മലപ്പുറം സ്‌നേഹിതക്ക് പുരസ്‌കാരം: സാന്ത്വന സ്പര്‍ശമായി സ്‌നേഹിതയുടെ 12 വര്‍ഷങ്ങള്‍

മലപ്പുറം സ്‌നേഹിതക്ക് പുരസ്‌കാരം: സാന്ത്വന സ്പര്‍ശമായി സ്‌നേഹിതയുടെ 12 വര്‍ഷങ്ങള്‍

മലപ്പുറം: മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിന് മലപ്പുറം സ്‌നേഹിതക്ക് അംഗീകാരം. 2023-24 വര്‍ഷത്തിലെ സംസ്ഥാന കുടുംബശ്രീ അവാര്‍ഡിന്റെ ഭാഗമായി മികച്ച സ്‌നേഹിത അവാര്‍ഡ് മലപ്പുറം സ്‌നേഹിതക്ക് ലഭിച്ചു. തിരുവനന്തപുരത്ത് കുടുംബശ്രീയുടെ 27-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ മലപ്പുറം സ്‌നേഹിതക്കുള്ള അവാര്‍ഡ് ശില്‍പ്പവും പ്രശസ്തി പത്രവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷില്‍ നിന്ന് ജന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ റൂബി രാജ്, സ്‌നേഹിത ടീം അംഗങ്ങളായ ടി.പി പ്രമീള, കെ.ശ്രീമതി, നൗഫ, വിദ്യ. പി, ഷിജി. കെ, ദീപ, കെ, രേഷ്മ. കെ, ടി വന്ദന എന്നിവര്‍ ഏറ്റുവാങ്ങി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാനും അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് വേണ്ട പിന്തുണ നല്‍കാനുമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് പദ്ധതിയായ സ്‌നേഹിത 12 വര്‍ഷങ്ങള്‍ പിന്നിടുന്നു. ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പുതുജീവന്‍ നല്‍കിയ സ്‌നേഹിതയില്‍ പ്രതിദിനം നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. 2013 സെപ്റ്റംബര്‍ അഞ്ചിന് ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 2899 നേരിട്ടുള്ള കേസുകളും 2431 ഫോണ്‍ വഴിയുള്ള കേസുകളുമടക്കം 5330 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ 752 അതിജീവിതകള്‍ക്ക് താത്്കാലിക അഭയം നല്‍കാനും കഴിഞ്ഞു. ഇതില്‍ 2024-2025 വര്‍ഷം 622 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 87 പേര്‍ക്ക് സ്‌നേഹിത താല്‍ക്കാലിക അഭയം നല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി കൗണ്‍സിലിംഗ് ,ടെലി കൗണ്‍സിലിംഗ്, കേസുകളില്‍ നിയമ പിന്തുണ സഹായം, ജെന്‍ഡര്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഉറപ്പുവരുത്തി കൊണ്ട് 24 മണിക്കൂറും സ്‌നേഹിത പ്രവര്‍ത്തിക്കുന്നുണ്ട്.

കൂരിയാട് ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു, നിർമാണത്തിൽ അപാകതയെന്ന് നാട്ടുകാർ

ജില്ലയിലെ എല്ലാ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും സ്‌നേഹിതയുടെ സേവനങ്ങള്‍ ലഭ്യമാക്കുക,സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അതിക്രമങ്ങള്‍ക്കെതിരായുള്ള സ്ത്രീകളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ‘1 കെ പ്ലസ് ക്യാമ്പയിന്‍’,’പെണ്‍മനസ്സ്’ ‘നേരറിവ്’ തുടങ്ങിയ പദ്ധതികളും ട്രൈബല്‍ മേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ‘ഉന്നതി തേടി’, തീര പ്രദേശത്തിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി ‘തീരം’. ഉപജീവനത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സ്ത്രീസംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് പിന്തുണ നല്‍കുന്നതിന് വേണ്ടി ‘സ്‌നേഹിത മിനി മാര്‍ക്കറ്റ് ‘തുടങ്ങിയ പദ്ധതികളും സ്‌നേഹിതയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്‌നേഹിതയുടെ ടോള്‍ ഫ്രീ നമ്പര്‍: 0483 273 5550.

Sharing is caring!