അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും ഡിജിറ്റല്‍ സാക്ഷരതയിലും ചരിത്രനേട്ടവുമായി മൊറയൂര്‍ ഗ്രാമപഞ്ചായത്ത്

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും ഡിജിറ്റല്‍ സാക്ഷരതയിലും ചരിത്രനേട്ടവുമായി മൊറയൂര്‍ ഗ്രാമപഞ്ചായത്ത്

മലപ്പുറം: നേട്ടങ്ങള്‍ അടയാളപ്പെടുത്തി മൊറയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വികസനസദസ്സ് ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും അവതരിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് നിറഞ്ഞ സദസ്സിലാണ് മൊറയൂരില്‍ നടന്നത്. മലപ്പുറം നിയോജക മണ്ഡലത്തിലെ ആദ്യ വികസന സദസ്സ് കൂടിയായിരുന്നു മൊറയൂരിലേത്.

മൊറയൂര്‍ ജിഎം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി. സുനീറ ഉദ്ഘാടനം ചെയ്തു. നവീനമായ ആശയങ്ങള്‍ ആവിഷ്‌കരിക്കാനും പൂര്‍ത്തിയാക്കാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പുതുതലമുറയ്ക്ക് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ കഴിഞ്ഞെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ മുണ്ടോടന്‍ അധ്യക്ഷത വഹിച്ചു.

. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണം, മാലിന്യ സംസ്‌കരണം, ഡിജിറ്റല്‍ ഭരണം തുടങ്ങി വിവിധ മേഖലകളിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായ ലൈഫ് മിഷന്‍, ഡിജി കേരളം, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടി എന്നിവയെല്ലാം പ്രാദേശികമായി നടപ്പാക്കുന്നതില്‍ കാണിച്ച മാതൃകാപരമായ പ്രകടനം വികസന സദസ്സില്‍ ഉയര്‍ത്തിക്കാട്ടി. ഇതോടൊപ്പം പഞ്ചായത്തിന്റെ തനത് വികസന പ്രവര്‍ത്തനങ്ങളും വികസന സദസ്സില്‍ അവതരിപ്പിച്ചു.

സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് ഡിജിറ്റല്‍ സാക്ഷരത രംഗത്തും, അതിദരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും മൊറയൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനീറ പൊറ്റമ്മല്‍ പറഞ്ഞു. കൈവരിച്ച പുരോഗതിയെക്കുറിച്ചുള്ള സമഗ്ര ചര്‍ച്ചകള്‍ക്കാണ് സദസ്സ് വേദിയായത്.

*ഡിജിറ്റല്‍ മുന്നേറ്റത്തില്‍ മൊറയൂര്‍ ഒന്നാമത്

‘ഡിജി കേരളം’ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് നൂറ് ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതായി വികസന സദസ്സില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു. 1335 പേര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കിയതോടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. മലപ്പുറം ജില്ലയില്‍ തന്നെ ഡിജിറ്റല്‍ സാക്ഷരത നേടുന്നതില്‍ ആദ്യ പഞ്ചായത്താവാന്‍ മൊറയൂരിന് സാധിച്ചു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കെ-സ്മാര്‍ട്ട് പോലുള്ള ഡിജിറ്റല്‍ ഭരണ സംവിധാനം ഉപയോഗിച്ച് ജനന, മരണ, വിവാഹ, ലൈസന്‍സ് ഉള്‍പ്പെടെയുള്ള നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും വസ്തു നികുതിയില്‍ 14,43,716 വരുമാനം കണ്ടെത്തുകയും ചെയ്തു.

*അതിദരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ഭവനനിര്‍മ്മാണവും

ഗ്രാമപഞ്ചായത്തിലെ 116 അതിദരിദ്ര്യ കുടുംബങ്ങള്‍ക്കായി ഭൂമി, പുതിയ വീടുകള്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, സ്ത്രീ ശാക്തീകരണ പദ്ധതികള്‍ എന്നിവ നടപ്പാക്കി. സമ്പൂര്‍ണ്ണ അതിദാരിത്യ നിര്‍മ്മാര്‍ജ്ജന പഞ്ചായത്തായി. ഭവന നിര്‍മ്മാണ രംഗത്തും മൊറയൂര്‍ മാതൃകയാണ്. അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. ലൈഫ് പദ്ധതിയില്‍ കരാറില്‍ ഏര്‍പ്പെട്ട സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് എന്ന നേട്ടവും ഇവിടെ കൈവരിച്ചു. ആകെ 258 ഗുണഭോക്താക്കളില്‍ 244 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

