എം സ്വരാജിന് നിലമ്പൂരിൽ ഇടതു മുന്നണി പ്രവർത്തകരുടെ ആവേശ്വാജ്വല സ്വീകരണം

എം സ്വരാജിന് നിലമ്പൂരിൽ ഇടതു മുന്നണി പ്രവർത്തകരുടെ ആവേശ്വാജ്വല സ്വീകരണം

നിലമ്പൂര്‍: നിലമ്പൂർ ഇടതുമുന്നണി സ്ഥാനാർഥി എം സ്വരാജിന് വൻ സ്വീകരണമൊരുക്കി ഇടതുമുന്നണി പ്രവർത്തകർ. ഇന്ന് രാവിലെയാണ് സ്വരാജ് നിലമ്പൂരിലെത്തിയത്.

അങ്ങാടിപ്പുറം, പട്ടിക്കാട്‌, മേലാറ്റൂർ, തുവ്വൂർ, വാണിയംകുളം സ്‌റ്റേഷനുകളിൽ സ്വരാജിന് വിജയാശംസകൾ നേരാൻ നിരവധിപേരെത്തി. 10.30ന്‌ ഷൊർണൂർ–- നിലമ്പൂർ പാസഞ്ചർ ട്രെയിൻ എത്തിയപ്പോഴേക്കും ജനക്കൂട്ടം ഇളകിമറിഞ്ഞു. മുദ്രാവാക്യം വിളികളുമായി വരവേൽപ്പ്‌.

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ശിവദാസൻ എംപി, എൻ ചന്ദ്രൻ, ഇ എൻ മോഹൻദാസ്‌, ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, ഏരിയാ സെക്രട്ടറിമാരായ ഇ പത്മാക്ഷൻ, രവീന്ദ്രൻ ചുങ്കത്തറ, നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം എന്നിവർ ഹാരമണിയിച്ചു. സ്‌റ്റേഷനുപുറത്ത്‌ സ്‌ത്രീകൾ ഉൾപ്പെടെ വൻ ജനാവലി എതിരേറ്റു. ചുങ്കത്തറ ക്യാപ്‌റ്റൻ ലക്ഷ്‌മി ശിങ്കാരിമേളസംഘം കൊട്ടിക്കയറി. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയിൽ നഗരംകീഴടക്കി നിലമ്പൂരിലേക്ക്‌ പ്രയാണം. സ്‌ത്രീകളുടെ നേതൃത്വത്തിൽ നൂറുകണക്കിനുപേർ അണിനിരന്ന പ്രകടനത്തിനുമുന്നിൽ തുറന്ന വാഹനത്തിൽ സ്വരാജ്‌ നാടിന്‌ ഹൃദയാഭിവാദ്യം നേർന്നു. ആവേശത്തേരിൽ പ്രവർത്തകർക്കൊപ്പം ഇറങ്ങിനടന്ന്‌ അവരിലൊരാളായി. പാതയോരങ്ങളിൽ ജനം കാത്തുനിന്നു. പ്രധാന ടൗണുകളിൽ ചെറിയ സ്വീകരണങ്ങളിൽ ലളിതവാക്കുകളിൽ സ്വരാജിന്റെ പ്രസംഗം. രണ്ടരമണിക്കൂർ നീണ്ട യാത്ര നിലമ്പൂർ ടൗണിൽ സമാപിച്ചു.

ഡോ. പി സരിൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ അനിൽകുമാർ, എസ്‌ ജയമോഹൻ, പി കെ സൈനബ, വി പി സാനു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി എം ഷൗക്കത്ത്‌, കെ പി സുമതി, വി ശശികുമാർ, എൽഡിഎഫ്‌ നേതാക്കളായ പി കെ കൃഷ്‌ണദാസ്‌, അഡ്വ. ബാലകൃഷ്‌ണൻ, പി എം ബഷീർ, പരുന്തൻ നൗഷാദ്‌, പൊന്നച്ചൻ, സ്‌കറിയ കിണാതോപ്പിൽ, പറാട്ട്‌ കുഞ്ഞാൻ, പി വി ഹംസ, സമദ്‌ മങ്കട, മജീദ്‌, ശശി, ഷംസു വേട്ടക്കോടൻ, രവീന്ദ്രൻ, പി വി ഹംസ, എം എ വിറ്റാജ്‌, എം എസ്‌ ശിവദാസൻ, എം മുജീബ്‌ റഹ്‌മാൻ, കെ രാജ്‌മോഹൻ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ പി ഷബീർ, സെക്രട്ടറി കെ ശ്യാമപ്രസാദ്‌ എന്നിവർ നേതൃത്വം നൽകി.

നിലമ്പൂരിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

Sharing is caring!