സോളാര്‍ ഫെന്‍സിങ് ജോലികള്‍ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ജില്ലാ കളക്ടര്‍
പൊന്നാനി: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരികരിക്കുന്നതിന്റെ ഭാഗമായി സൗരോര്‍ജ്ജ വേലികള്‍ സ്ഥാപിക്കുന്നത് ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന്റെ ഭാഗമായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന 45 ദിവസത്തെ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് കളക്ടറുടെ നിര്‍ദേശം. നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ പി. ധനേഷ്‌കുമാര്‍ ആദ്യഘട്ടത്തില്‍ ലഭിച്ച പരാതികളില്‍ ജില്ലാതലത്തില്‍ പരിഹാര നടപടികള്‍ ആവശ്യമായ വിഷയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഫെന്‍സിങ് പരിപാലനം ഉറപ്പാക്കുന്നതിന് പഞ്ചായത്തുകള്‍ ”ഇന്നോവേറ്റീവ് പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി വാച്ചര്‍മാരെ നിയമിക്കണമെന്നും തെരഞ്ഞെടുത്ത വാച്ചര്‍മാര്‍ക്ക് വനംവകുപ്പ് പരിശീലനം നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
മുണ്ടേരി സീഡ് ഫാമിലെ തൊഴിലാളികളെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഫെന്‍സിങ് പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനും തീരുമാനമായി. വനമേഖലയോട് ചേര്‍ന്നുള്ള സ്വകാര്യ തോട്ടങ്ങളില്‍ കാട് വെട്ടാതെ കിടക്കുന്നത് മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതായി യോഗം വിലയിരുത്തി. ഇത്തരം സ്ഥലങ്ങളുടെ ഉടമകള്‍ക്ക് കാട് വെട്ടാനുള്ള നോട്ടീസ് നല്‍കാനും, നിര്‍ദേശങ്ങള്‍ അവഗണിച്ചാല്‍ പഞ്ചായത്തിന്റെ ചിലവില്‍ കാട് വെട്ടി തുക ഉടമയില്‍ നിന്ന് ഈടാക്കുമെന്നും കളക്ടര്‍ പറഞ്ഞു. വര്‍ഷങ്ങളായി ഉടമകള്‍ ഇല്ലാതെ കാട് മൂടി കിടക്കുന്ന സ്ഥലങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
നാടുകാണി ചുരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ വനംവകുപ്പും പഞ്ചായത്തും ചേര്‍ന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാനും നിയമലംഘകരില്‍ നിന്ന് കനത്ത പിഴ ഈടാക്കാനും യോഗം തീരുമാനിച്ചു. വനമേഖലയിലെ വിനോദസഞ്ചാരികള്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കുകയും, പിടിച്ചെടുക്കുന്ന പാത്രങ്ങള്‍ ഹരിത കര്‍മസേന മുഖേന സ്റ്റീല്‍ പ്ലേറ്റുകളാല്‍ പകരംവയ്ക്കുകയും ചെയ്യും. കൂടാതെ, ഊട്ടി മാതൃകയില്‍ വിനോദ സഞ്ചാരികളില്‍നിന്നും ഗ്രീന്‍ ടാക്സ് ഈടാക്കി ലഭ്യമാകുന്ന തുക മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുവാന്‍ യോഗം തീരുമാനിച്ചു.
പൊന്നാനിയില്‍ ഇടിവള കൊണ്ടിടിച്ച് പല്ല് പോയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
കാടിനകത്ത് കുളം, ചെക്ക് ഡാം, വൈദേശിക സസ്യ നിര്‍മാര്‍ജ്ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എന്‍.ആര്‍.ഇ.ജി.എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പഞ്ചായത്തുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കാട്ടുപന്നികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഷൂട്ടര്‍മാരുടെ പ്രതിഫലം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതിനായി അടിയന്തിര യോഗം വിളിക്കാനും, സാമൂഹ്യസേവനത്തിന്റെ ഭാഗമായും ഈ പ്രവര്‍ത്തനം കാണണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. കാട്ടുപന്നികളെ വെടിവെക്കുന്നതിനും സംസ്‌കരിക്കുന്നതിനും അനുവദിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും അറിയിച്ചു.
വനംവകുപ്പിന്റെ വിവിധ സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കുന്നതിന് അത്തരം സ്ഥാപങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ കത്ത് നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. വനവകുപ്പിന്റെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ജില്ലാ ഭരണകൂടത്തിന്റെ സെന്ററുമായി ബന്ധിപ്പിച്ച് പൊതുജനങ്ങള്‍ക്ക് മനുഷ്യ-വന്യജീവി സംഘര്‍ഷം ഉള്‍പ്പെടെ ദുരന്തങ്ങള്‍ അറിയിക്കാന്‍ ഒരൊറ്റ നമ്പറില്‍ വിളിക്കാനുള്ള സൗകര്യം ഒരുക്കാനും തീരുമാനിച്ചു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന്‍, മിഷന്‍ ഫെന്‍സിങ് സ്റ്റേറ്റ് ലെവല്‍ നോഡല്‍ ഓഫീസര്‍ എം.കെ. സമീര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




