വികസന നേട്ടത്തിന്റെ അഭിമാന തിളക്കത്തില്‍ വട്ടംകുളം ഗ്രാമ പഞ്ചായത്ത്
എടപ്പാൾ: നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചും ഭാവി വികസന പ്രവര്‍ത്തനങ്ങളും ആശയങ്ങളും നിര്‍ദ്ദേശിച്ചും വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സദസ് നടന്നു. നടുവട്ടം വിവാ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 200ല്‍ പരം ആളുകള്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല സജീബ് അധ്യക്ഷത വഹിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ,വിദ്യാഭ്യാസ, ക്ഷേമ, അടിസ്ഥാന സൗകര്യ മേഖലകളില്‍ പഞ്ചായത്ത് മികച്ച നേട്ടം കൈവരിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം നടന്നത് കൊണ്ടും എല്ലാവരുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കപ്പെട്ടതു കൊണ്ടും കൂടിയാണ് വട്ടംകുളം ഗ്രാമപഞ്ചായത്തിന് പുരോഗമനം പ്രാപ്തമാക്കാന്‍ സാധിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോ അവതരിപ്പിച്ചു. തുടര്‍ന്ന് ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചയും നടന്നു.
എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ. ഖാലിദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അക്ബര്‍ പനച്ചിക്കല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ നെല്ലിശ്ശേരി, പഞ്ചായത്ത് സെക്രട്ടറി ആര്‍. രാജേഷ്, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കില്‍ മജീദ്, മറ്റു മെമ്പര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
*വികസന സദസില്‍ ശ്രദ്ധേയമായി കെ-സ്മാര്‍ട്ട് ക്ലിനിക്
വട്ടംകുളം ഗ്രാമ പഞ്ചായത്തില്‍ വികസന സദസ്സിന്റെ ഭാഗമായി കെ-സ്മാര്‍ട്ട് ക്ലിനിക്ക് നടന്നു.
കെ-സ്മാര്‍ട്ട് സംവിധാനം നിലവില്‍ വന്നതോടെ ജനന- മരണ-വിവാഹ രജിസ്ട്രേഷന്‍, വസ്തു നികുതി, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും കെ-സ്മാര്‍ട്ട് പോര്‍ട്ടലിലൂടെ പൊതു ജനങ്ങള്‍ക്ക് ലഭിക്കും. കെ-സ്മാര്‍ട്ടില്‍ പൊതു ജനങ്ങള്‍ക്ക് ഉള്ള സംശയങ്ങള്‍, പുതിയ ലോഗിന്‍ ക്രീയേഷന്‍, കെട്ടിട നികുതി ഓണ്‍ലൈന്‍ ആയി അടവാക്കല്‍ തുടങ്ങിയ സേവനങ്ങളെല്ലാം കെ-സ്മാര്‍ട്ട് ക്ലിനിക്കിന്റെ ഭാഗമായി നടന്നു. നിരവധി പേര്‍ ക്ലിനിക്ക് പ്രയോജനപ്പെടുത്തി. വിവിധ ജീവനക്കാര്‍, മെമ്പര്‍മാര്‍ എന്നിവര്‍ കെ-സ്മാര്‍ട്ട് ക്ലിനിക്കിന്റെ ഭാഗമായി.
സമസ്ത മേഖലയിലും നേട്ടം കൈവരിച്ച് വട്ടംകുളം ഗ്രാമപഞ്ചായത്ത്. ആരോഗ്യ വിദ്യാഭ്യാസ – അടിസ്ഥാന സൗകര്യ മേഖലകളില്‍ വന്‍ മുന്നേറ്റമാണ് പഞ്ചായത്തിന് നടത്താന്‍ സാധിച്ചത്. പഞ്ചായത്തിന്റെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഗ്രാമീണ ഉള്‍ റോഡുകളിലൂടെ കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് ഗ്രാമവണ്ടി നടപ്പാക്കാന്‍ സാധിച്ചത്.
