കായിക കേരളത്തിന് പുതിയ ചുവടുവെപ്പ്; കായിക വകുപ്പ് സെമിനാര്‍ ഒക്ടോബറില്‍ മലപ്പുറത്ത്

കായിക കേരളത്തിന് പുതിയ ചുവടുവെപ്പ്; കായിക വകുപ്പ് സെമിനാര്‍ ഒക്ടോബറില്‍ മലപ്പുറത്ത്

മലപ്പുറം: കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നല്‍കുന്ന ‘വിഷന്‍ 2031’ ന്റെ ഭാഗമായി കായിക വകുപ്പ് നടത്തുന്ന സെമിനാര്‍ ഒക്ടോബര്‍ 12,13 തീയതികളില്‍ മലപ്പുറത്ത് നടക്കും. സെമിനാര്‍ സംഘാടക സമിതി രൂപീകരണയോഗം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. കായികരംഗത്ത് കേരളം ഇതുവരെ നേടിയ വളര്‍ച്ച വിലയിരുത്തിക്കൊണ്ട് ഭാവി വികസനപാതയെ രൂപപ്പെടുത്തിയെടുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് സെമിനാറിന്റെ ലക്ഷ്യം.

മന്ത്രി വി അബ്ദുറിമാനാണ് സംഘാടക സമിതി മുഖ്യരക്ഷാധികാരി. രക്ഷാധികാരികളായി ജില്ലയിലെ എംപി മാര്‍, എംഎല്‍എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, മലപ്പുറം നഗരസഭ ചെയര്‍മാന്‍ എന്നിവരെ തെരഞ്ഞെടുത്തു. പി ഉബൈദുള്ള എംഎല്‍എ ചെയര്‍മാനും എ.ഡി.എം എന്‍. എം മെഹറലി കണ്‍വീനറുമാണ്.

കേരളത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ സ്വരൂപിക്കുക, രൂപരേഖ തയ്യാറാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ‘വിഷന്‍ 2031’ സെമിനാറുകള്‍ നടത്തുന്നത്. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാര്‍ഷികം 2031-ല്‍ ആഘോഷിക്കുമ്പോള്‍ കേരളം എവിടെ എത്തിനില്‍ക്കണമെന്നതും മുന്നോട്ടുള്ള വികസനത്തിനുള്ള ദിശാബോധം നല്‍കുന്നതുമായിരിക്കും സെമിനാറുകളിലെ ചര്‍ച്ചകള്‍. 2031 ഓടെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെക്കുറിച്ച് ആശയങ്ങള്‍ സ്വരൂപിക്കും. 33 വിഷയങ്ങളെ അടിസ്ഥാനമാക്കി ഒക്ടോബര്‍ ഒന്നു മുതല്‍ 30 വരെ വിവിധ ജില്ലകളില്‍ ഇത്തരത്തില്‍ സെമിനാറുകള്‍ നടത്തുന്നുണ്ട്.

യോഗത്തില്‍ പി ഉബൈദുള്ള എംഎല്‍എ, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, എഡിഎം എന്‍.എം മെഹറലി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, വൈസ് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സി. അംഗം സി സുരേഷ് എന്നിവര്‍ സംസാരിച്ചു.

സ്ത്രീയുടെ ആരോഗ്യമാണ് സമൂഹത്തിന്റെയും ആരോഗ്യം: പി വി അബ്ദുല്‍ വഹാബ് എംപി

Sharing is caring!