ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമം, മലപ്പുറം കെ എസ് ആര്‍ ടി സി ഡിപ്പോ പുതിയെ കെട്ടിടം ഉദ്ഘാടനം ചെയ്തു

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമം, മലപ്പുറം കെ എസ് ആര്‍ ടി സി ഡിപ്പോ പുതിയെ കെട്ടിടം ഉദ്ഘാടനം ചെയ്തു

മലപ്പുറം: മലപ്പുറത്തിന്റെ ചിരകാല സ്വപ്നമായ
കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് ഗതാഗത വകുപ്പു മന്ത്രി കെബി ഗണേഷ് കുമാര്‍ നാടിന് സമര്‍പ്പിച്ചു. മലപ്പുറം ടെര്‍മിനലിന്റെ രണ്ടാംഘട്ട നിര്‍മാണം മൂന്ന് മാസത്തിനകം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പി ഉബൈദുല്ല എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 2.15 കോടി ചെലവിലാണ് ആദ്യ ഘട്ട നവീകരണം പൂര്‍ത്തിയാക്കിയത്. ബാക്കി പ്രവൃത്തിക്കായി സര്‍ക്കാര്‍ അഞ്ച് കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ചടങ്ങില്‍ പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയായി.

കെഎസ്ആര്‍ടിസി ആധുനിക വത്കരണത്തിന്റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. 50 ലധികം പരിഷ്‌കാരങ്ങള്‍ കെ എസ് ആര്‍ ടി സിയില്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള ടെര്‍മിനലുകളാണ് എല്ലായിടത്തും നടപ്പാക്കുന്നത്. സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്തു. വീട്ടിലിരുന്ന് ബസ് സമയ വിവരങ്ങള്‍ അറിയാനും ബസ് ബുക്ക് ചെയ്യാനും സാധിക്കുന്ന ആപ് പുറത്തിറക്കി. പുതിയ ട്രാവല്‍ കാര്‍ഡുകള്‍ക്ക് ജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. സ്പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങുന്നത് പൂര്‍ണമായും സോഫ്റ്റ്വേര്‍ വഴിയാക്കി. ഇത് അഴിമതി ഇല്ലാതാക്കാന്‍ സഹായിച്ചു. കൂടുതല്‍ അന്തര്‍ സംസ്ഥാന റൂട്ടുകള്‍ തുടങ്ങും.ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രവര്‍ത്തന നഷ്ടം കുറക്കാനും പുതിയ പരിഷ്‌കാരങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

നാലു നിലകളിലായി 37,445 ചതുരശ്ര അടി വിസ്തീര്‍ണമാണ് ടെര്‍മിനിലിനുള്ളത്. ഗ്രൗണ്ട് ഫ്ളോറില്‍ യാത്രക്കാര്‍ക്ക് ബസ്‌കാത്തുനില്‍ക്കുന്നതിനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും അത്യാധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. മഴയും വെയിലും ഏല്‍ക്കാതെ യാത്രക്കാര്‍ക്ക് ബസ് കയറിയിറങ്ങാന്‍ പറ്റുന്ന മേല്‍ക്കൂരയോടുകൂടിയുള്ള ബസ് ബേയും ഇന്റര്‍ലോക്ക് പതിച്ച യാര്‍ഡും ഇതോടൊപ്പം നിര്‍മിച്ചു. അധിക വരുമാനം ലക്ഷ്യമാക്കി വാണിജ്യാവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിട്ടുള്ള 14 കടമുറികളും ഇതിന്റെ കൂടെയുണ്ട്. ഇതില്‍ 13 റൂമുകളും ലേലം ചെയ്തു. പാസഞ്ചര്‍ ലോഞ്ച്, എ. സി വെയിറ്റിംഗ് ഹാള്‍, പൂന്തോട്ടം,പബ്ലിക് അഡ്രസ്സിങ് സിസ്റ്റം എന്നീ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

സ്കൂളിലെ സൂംബയ്ക്കെതിരെ സമസ്തയുടെ യുവജന സംഘടനയും എം എസ് എഫും

ഉദ്ഘാടന പരിപാടിയില്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, കെ എസ് ആര്‍ ടി സി സി എം ഡി പി എസ് പ്രമോജ് ശങ്കര്‍, നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹിമാന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി സി അബ്ദുറഹിമാന്‍ (പുല്‍പ്പറ്റ), എം.ടി.അലി (പൂക്കോട്ടൂര്‍) അടോട്ട് (ആനക്കയം), റാബിയ ചോലക്കല്‍ (കോഡൂര്‍), സുനീറ പൊറ്റമ്മല്‍ (മൊറയൂര്‍) ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. സലീന ടീച്ചര്‍, റൈഹാനത്ത് കുറുമാടന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ഒ. സഹദേവന്‍, പി എസ് എ ഷബീര്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ ജോഷി ജോണ്‍, പ്രോജക്ട് സിവില്‍ വര്‍ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം.ഷറഫ് മുഹമ്മദ്, പി ഡബ്ല്യൂ ഡി എക്‌സി. എഞ്ചിനിയര്‍ കെ മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു.

 

Sharing is caring!