വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാൻ കേരളത്തിന് സാധിച്ചു- മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: സംസ്ഥാന ഫിഷറീസ് വകുപ്പും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡും സംയുക്തമായി മത്സ്യ തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാര്‍ഡുകള്‍ വിതരണം ചെയ്തു. ‘നക്ഷത്രത്തിളക്കം 2025’ എന്ന പേരില്‍ പടിഞ്ഞാറേക്കര സീ-സോണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ന്യൂനപക്ഷ ക്ഷേമ- കായിക -വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാന്‍ നമുക്ക് സാധിച്ചു. അതില്‍ ആണ്‍കുട്ടികളെക്കാള്‍ ഉന്നതിയില്‍ പെണ്‍കുട്ടികള്‍ എത്തുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. രാജ്യത്തിന് തന്നെ മാതൃകയായി കേരളത്തിലെ പെണ്‍കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടുവരുന്നുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിനായി 50,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു.
തവനൂര്‍ എം.എല്‍.എ ഡോ: കെ.ടി. ജലീല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അവാര്‍ഡിന് അര്‍ഹരായ കുട്ടികളുമായി മന്ത്രി സംവദിച്ചു. കുട്ടികളുടെ ഉന്നത പഠനത്തിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കി. ജില്ലയിലെ നാല് ഫിഷറീസ് ഓഫീസുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന പത്താം ക്ലാസില്‍ മുഴുവന്‍ എ പ്ലസ് ലഭിച്ച 51 വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് ടു തലത്തില്‍ മുഴുവന്‍ എ പ്ലസ് ലഭിച്ച 17 വിദ്യാര്‍ത്ഥികള്‍ക്കും കായിക മേഖലയില്‍ ദേശീയ തലത്തില്‍ മികവ് തെളിയിച്ച നാല് കുട്ടികള്‍ക്കുമടക്കം 134 വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കൂടാതെ 199 പേര്‍ക്ക് 25000 രൂപയുടെ വിവാഹ ധനസഹായവും നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിമുക്തി ജില്ലാ ലൈസണ്‍ ഓഫീസര്‍ പി. ബിജു നയിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും പരിപാടിയില്‍ നടന്നു. കൂടാതെ ഡയറി ഡെവലപ്‌മെന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എച്ച്.പി. മെഹറൂഫ് കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് നല്‍കി. മത്സ്യ ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി സജി എം. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ഒ. ശ്രീനിവാസന്‍, വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. പ്രശാന്ത്, വാര്‍ഡ് മെമ്പര്‍ അസ്പ്ര യഹിയ, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആഷിഖ് ബാബു, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഇ. മനോജ്, മത്സ്യ ബോര്‍ഡ് മെമ്പര്‍ പി.പി. സൈതലവി, കെ.പി. ബാപ്പുട്ടി, സി.പി. അബ്ദുല്‍ ഷുക്കൂര്‍, ഹനീഫ മാസ്റ്റര്‍, മെഹര്‍ഷാ കളരിക്കല്‍, ഹുസൈന്‍ ഇസ്പാടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
RECENT NEWS

വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാൻ കേരളത്തിന് സാധിച്ചു- മന്ത്രി വി. അബ്ദുറഹ്മാൻ
മലപ്പുറം: സംസ്ഥാന ഫിഷറീസ് വകുപ്പും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡും സംയുക്തമായി മത്സ്യ തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാര്‍ഡുകള്‍ വിതരണം ചെയ്തു. [...]