ദേശീയപാത തകർന്ന സംഭവം-വിദഗ്ധ സംഘം നാളെ സ്ഥലം സന്ദർശിച്ച് വിലയിരുത്തും
തിരൂരങ്ങാടി: കൂരിയാടിൽ ആറുവരി ദേശീയപാത തകർന്നുണ്ടായ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് ദേശീയ പാത അതോറിറ്റി. നിർമ്മാണം അവസാനഘട്ടത്തിലെത്തിയ ആറുവരി ദേശീയപാത ഇന്നലെയാണ് തകർന്നു വീണത്. സംഘം നാളെ സ്ഥലം സന്ദർശിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. റോഡ് ഇടിയാനുള്ള കാരണം, നിർമ്മാണത്തിൽ വീഴ്ചയോ അശാസ്ത്രീയതയോ സംഭവിച്ചോ, അപകട സാദ്ധ്യത, ഇനി തുടരേണ്ട നിർമ്മാണരീതി തുടങ്ങിയവ പരിശോധിക്കും. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയും സ്ഥലം സന്ദർശിക്കും. റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടിയെടുക്കുമെന്ന് കളക്ടർ വി ആർ വിനോദ് പറഞ്ഞു.
കനത്ത മഴയിൽ റോഡിന്റെ അടിത്തറയിലുണ്ടായ സമ്മർദ്ദത്തിൽ, സമീപത്തെ വയൽ വികസിച്ച് വിള്ളലുണ്ടായി മണ്ണ് തെന്നിമാറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ അൻഷുൽ ശർമ്മ പറഞ്ഞു. വയൽപ്രദേശത്തെ അശാസ്ത്രീയ നിർമ്മാണമാണ് തകർച്ചയ്ക്ക് വഴിയൊരുക്കിയതെന്ന ആരോപണം ശരിയല്ല. വിദഗ്ദ പരിശോധനയ്ക്ക് ശേഷമാണ് റോഡ് നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത എൻജിനിയറിംഗ് വിഭാഗം ഇന്ന് കൂരിയാട് മുതൽ കൊളപ്പുറം വരെ പ്രാഥമിക പരിശോധന നടത്തി. ഇവിടെ നിന്ന് നാല് കിലോമീറ്ററുള്ള തലപ്പാറയിലും മഴയ്ക്ക് പിന്നാലെ റോഡിന് നടുവിൽ 50 മീറ്ററോളം വിള്ളലുണ്ടായിട്ടുണ്ട്. മണ്ണിട്ട് ഉയർത്തിയ ഭാഗമാണിത്. ഇരുവശത്തും നെൽപ്പാടങ്ങളുമുണ്ട്. ജില്ലാ കളക്ടർ ഇന്ന് ദേശീയപാത അതോറിട്ടി, നിർമ്മാണ ചുമതലയുള്ള കമ്പനി, ജനപ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തകർന്ന റോഡ് സന്ദർശിച്ച യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും പി.കെ.കുഞ്ഞാലിക്കുട്ടിയും നിർമ്മാണം അശാസ്ത്രീയമാണെന്നും മേൽപ്പാലമാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റ എട്ടുപേരിൽ ഒരാൾ ആശുപത്രി വിട്ടു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
കൂരിയാടിന് പിന്നാലെ ദേശീയ പാതയിൽ തലപ്പാറയിലും വിള്ളൽ
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




