ഗഫൂറിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാൻ ഡോക്ടർമാരുടെ സംഘമെത്തി

ഗഫൂറിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാൻ ഡോക്ടർമാരുടെ സംഘമെത്തി

കാളികാവ്: കാളികാവില്‍ ടാപ്പിംഗ് തൊഴിലാളി ഗഫൂറിനെ ആക്രമിച്ചുകൊന്ന കടുവയെ പിടികൂടാനുളള ദൗത്യം ആരംഭിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുളള മൂന്ന് ഡോക്ടര്‍മാരുടെ സംഘം കാളികാവില്‍ എത്തി. കടുവയുളള പ്രദേശം വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. 50 ക്യാമറ ട്രാപ്പുകള്‍ ഇന്നുതന്നെ സ്ഥാപിക്കും. മൂന്ന് പ്രത്യേക സംഘങ്ങള്‍ ദൗത്യത്തിന് ഇറങ്ങും. മൂന്ന് കൂടുകള്‍ സ്ഥാപിക്കും. ഡ്രോണ്‍ സംഘം നാളെ രാവിലെയോടെ എത്തും. ഇന്ന് രാത്രിയില്‍ തന്നെ തെളിവുകള്‍ ശേഖരിക്കാനുളള ശ്രമം നടത്തുമെന്ന് അരുണ്‍ സക്കറിയ പറഞ്ഞു.

പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കാല്‍പ്പാടുകള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. പൂര്‍ണ ആരോഗ്യവാനാണ് കടുവയെന്നാണ് പ്രാഥമിക നിഗമനം. പ്രായപൂര്‍ത്തിയായ കടുവയാണ്. 50 ആര്‍ആര്‍ടി സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് കാളികാവ് അടയ്ക്കാക്കുണ്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ കടിച്ചുകൊന്നത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു.

രാവിലെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിടുക്കപ്പെട്ട് കൊണ്ടുപോകാനുള്ള പോലീസിന്റെയും വനം വകുപ്പിന്റെയും ശ്രമം മലമുകളില്‍ വച്ചു തന്നെ വന്‍പ്രതിഷേധമൊരുക്കി നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് വഴിയൊരുക്കി. തുടര്‍ന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ സ്ഥലത്തെത്തി പ്രാഥമിക ചര്‍ച്ച നടത്തി നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാമെന്നും കടുവയെ പിടികൂടാനുള്ള സംവിധാനം ഏര്‍പ്പെടുത്താമെന്നും ഉറപ്പുനല്‍കിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നതും മൃതദേഹം കൊണ്ടുപോകാനും നാട്ടുകാര്‍ സമ്മതിച്ചത്.

എന്നാല്‍ രണ്ടു കിലോമീറ്റര്‍ ദൂരം കുത്തനെയുള്ള വഴിയിലൂടെ താഴേക്കെത്തിച്ച മൃതദേഹം ആംബുലന്‍സില്‍ കയറ്റികൊണ്ടുപോകാനുള്ള ശ്രമം താഴെ റാവുത്തന്‍കാട് കവലയില്‍ വച്ച് വീണ്ടും ജനക്കൂട്ടം തടഞ്ഞു. ആക്രമണകാരിയായ കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മരിച്ച യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും ആവശ്യമുന്നയിച്ചു. ഇതോടെ സ്ഥിതിഗതികള്‍ അതീവ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും മൃതദേഹം വേഗം കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് മരണപ്പെട്ട ഗഫൂറിന്റെ ബന്ധുക്കള്‍ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു. മൃതദേഹം കൊണ്ടുപോയി കഴിഞ്ഞാല്‍ നാട്ടുകാരുടെ ഭയാശങ്കയ്ക്ക് പിന്നീട് യാതൊരു പരിഹാരവും ഉണ്ടാകില്ലെന്ന് പ്രദേശവാസികളും നിലപാടെടുത്തു. നഷ്ടപരിഹാര തീരുമാനത്തിനൊപ്പം കടുവാശല്യത്തിന് പരിഹാര നടപടി കൂടി പ്രഖ്യാപിക്കണമെന്നായി ആവശ്യം. ഈ ആവശ്യം അധികൃതര്‍ അംഗീകരിക്കുകയായിരുന്നു.

രണ്ട് വനിതാ പ്രതിനിധികളുമായി മുസ്ലിം ലീ​ഗിന് പുതിയ ദേശീയ നേതൃത്വം

മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ഡിവൈഎസ്പിമാരും സിഐമാരും നൂറുക്കണക്കിനു പോലീസുകാരും വനം വകുപ്പുദ്യോഗസ്ഥരും സംയമനത്തോടെ നിലകൊണ്ടതോടെ സംഘര്‍ഷം ഒഴിവായി. തുടര്‍ന്ന് സ്ഥലം എംഎല്‍എ എ.പി. അനില്‍കുമാര്‍, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാഠി, നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തി. 14 ലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍ ബന്ധുക്കള്‍ക്കു നല്‍കാമെന്നും കടുവയെ പിടികൂടുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമെന്നുമുള്ള തീരുമാനം എഴുതി തയാറാക്കി മരണപ്പെട്ട ഗഫൂറിന്റെ സഹോദരന് കൈമാറി. വനം മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട ശേഷം എ.പി. അനില്‍കുമാര്‍ എംഎല്‍എ
തീരുമാനം നാട്ടുകാരെ അറിയിച്ചു. തുടര്‍ന്നാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ അതുവരെ വന്‍പ്രതിഷേധമൊരുക്കി വഴിതടഞ്ഞ നാട്ടുകാര്‍ സമ്മതിച്ചത്.

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രാത്രിയോടെ മൃതദേഹം കല്ലാമൂല ജുമാമസ്ജിദില്‍ കബറടക്കി. ഹന്നത്ത് ആണ് അബ്ദുള്‍ ഗഫൂറിന്റെ ഭാര്യ. മക്കള്‍: ഹൈഫ, അസ മെഹറിന്‍, ഹസാന്‍ ഗഫൂര്‍.

Sharing is caring!