കെ.എഫ്.സി വായ്പാ തട്ടിപ്പ്; പി വി അൻവറിനെതിരെ കള്ളപ്പണ ഇടപാടിൽ കേസെടുത്ത് ഇ ഡി

കെ.എഫ്.സി വായ്പാ തട്ടിപ്പ്; പി വി അൻവറിനെതിരെ കള്ളപ്പണ ഇടപാടിൽ കേസെടുത്ത് ഇ ഡി

മലപ്പുറം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി 22.30 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന വിജിലന്‍സ് കേസിനെ തുടര്‍ന്ന് മുന്‍ എം.എല്‍.എ പി.വി അന്‍വറിനും ഡ്രൈവര്‍ അടക്കമുള്ളവര്‍ക്കെതിരെ കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കെ.എഫ്.സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും മതിയായ ഈടില്ലാതെയും ക്രമക്കേട് നടത്തിയും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതിന് കെ.എഫ്.സി മലപ്പുറം ചീഫ് മാനേജര്‍ അബ്ദുല്‍മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ടെക്നിക്കല്‍ ഓഫീസര്‍ പി.മുനീര്‍ അഹമ്മദ്, പി.വി അന്‍വര്‍, പി.വി അന്‍വറിന്റെ ഡ്രൈവര്‍ സിയാദ് അമ്പായത്തിങ്ങല്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇക്കഴിഞ്ഞ ജൂലൈ 29ന് കേസെടുത്തത്.

കൊല്ലത്തെ വ്യവസായിയും പ്ലാന്ററുമായ മുരുഗേഷ് നരേന്ദ്രന്റെ പരാതിയെ തുടര്‍ന്നായിരുന്ന വിജിലന്‍സ് അന്വേഷണം. ഇതേ തുടര്‍ന്നാണ് കള്ളപ്പണ ഇടപാടില്‍ പി.വി അന്‍വറിനും ഡ്രൈവര്‍ അടക്കമുള്ളവര്‍ക്കെതിരെ ഇഡി കൊച്ചി സോണ്‍ ഓഫീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരന്‍ മുരുഗേഷ് നരേന്ദ്രന്‍ ഇന്ന് കൊച്ചി ഇഡി സോണല്‍ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അശു ഗോയല്‍ മുമ്പാകെ ഹാജരായി മൊഴിയും തെളിവുകളും നല്‍കി.

പി.വി അന്‍വറിന്റെ ഡ്രൈവറായ സിയാദ് അമ്പായത്തിങ്ങലിന് അദ്ദേഹത്തിന്റെ വരുമാനം പോലും നോക്കാതെ 23-9-2015ന് 7.50 കോടിയുടെ വായ്പയാണ് കെ.എഫ്.സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും അനുവദിച്ചത്. മാലാംകുളം കണ്‍ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി ഉടമ എന്ന പേരിലാണ് സിയാദിന് നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് വായ്പ അനുവദിച്ചത്. സിയാദ് വായ്പ തിരിച്ചടക്കാതെ വീഴ്ച വരുത്തി. ഈ വായ്പക്ക് ഈട് വെച്ച വസ്തുതന്നെ പണയം വെച്ച് പീവീആര്‍ ഡെവലപ്പേഴ്സ് എന്ന കമ്പനിയുടെ പേരില്‍ പി.വി അന്‍വറിന് 8-12-2015ന് രണ്ട് വായ്പകളിലായി 5 കോടി രൂപയും അനുവദിച്ചു. സിയാദ് മറ്റൊരു കമ്പനിയുടെ പേരില്‍ വായ്പയെടുത്തതും തിരിച്ചടവ് മുടക്കിയതും മറച്ചുവെച്ച് കെ.എഫ്.സിയില്‍ വായ്പയേ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തിയാണ് അതേ ഈട് വെച്ച് പി.വി അന്‍വറിന് 5 കോടിയുടെ വായ്പ കൂടി നല്‍കിയത്.  പി.വി അന്‍വറും ഡ്രൈവര്‍ സിയാദ് അടക്കമുള്ളവര്‍ നടത്തിയ കള്ളപ്പണ ഇടപാടും മാലാംകുളം കണ്‍സ്ട്രക്ഷന്‍സ്, പീവീആര്‍ ഡെവലപ്പേഴ്സ് എന്നീ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളടക്കമുള്ളവയാണ് ഇഡി അന്വേഷിക്കുന്നത്.

മഞ്ചേരിയിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുവയസ്സുകാരന്‍ മരിച്ചു

 

Sharing is caring!