രണ്ട് മാസത്തിനകം രാജ്യറാണിക്ക് രണ്ട് അധിക കോച്ചുകള്‍-റയില്‍വേയുടെ ഉറപ്പ്‌

രണ്ട് മാസത്തിനകം രാജ്യറാണിക്ക് രണ്ട് അധിക കോച്ചുകള്‍-റയില്‍വേയുടെ ഉറപ്പ്‌

നിലമ്പൂര്‍: നിലമ്പൂര്‍- തിരുവനന്തപുരം നോര്‍ത്ത് രാജ്യറാണി എക്‌സ്പ്രസിന് പ്രഖ്യാപിച്ച പുതിയ രണ്ട് അധിക കോച്ചുകള്‍ രണ്ടു മാസത്തിനകം ലഭ്യമാക്കുമെന്ന് പാലക്കാട് ഡിവിഷന്‍ റെയില്‍വെ മാനേജര്‍ മധുകര്‍ റാവുത്ത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളെല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്നും രണ്ട് മാസത്തിനകം തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാതയില്‍ നാളെ സര്‍വീസ് ആരംഭിക്കുന്ന പുതിയ മെമു വിന്റെ സമയക്രമം യാത്രക്കാര്‍ക്ക് സഹായകരമായരീതിയില്‍ പുനക്രമീകരിക്കുന്നത് പരിഗണിക്കാമെന്നും ഉറപ്പു നല്‍കി. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

നിലമ്പൂര്‍ റെയില്‍വെ അടിപ്പാത സെപ്തംബര്‍ 30നകം ഗതാഗതത്തിനായി തുറന്ന് നല്‍കുമെന്നും ഉറപ്പു നല്‍കി. അടിപ്പാത നിര്‍മ്മാണത്തിനായി സംസ്ഥാന പാത അടച്ചതുമൂലമുണ്ടാകുന്ന അതിരൂക്ഷമായ ഗതാഗതപ്രശ്‌നവും നാട്ടുകാരുടെ ദുരിതവും എം.എല്‍.എ ധരിപ്പിച്ചു. വേണാട് അടക്കമുള്ള ട്രെയിനുകള്‍ നിലമ്പൂരിലേക്ക് സര്‍വീസ് നീട്ടുന്നതിനായുള്ളസാങ്കേതിക തടസം നീക്കാന്‍ രണ്ടാം പ്ലാറ്റ് ഫോമിന്റെ നീളം കൂട്ടണമെന്ന ആവശ്യവും എം.എല്‍.എ ഉയര്‍ത്തി. ഇക്കാര്യത്തില്‍ അനുകൂല നടപടിയും ഡി.ആര്‍.എം ഉറപ്പ് നല്‍കി.

തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (16302) ഉച്ചക്ക് 12.25ന് ഷൊര്‍ണൂരില്‍ എത്തിയാല്‍ ഷൊര്‍ണൂര്‍- തിരുവനന്തപുരം (16301) വേണാട് എക്സ്പ്രസായി 2.25നാണ് തിരിച്ച് സര്‍വീസ് നടത്തുന്നത്. ഷൊര്‍ണൂരില്‍ നിര്‍ത്തിയിടുന്ന വേണാട് നിലമ്പൂര്‍ വരെ നീട്ടിയാല്‍ നിലമ്പൂരുകാര്‍ക്ക് പകല്‍ തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ എന്ന ഏറെ നാളത്തെ ആവശ്യം പരിഹരിക്കപ്പെടും. ഇതിനുള്ള പ്രധാന സാങ്കേതിക തടസം നിലമ്പൂര്‍ രണ്ടാം പ്ലാറ്റ് ഫോമിന്റെ നീളക്കുറവാണ്.

ഏറെക്കാലത്തെ മുറവിളിക്കും പ്രയങ്കാഗാന്ധി എം.പി, പി.വി അബ്ദുല്‍വഹാബ് എം.പി അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലിനെയും തുടര്‍ന്നാണ് എറണാകുളം- ഷൊര്‍ണൂര്‍ മെമു നിലമ്പൂരിലേക്ക് നീട്ടാന്‍ തീരുമാനിച്ചത്.  നാളെ രാത്രി 8.30ന് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന മെമു രാത്രി 10.5നാണ് നിലമ്പൂരിലെത്തുക. പുലര്‍ച്ചെ 3.45ന് പുറപ്പെട്ട് 4.55ന് ഷൊര്‍ണൂരിലെത്തുന്ന രീതിയിലാണ് നിലവിലെ സമയക്രമം.

പുറപ്പെടല്‍ സമയം രാത്രി 9.15നാക്കണമെന്ന ആവശ്യമാണ് എം.എല്‍.എ ഉയര്‍ത്തിയത്. സമയം മാറ്റിയാല്‍ ജനശതാബ്ദി, യശ്വന്ത്പൂര്‍, രാജധാനി, മരുസാഗര്‍ എക്‌സ്പ്രസുകളിലെത്തുന്നവര്‍ക്ക് നിലമ്പൂിലേക്ക് മെമു ലഭിക്കും. രാവിലെ സമയം 3.40തില്‍ നിന്നും നേരത്തെയാക്കിയാല്‍ 4.30തിനുള്ള ഷൊര്‍ണൂര്‍- എറണാകുളം- ആലപ്പുഴ മെമു ലഭിക്കും. കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ മെമു (66603) നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യവും ഉന്നയിച്ചു.

തിരുവനന്തപുരം നോര്‍ത്ത്- നിലമ്പൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസ് (16349) രാവിലെ 5.30ന് നിലമ്പൂരിലെത്തിയാല്‍ രാത്രി 9.30ന് തിരികെ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നതുവരെ നിലമ്പൂരില്‍ നിര്‍ത്തിയിടുകയാണ്. ഈ തീവണ്ടി പകല്‍ എറണാകുളം വരെ പകല്‍ സര്‍വീസിനായി ഉപയോഗിക്കാമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവെച്ചു. എന്നാല്‍ പകല്‍ ഷൊര്‍ണൂര്‍ എറണാകുളം റൂട്ടിലെ തിരക്കിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിശോധിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നും വ്യക്തമാക്കി.

റെയില്‍വെ ഡിവിഷന്‍ മാനേജര്‍ക്കൊപ്പം അഡീഷണല്‍ ഡിവിഷന്‍ മാനേജര്‍ എസ്.ജയകൃഷ്ണന്‍, ഡിവിഷന്‍ ഓപ്പറേറ്റിങ് മാനേജര്‍ ബാലമുരളി, കൊമേഴ്സ്യല്‍ മാനേജര്‍ അരുണ്‍ തോമസ്, ജോഷ്വാ കോശി, ഡോ: ബിജു നൈനാന്‍, അനസ് യൂണിയന്‍, വ്യാപാരി പ്രതിനിധികളായ യു. നരേന്ദ്രന്‍, വിനോദ് പി. മേനോന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

 

Sharing is caring!