വിഷന്‍ 2031: വനിതാ- ശിശുസംരക്ഷണ ദര്‍ശനരേഖ അവതരിപ്പിച്ചു

വിഷന്‍ 2031: വനിതാ- ശിശുസംരക്ഷണ ദര്‍ശനരേഖ അവതരിപ്പിച്ചു

തിരൂർ: സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സുരക്ഷിത നഗരങ്ങളും സുരക്ഷിത ഗ്രാമങ്ങളുമാണ് ലക്ഷ്യമിടുന്നത്. ഗ്രാമ പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും ജെന്‍ഡര്‍ സെന്‍സിറ്റീവ് സിറ്റി പ്ലാനിംഗ് നടപ്പിലാക്കും. ജെന്‍ഡര്‍ പാര്‍ക്ക് ഇതിന് നേതൃത്വം നല്‍കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളോട് ‘സീറോ ടോളറന്‍സ്’ ഉള്ള സംസ്ഥാനമാകുകയാണ് 2031ല്‍ കേരളം ലക്ഷ്യമിടുന്നത്. ഇതിനുള്ള ഊര്‍ജിതമായ നടപടികള്‍ വനിതാ ശിശുവികസന വകുപ്പ് സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ ബിയാന്‍കോ കാസില്‍ ഹാളില്‍ നടന്ന സംസ്ഥാന തല സെമിനാറില്‍ വിഷന്‍ 2031 – ദര്‍ശനരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗാര്‍ഹിക അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് തൊഴിലുറപ്പാക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കും. വിജ്ഞാന കേരളവുമായി സഹകരിച്ച് നൈപുണിക പരിശീലനവും അതോടൊപ്പം ഉപജീവനം ഉറപ്പാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. അതിക്രമങ്ങള്‍ക്കിരയാകുന്നവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഗാര്‍ഹിക പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് 77 സര്‍വീസ് പ്രൊവൈഡര്‍മാരെ കൂടി നിയോഗിച്ചിട്ടുണ്ട്. എന്‍.ജി.ഒകളെ കൂടി ഇതിന്റെ ഭാഗമാക്കി. ആഭ്യന്തര വകുപ്പ് എല്ലാ ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷന്‍ തുടങ്ങുകയും പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 11 ശതമാനത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. അത് 50 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമം പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഭ്യന്തര സമിതികള്‍ രൂപീകരിച്ചു. 2026 ഓടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ ഉറപ്പാക്കും. സ്ത്രീധന നിരോധന നിയമം പ്രകാരമുള്ള നടപടികള്‍ക്ക് റീജ്യനല്‍ ഓഫീസുകള്‍ക്ക് പകരം ജില്ലാതലങ്ങളില്‍ സംവിധാനം ഉണ്ടാക്കി. സ്ത്രീധനത്തിനെതിരെ കേരളത്തിന്റെ ജാഗ്രതയോടെയുള്ള പൊതു ബോധം ശക്തമായ നിലപാടുകളെടുക്കണമെന്ന് മന്ത്രി പറഞ്ഞു.

തൊഴിലിടങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ വിഷന്‍ – 2031 ന്റെ ഭാഗമായി നടപടികളെടുക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളാണ് കൂടുതലെങ്കിലും തൊഴില്‍ രംഗത്ത് ഈ പ്രാതിനിധ്യം കാണുന്നില്ല. ഇതില്‍ മാറ്റം വേണം. ഇതിനായി സ്ത്രീകള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കല്‍, തൊഴിലിടങ്ങളില്‍ ക്രഷുകള്‍ പ്രൊമോട്ട് ചെയ്യല്‍, സ്ത്രീകള്‍ക്ക് വിവിധ തലങ്ങളില്‍ തൊഴില്‍ പരിശീലനം തുടങ്ങിയവ ലക്ഷ്യമിടുന്നു. 2031 നകം എല്ലാ തൊഴിലിടങ്ങളിലും കുഞ്ഞുങ്ങള്‍ക്കായുള്ള ക്രഷുകള്‍ ഉണ്ടാക്കാന്‍ പുതിയ ക്രഷ് നയം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇടിമിന്നലേറ്റ് ഗുരുതരമായി പരുക്കേറ്റ കിഴിശ്ശേരി സ്വദേശി മരിച്ചു

സ്ത്രീകളുടെ മാനസിക – ശാരീരിക ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍, ദുരന്ത മുഖത്ത് സ്ത്രീകളെ സജ്ജരാക്കുന്നതിന് ദുരന്ത നിവാരണ വകുപ്പുമായി സഹകരിച്ച് പരിശീലനം, എല്ലാ സ്‌കൂളുകളിലും ധീര സ്വയം പ്രതിരോധ സംവിധാനം, കുട്ടികളുടെ മാനസിക – ശാരീരിക വളര്‍ച്ച ഉറപ്പാക്കാന്‍ നടപടികള്‍, കുട്ടി സൗഹൃദ വീടുകള്‍, പാരന്റിംഗ് ക്ലിനിക്കുകള്‍, സ്‌കൂള്‍ കൗണ്‍സിലേഴ്‌സ് ശാക്തീകരണം തുടങ്ങിയ പദ്ധതികളും വിഷന്‍ 2031 ന്റെ ഭാഗമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു.

കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് വകുപ്പിന്റെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങള്‍ അവതരിപ്പിച്ചു.

വനിതാ ശാക്തീകരണം – തൊഴില്‍ പ്രാതിനിധ്യം എന്ന വിഷയത്തില്‍ വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ റോസക്കുട്ടി ടീച്ചര്‍, സ്ത്രീ സൗഹൃദ കേരളം എന്ന വിഷയത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി, ബാല സുരക്ഷിത കേരളം എന്ന വിഷയത്തില്‍ ബാലഗോപാല്‍ ഐഎഎസ് (റിട്ട), ശിശുവികസനം കേരള മാതൃക 2031 എന്ന വിഷയത്തില്‍ മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍ എന്നിവര്‍ മോഡറേറ്ററായി ചര്‍ച്ചകള്‍ നടന്നു.

Sharing is caring!