പോലീസ് ലൈൻ – പൊന്മുണ്ടം ബൈപ്പാസ് അപ്രോച്ച് റോഡ് പ്രവൃത്തി ഉദ്ഘാടനം നടന്നു

പോലീസ് ലൈൻ – പൊന്മുണ്ടം ബൈപ്പാസ് അപ്രോച്ച് റോഡ് പ്രവൃത്തി ഉദ്ഘാടനം നടന്നു

തിരൂര്‍: നാട്ടിൽ വികസനം നടത്തുന്നത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണെന്നും അതിന് കേന്ദ്രമെന്നോ സംസ്ഥാനമെന്നോ ഇല്ലെന്നും പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പോലീസ് ലൈൻ- പൊൻമുണ്ടം ബൈപ്പാസ് അപ്രോച്ച് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷമാണോ ഭരണപക്ഷമാണോ എന്ന് നോക്കിയല്ല ഒരു നാട്ടിൽ വികസന പദ്ധതി ആലോചിക്കുന്നതും നടപ്പിലാക്കുന്നതും. ഒരു നാട്ടിൽ വികസനം വേണ്ടതാണോ എന്ന് നോക്കിയാണ് സർക്കാർ നിലപാട് സ്വീകരിക്കുന്നത്. റോഡ് വികസനത്തിന് മാത്രം മുപ്പത്തയ്യായിരം കോടി രൂപ സർക്കാർ അനുവദിച്ചതായും ലെവൽക്രോസ് ഇല്ലാത്ത കേരള പദ്ധതി നമുക്ക് നടപ്പിലാക്കാമെന്നും റോഡ് നിർമ്മാണത്തിൽ വലിയ മാറ്റം കൊണ്ട് വരുവാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പൊൻമുണ്ടം ബൈപ്പാസ് ആർ.ഒ.ബി അപ്രോച്ച് പാല നിർമ്മാണ പ്രവൃത്തിക്ക് സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2024 ജൂൺ മാസത്തിൽ 33 കോടി കേന്ദ്ര സർക്കാർ ഭരണാനുമതി നൽകുകയും തുടർന്ന് ടെണ്ടർ നടപടികൾ പൂത്തിയാക്കി 2025 ജൂലൈ മാസത്തിൽ സ്ഥലം കൈമാറുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. റെയിൽവേ പാലത്തിന്റെ ഇരു ഭാഗത്തുമായി 360 മീറ്റർ നീളവും അപ്രോച്ച് പാലത്തിന് 15 സ്പാനുകളുമായി പാലത്തിന് 8.10 മീറ്റർ വീതിയുള്ള കാരിയേജ് വേയും 1.50 മീറ്റർ വീതിയിൽ ഇരു വശങ്ങളുമായി രണ്ട് ഫൂട്ട് പാത്തടക്കം 1200 മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്. തിരൂർ ഭാഗത്ത് അപ്രാച്ച് റോഡിന് 350 മീറ്റർ നീളവും ഏഴുർ ഭാഗത്ത് 300 മീറ്റർ നീളവുമുള്ള റോഡ് ആണ് നിർമ്മിക്കുന്നത്.

തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ അദ്ധ്യക്ഷനായി.തിരൂർ ചെയർ പേഴ്സൺ എ.പി. നസീമ, വൈസ് ചെയർമാൻ പി.രാമൻകുട്ടി, കൗൺസിലർമാരായ മുഹമ്മദ് മിർഷാദ്, സീതാലക്ഷ്മി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി.ഷാജി,ടി.ജെ.രാജേഷ്, കെ.പി.മുസ്തഫ, രമ ഷാജി, ശ്രീനിവാസൻ പിമ്പുറത്ത്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.എച്ച് അബ്ദുൾ ഗഫൂർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.രാജേഷ് ചന്ദ്രൻ സ്വാഗതവും ജി.കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു.

 

Sharing is caring!