മലപ്പുറം നഗരസഭയിൽ ഡ്രോൺ സർവേ പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം നഗരസഭയിൽ ഡ്രോൺ സർവേ പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം: മലപ്പുറം നഗരസഭയിൽ അമൃത് പദ്ധതിയുടെ ഭാഗമായി ജി.ഐ.എസ് അധിഷ്ടിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി മലപ്പുറം നഗരസഭ പ്രദേശത്തിന്റെയും ചുറ്റുമുള്ള പഞ്ചായത്ത് പ്രദേശങ്ങളുടെയും നിലവിലുള്ള ഭൂവിനിയോഗ പഠനത്തിനുള്ള ഡ്രോൺ സർവ്വേ ആരംഭിച്ചു. ഓരോ പ്രദേശത്തിന്റെയും ഭൂവിനിയോഗം റോഡുകൾ തോടുകൾ മറ്റ് ജലാശയങ്ങൾ തുടങ്ങി 150 ഓളം ഘടകങ്ങൾ ഭൂപടത്തിൽ രേഖപ്പെടുത്തി വികസന സാധ്യതകൾ അപഗ്രഥിച്ചു പഠനം നടത്തി നഗരസഭ കൗൺസിൽ കരട് മാസ്റ്റർ പ്ലാൻ ആദ്യഘട്ടത്തിൽ തയ്യാറാക്കും. ഇതിനായി കേന്ദ്രസർക്കാരിന്റെ സർവ്വേ ഓഫ് ഇന്ത്യ നിയോഗിച്ച സർവ്വേ ഏജൻസി മൂന്നാഴ്ചകൾക്കുള്ളിൽ നഗരസഭാ പ്രദേശത്തെ സമ്പൂർണ്ണമായും സർവ്വേ നടപടികൾ പൂർത്തീകരിക്കും.

ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡ്രോണിൽ 120 മീറ്റർ ഉയരത്തിൽ നിന്നും മേഘപാളികളുടെ മറയില്ലാതെ വളരെ വ്യക്തമായ ചിത്രങ്ങൾ എടുക്കുവാൻ ഡ്രോൺ ഏരിയൽ മാപ്പിംഗ് സർവ്വേയിലൂടെ സാധ്യമാവും. തുടർന്ന് ചിത്രങ്ങൾ ഡിജിറ്റലൈസ് ചെയ്ത് വിവിധ അപഗ്രഥനങ്ങൾ നടത്തി നഗരസഭയുടെ നേതൃത്വത്തിൽ ഭാവി വികസനത്തിനുള്ള പദ്ധതികളും പരിപാടികളും രൂപപ്പെടുത്തുകയാണ് സർവ്വേ കൊണ്ട് ഉദ്ദേശിക്കുന്നത്. വികസന പ്രവർത്തന പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഓരോ പ്രദേശത്തിന്റെയും ഭൂമിയുടെയും ഘടനയും സ്വഭാവം ഉൾപ്പെടെയുള്ളത് മനസ്സിലാക്കുന്നതിനും നിലവിലുള്ള പശ്ചാത്തലങ്ങളുടെ വിശദമായ പരിശോധനക്കും സർവ്വേ പൂർത്തീകരിക്കുന്നതോടുകൂടി സാധ്യമാകും. വിവിധ സർക്കാർ ഏജൻസികൾ അവരുടെ സ്വന്തമായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നതിലുപരിയായി സർവ്വേ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന പൊതു മാസ്റ്റർ പ്ലാൻ വികസന പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാന രേഖയായി കണക്കാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഡ്രോൺ സർവേ പദ്ധതി ഉദ്ഘാടനം ഹാജിയർ പള്ളി മുൻസിപ്പൽ ഗ്രൗണ്ടിൽ നഗരസഭാ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പരി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ മാരായ മഹ്മൂദ് കോതേങ്ങൽ, രത്നം വി,മുനിസിപ്പൽ സെക്രട്ടറി കെപി ഹസീന, മുൻസിപ്പൽ എൻജിനീയർ പിടി ബാബു,ടൗൺ പ്ലാനർ ഡോ പ്രദീപ് ആർ, ഡെപ്യൂട്ടി ടൗൺ പ്ലാനർ തരുവായ്കുട്ടി നൈസാം, അഖിൽ വി എന്നിവർ സംബന്ധിച്ചു.

ഓപ്പറേഷൻ സിന്ദൂർ-പ്രധാനമന്ത്രിക്കും സൈനികർക്കും അഭിവാന്ദ്യമർപ്പിച്ച് റാലി സംഘടിപ്പിച്ചു

Sharing is caring!