നരഭോജി കടുവക്കായുള്ള തിരച്ചില്‍ നാലാം ദിനവും വിജയിച്ചില്ല

നരഭോജി കടുവക്കായുള്ള തിരച്ചില്‍ നാലാം ദിനവും വിജയിച്ചില്ല

കാളികാവ്: റാവുത്തന്‍ കാട്ടില്‍ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്ന നരഭോജി കടുവക്കായുള്ള തെരച്ചില്‍ നാലാം ദിനവും മഴയില്‍ കുതിര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തി ദൗത്യസംഘം വൈകിട്ട് നാലു മണിയോടെ മലയിറങ്ങി. ഇതിനിടെ ഇന്ന് രാവിലെ കുങ്കി ആന ഇടഞ്ഞ് പാപ്പാന്‍ ചന്തുവിനെ കൊമ്പില്‍ കോര്‍ത്തെറിഞ്ഞു. ഇദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കടുവ
മറഞ്ഞിരിക്കുന്ന സ്ഥലം കണ്ടൈത്തി മയക്കുവെടി വച്ച് പിടിക്കാനുള്ള സംഘത്തെ സഹായിക്കാനാണ് കുങ്കി ആനകളായ കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയും എത്തിച്ചിട്ടുള്ളത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അനിഷ്ട സംഭവം. കടുവാ ദൗത്യം നടക്കുന്ന റാവുത്തന്‍കാട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള പാറശേരിയിലെ മൈലാടി സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്റെ അങ്കണത്തിലായിരുന്നു രണ്ട് ആനകളെയും തളച്ചിരുന്നത്. ഒരു സ്ഥലത്ത് തളച്ച ആനകളെ മാറ്റി തളയ്ക്കുന്ന പതിവ് പ്രവൃത്തിക്കായി പാപ്പാന്‍ ചന്തു ശ്രമിക്കുന്നതിനിടെയാണ് കുഞ്ചു എന്ന കുങ്കി
ആന അപ്രതീക്ഷിതമായി ആക്രമിച്ചത്. പാപ്പാനെ കൊമ്പില്‍ കോരിയെടുത്ത് വലിച്ചെറിയുകയായിരുന്നു. ചന്തുവിന് കഴുത്തിനാണ് പരിക്കേറ്റത്.
സുരേന്ദ്രന്‍ എന്ന ആനയും അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടെന്നും കാഴ്ചക്കാരായി എത്തുന്നവര്‍ ശ്രദ്ധിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നതാണ്.

സുരേന്ദ്രന്‍ എന്ന കുങ്കി ആനയെ ദൗത്യത്തില്‍ പങ്കാളിയാക്കാന്‍ മൈലാടി സ്‌കൂളിലേക്ക് കൊണ്ടുവന്നപ്പോള്‍ കാലിലെ ചങ്ങല കുടുങ്ങി
സ്‌കൂളിന്റെ ഇരുമ്പു ഗേറ്റ് തകര്‍ന്നുവീണിരുന്നു. സ്‌കൂള്‍ തുറക്കാനായ സമയത്ത് അറ്റകുറ്റപണികള്‍ നടത്തേണ്ടതിനാല്‍ ആനകളെ സ്‌കൂള്‍ അങ്കണത്തില്‍ നിന്ന് മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ആനകളെ പുഴയോരത്തേക്ക് മാറ്റി തളക്കാന്‍ തീരുമാനിച്ചിരുന്നതുമാണ്. കുങ്കികള്‍ ഇടഞ്ഞ സ്ഥിതിക്ക് ദൗത്യത്തിന് ഇനി ഇവയെ ഉപയോഗിക്കണോയെന്ന് അധികൃതര്‍ ആലോചിച്ചുവരികയാണ്.

ഇതിനിടെ കുങ്കി ആനയുടെ പാപ്പാന്‍ ചന്തുവിന് പരിക്കേറ്റെന്ന വാര്‍ത്തയറിഞ്ഞ് സ്ഥലംമാറ്റം ലഭിച്ച് ദൗത്യസംഘത്തോട് യാത്ര പറഞ്ഞ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ആയിരുന്ന ജി. ധനിക്‌ലാല്‍ വണ്ടൂര്‍ ആശുപത്രിയിലെത്തി പരിക്കേറ്റ പാപ്പാന്‍ ചന്തുവിനെ സന്ദര്‍ശിക്കുകയും ദൗത്യസംഘവുമായി ബന്ധപ്പെടുകയും ചെയ്തു. പുതിയ ഡിഎഫ്ഒ നിലമ്പൂരലെത്തി ഇതുവരെ ചുമതലയേറ്റിട്ടില്ല.

പൊന്നാനി സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു

തലവനില്ലാത്ത അവസ്ഥയായിരിക്കുന്നു ദൗത്യസംഘത്തിന്. അതേസമയം കടുവയെ പിടിക്കാന്‍ കൊണ്ടുവന്ന ആനകളെ ഭയന്നാണ് പാറശേരി നിവാസികള്‍ ഇപ്പോള്‍ കഴിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടിടങ്ങളില്‍ നിന്നെത്തിച്ച രണ്ടു കുങ്കി ആനകളെ ഒരേ സ്ഥലത്ത് തളച്ചതിനെ തുടര്‍ന്നുള്ള പ്രകോപനമാകാം ആനകള്‍ ഇടയുന്നതെന്ന ആക്ഷേപവും നാട്ടുകാര്‍ ഉന്നയിക്കുന്നു. കടുവാ ദൗത്യത്തെത്തുടര്‍ന്ന് റാവുത്തന്‍കാട് മേഖലയില്‍ വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങിയിട്ട് നാലുനാളായി. ടാപ്പിംഗ് അടക്കമുള്ള തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവരും പ്രദേശത്തെ ക്ഷീരകര്‍ഷകരും പ്രതിസന്ധിയിലാണ്. വനംവകുപ്പ് മന്ത്രി പ്രദേശത്തെത്തി ദൗത്യസംഘത്തിന് നിര്‍ദേശം നല്‍കണമെന്നും തൊഴില്‍ മുടങ്ങി പ്രയാസത്തിലായ നാട്ടുകാര്‍ക്ക് സഹായധനാശ്വാസം പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.

Sharing is caring!