കെ.എഫ്.സി വായ്പാ തട്ടിപ്പ്; പി വി അൻവറിനെതിരെ കള്ളപ്പണ ഇടപാടിൽ കേസെടുത്ത് ഇ ഡി

*മാലിന്യമുക്ത പദവി നിലനിര്‍ത്താന്‍ പദ്ധതികള്‍

പഞ്ചായത്ത് ‘മാലിന്യമുക്ത പദവി’ പ്രഖ്യാപിക്കപ്പെട്ട മേഖലയാക്കുകയും മാലിന്യം ശേഖരിക്കുന്നതില്‍ 90 മുകളില്‍ കവറേജ് കൈവരിക്കാന്‍ കഴിഞ്ഞു. 70 ശതമാനത്തോളം യൂസര്‍ ഫീ ലഭ്യമാക്കുന്നതിനും ഒരു എംസിഎഫും ഏഴു മിനി എംസിഎഫും 33 ഹരിത കര്‍മ്മസേന പ്രവര്‍ത്തകരും പഞ്ചായത്തിന്റെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

*സാമൂഹ്യക്ഷേമ പദ്ധതികളും മറ്റ് നേട്ടങ്ങളും

വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ പെന്‍ഷനുകള്‍ 1432 അധികം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നതയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഭരണസമിതി 5.31 കോടിക്ക് മുകളില്‍ തുക ചെലവഴിച്ചു.

പഞ്ചായത്തിന് കീഴിലുള്ള ആരോഗ്യ കേന്ദ്രത്തിന്റെയും രണ്ട് എന്‍ജിഒകളുടെയും പ്രവര്‍ത്തനത്തിലൂടെ 189 പാലിയേറ്റീവ് സേവനം ആവശ്യമുള്ള രോഗികള്‍ക്ക് സേവനം നല്‍കാനും പഞ്ചായത്തിന് കഴിഞ്ഞു. ആരോഗ്യരംഗത്തും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് പഞ്ചായത്ത് നടപ്പാക്കി വരുന്നത്.

തദ്ദേശസ്ഥാപനത്തിന്റെ പശ്ചാത്തല വികസനങ്ങള്‍ക്കായി വിവിധ ഫണ്ടുകള്‍ വകയിരുത്തി അഞ്ചു വര്‍ഷത്തിനുള്ളില്‍ 32.23 കോടി രൂപയുടെ പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പിലാക്കി.

പഞ്ചായത്തിന്റെ തനത് പദ്ധതികളായ ഇരട്ട വീടുകള്‍ ഒറ്റ വീടുകള്‍ ആക്കുന്ന പദ്ധതിക്ക് 16,00,000 രൂപയും ചില്‍ഡ്രന്‍സ് പാര്‍ക്ക് വുമണ്‍ സ്ട്രീറ്റ്വുമണ്‍ ട്രീറ്റ് സെന്റര്‍ ഒരുക്കുന്നതിന് 99,970 രൂപയും, വനിതകള്‍ക്ക് ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപിക്കുന്നതിനായി 4,49,504 രൂപയും വിദ്യാഭ്യാസ മേഖലയില്‍ ഗവ. സ്‌കൂളുകളില്‍ സ്മാര്‍ട്ട് റൂം സ്ഥാപിക്കുന്നതിനായി 7,37,644, അംഗന്‍വാടികള്‍ സ്മാര്‍ട്ട് ആക്കാനായി 4,82,638, പള്ളിമുക്ക് നീന്തല്‍ പരിശീലകുളം നവീകരിക്കാന്‍ 194400 രൂപയും ചിലവഴിച്ചു.
ഗ്രാമീണ മേഖലയിലെ റോഡ് വികസനത്തിലും പദ്ധതികള്‍ തയ്യാറാക്കുന്നതിനും മികച്ച രീതിയില്‍ നടപ്പാക്കുന്നതിനും പഞ്ചായത്തിന് സാധിച്ചു. വയോജന ക്ഷേമ പദ്ധതികള്‍, ഫാം പ്ലാന്‍ പദ്ധതി, പൊതുസ്ഥലങ്ങളില്‍ വാട്ടര്‍ എടിഎം, വയോജനങ്ങള്‍ക്ക് ഉല്ലാസ യാത്രകള്‍ എന്നീ നൂതന പദ്ധതികളും പഞ്ചായത്ത് വിജയകരമായി നടപ്പിലാക്കി.

ഐ.എസ്.ഒ. 9001 സര്‍ട്ടിഫിക്കേഷന്‍, 100 ശതമാനം ജില്ലയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്ത്, നികുതി പിരിവ് പൂര്‍ത്തിയാക്കല്‍ തുടങ്ങിയ ഇരുപതിലധികം നേട്ടങ്ങളാണ് മൊറയൂര്‍ പഞ്ചായത്ത് അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സംഘടിപ്പിച്ച വികസന സദസ്സില്‍ അവതരിപ്പിച്ചത്.

200 ലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഗ്രാമ പഞ്ചായത്തിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന വികസനരേഖ പ്രസിഡന്റ് പ്രകാശനം ചെയ്തു. അസി. സെക്രട്ടറി സി. ഭാസ്‌കരന്‍ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് മുന്‍ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.കെ. അനീസ് ബാബു, പി.കെ. ആയിഷാബി, ഫാത്തിമ അന്‍വര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സഫിയ, വാര്‍ഡ് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.

Sharing is caring!