്കുകയും ഇവയുണ്ടാക്കുന്ന ഭീഷണികളെ കുറിച്ച് സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയുമാണ് വാരാചരണ ലക്ഷ്യം. നവംബര്‍ 18 മുതല്‍ 24 വരെ നീണ്ടു നില്‍ക്കുന്ന വാരാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ സാമൂഹ്യബോധവത്ക്കരണ പരിപാടികള്‍ ആരോഗ്യവകുപ്പ് സംഘടിപ്പിക്കും. മലപ്പുറം കെ.പി.എം സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ആര്‍.മുരുകന്‍ അധ്യക്ഷനായി. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ കെ കെ പ്രവീണ ‘ആന്റിബയോട്ടികളുടെ അശാസ്ത്രീയ ഉപയോഗവും ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സും’ എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഐ.ഇ.സി കണ്‍സള്‍ട്ടന്റ് ദിവ്യ, വിദ്യാര്‍ഥി പ്രതിനിധി എം ഗോപിക, ഓപ്പറേഷന്‍ മാനേജര്‍ വി.പി.ശ്രീലത, പി.ആര്‍.ഒ രേണു എന്നിവര്‍ പ്രസംഗിച്ചു.

 

Sharing is caring!