ആരോഗ്യമേഖലയില്‍ ആര്‍ദ്രം പദ്ധതിയിലൂടെ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. ആര്‍ദ്രം മിഷന്‍ പദ്ധതിയില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം നേടാന്‍ പഞ്ചായത്തിന് സാധിച്ചു. നാല് ആരോഗ്യ ഉപ കേന്ദ്രങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രമാക്കാന്‍ സാധിച്ചു. 57 ലക്ഷം രൂപ ചെലവഴിച്ച് എടപ്പാള്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് പുതിയ ഉപകേന്ദ്രം നിര്‍മ്മാണം നടന്നുവരികയാണ്. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സാധിച്ചു. പരിരക്ഷാ രോഗികള്‍ക്ക് മരുന്നുകളും ഭക്ഷ്യ കിറ്റുകളും വീട്ടില്‍ എത്തിച്ച് നല്‍കാന്‍ കഴിഞ്ഞു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുകയും പുതിയ ഡോക്ടറെ അനുവദിക്കുകയും ചെയ്തു.
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 500 ഗുണഭോക്താക്കള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സാധിച്ചത്. എടപ്പാളില്‍ ഗോവിന്ദ തീയറ്ററിന് സമീപം താമസിക്കുന്ന ഇരട്ട വീടുകളിലെ ആളുകളെ ഒറ്റ വീടുകളിലേക്ക് മികച്ച സൗകര്യത്തോടുകൂടി മാറ്റി താമസിപ്പിക്കാന്‍ സാധിച്ചു.
മൂവായിരത്തിലധികം വയോജനങ്ങളുമായി മലപ്പുറം നഗരസഭയുടെ ഉല്ലാസ യാത്ര
പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളക്ഷാമം പരിഹരിക്കാനായി കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി. പൊട്ടിപ്പൊളിഞ്ഞ ഗതാഗതയോഗ്യമല്ലാതിരുന്ന ഗ്രാമീണ റോഡുകള്‍ ടാര്‍ ചെയ്തും കോണ്‍ക്രീറ്റ് ചെയ്തും നവീകരിച്ചു. കാലഞ്ചാടി കുന്നില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ശ്മശാനത്തിലേക്കുള്ള പാതയും ഇതിനോടകം പൂര്‍ത്തീകരിച്ചു. ഗ്രാമീണ റോഡുകളെ പ്രകാശപൂരിതമാക്കി എല്ലായിടത്തും വഴിവിളക്കുകള്‍ സ്ഥാപിച്ചു. പ്രധാന ജംഗ്ഷനുകളില്‍ മിനിമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു.
കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി നെല്‍വിത്ത്, പച്ചക്കറി വിത്തുകള്‍,തൈകള്‍, വളം എന്നിവ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കി. പഴവര്‍ഗ്ഗ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പഴവര്‍ഗ്ഗ തൈകള്‍ വിതരണം ചെയ്തു. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നം വിറ്റഴിക്കാന്‍ സ്ഥിരം ഉല്‍പ്പന്ന വിപണന കേന്ദ്രം ആരംഭിച്ചു.
മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പാലുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലി തീറ്റകള്‍ വിതരണം ചെയ്തു. വെറ്റിനറി ആശുപത്രിയില്‍ ഓപ്പറേഷന്‍ സംവിധാനങ്ങള്‍ അടക്കം സജ്ജമാക്കാന്‍ പഞ്ചായത്തിന് സാധിച്ചു.
പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളും ഭിന്നശേഷി സൗഹൃദമാക്കി. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒരുക്കി പഠനനിലവാരം മെച്ചപ്പെടുത്തി. അറിവിന്റെ ബാലപാഠങ്ങള്‍ തുടങ്ങുന്ന അംഗനവാടികള്‍ സ്മാര്‍ട്ട് ആക്കി. എല്ലാ സ്‌കൂളുകളിലും ടോയ്‌ലറ്റ് ബ്ലോക്കുകള്‍ നിര്‍മ്മിച്ചതിലൂടെ പുതുതലമുറയുടെ ശുചിത്വം ഉറപ്പാക്കി.
കൂടാതെ നഗരങ്ങളുടെ സൗന്ദര്യവല്‍ക്കരണം, യുവജനതയ്ക്കായി ആയിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കായിക പ്രേമികള്‍ക്കായി വട്ടംകുളം തൈക്കാട് മിനി സ്റ്റേഡിയം പൂര്‍ത്തീകരണം, എന്നിങ്ങനെ പഞ്ചായത്ത് വികസന മേഖലയില്‍ മുന്നേറുകയാണ്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




