കൂരിയാട് ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു, നിർമാണത്തിൽ അപാകതയെന്ന് നാട്ടുകാർ

കൂരിയാട് ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു, നിർമാണത്തിൽ അപാകതയെന്ന് നാട്ടുകാർ

തിരൂരങ്ങാടി: നിര്‍മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് തൃശ്ശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ ഇന്ന് ഉച്ചക്കായിരുന്നു അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന രണ്ട് കാറുകൾക്ക് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകളാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ യാത്രക്കാർക്ക് ചെറിയ പരുക്കേറ്റു.

കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വാഹനങ്ങള്‍ വികെ പടിയില്‍നിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം ദേശീയപാത നിർമിച്ച ഹൈദരബാദ് ആസ്ഥാനമായുള്ള കമ്പനി കെ എൻ ആർ സി എൽ ശാസ്ത്രീയമായല്ല ഈ പ്രദേശത്ത് നിർമാണം നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. പാട ഭൂമിയായ ഈ ഭാ​ഗത്ത് മണ്ണിട്ട് ഉയർത്തി റോഡ് നിർമിച്ചതിന് പകരം തൂണുകളിലായിരുന്നു നിർമാണം നടത്തേണ്ടതെന്ന് വേങ്ങര പഞ്ചായത്ത് അധികൃതരടക്കം കമ്പനിയെ അറിയിച്ചതാണ്. എന്നാൽ ഇതൊക്കെ അവ​ഗണിച്ചാണ് കമ്പനി നിർമാണം നടത്തിയത്.

ഉദ്ഘാടനം അടുത്ത മലപ്പുറം ജില്ലയിലെ ദേശീയ പാത റീച്ചുകളുടെ പൂർത്തീകരണം ഈ അപകടത്തോടെ വീണ്ടും വൈകും. പ്രദേശത്ത് ഹൈവേ പൂർണമായും പൊളിച്ചു കളഞ്ഞ ശേഷം വീണ്ടും നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ പൊന്നാനിയിലെ തീർഥാടക മരിച്ചു

Sharing is caring!