പെരിന്തൽമണ്ണക്കടുത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങി
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണക്കടുത്ത് മണ്ണാര്‍മലയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി. നിരീക്ഷണ ക്യാമറയില്‍ പുള്ളിപ്പുലിയുടെ ദൃശ്യം പതിഞ്ഞു. വ്യാഴാഴ്ച രാത്രി 11.45നാണ് റോഡ് മുറിച്ചു കടന്ന് മലമുകളിലേക്ക് പുലി നടന്നുപോകുന്നത് ക്യാമറയില്‍ പതിഞ്ഞത്. നേരത്തെ പുലിയുടെ സാന്നിധ്യമുണ്ടായ രണ്ട് പ്രദേശങ്ങളില്‍ വനംവകുപ്പ് കെണികള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
കഴിഞ്ഞതവണ പുലിയെ കണ്ടതിന്റെ മറുഭാഗത്ത് പുതിയതായി സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. നൂറുക്കണക്കിന് വാഹനങ്ങള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ കടന്നുപോകുന്ന മാനത്തുമംഗലം-കാര്യാവട്ടം ബൈപാസ് റോഡില്‍ മണ്ണാര്‍മല മാട് റോഡ് ഭാഗത്താണ് പുലിയെ കാണപ്പെട്ടത്. പെരിന്തല്‍മണ്ണ ടൗണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രമാണ് ഈ പ്രദേശത്തേക്കുള്ള അകലം. വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തും പെരിന്തല്‍മണ്ണ നഗരസഭയും അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണിത്. ഇതിന് ഇരുഭാഗത്തുമായി മണ്ണാര്‍മല പള്ളിപ്പടിയിലും മാനത്തുമംഗലത്തുമായി ഒട്ടേറെ വീടുകളുണ്ട്. ഇവിടെ പലയിടത്തായി മുമ്പും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.
മലയ്ക്ക് കുറുകെ കയറ്റിറക്കങ്ങളായി കിടക്കുന്ന റോഡിലൂടെ പുലിയെ കാണപ്പെട്ടതിന്റെ മറുഭാഗത്തേക്ക് കടക്കുന്ന വഴികള്‍ നാട്ടുകാര്‍ കണ്ടെത്തുകയും ഇവിടെ സോളാര്‍ പാനല്‍ ഉപയോഗിച്ച് കാമറ സ്ഥാപിക്കുകയുമായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. തുടര്‍ന്ന് നിലമ്പൂര്‍ സൗത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജി. ധനിക് ലാലിന് തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് നല്‍കി. ആര്‍ആര്‍ടി സംഘത്തിലെ ഫോറസ്റ്റര്‍ കെ. അല്‍ത്താഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സല്‍മാന്‍ ഹാരിസ്, എസ്. സനല്‍കുമാര്‍, കെ. വിഷ്ണു, വാച്ചര്‍മാര്‍ എന്നിവരാണ് പ്രദേശത്ത് പരിശോധന നടത്തിയത്.
പേവിഷബാധയേറ്റ് പെൺകുട്ടി മരിച്ച പെരുവള്ളൂരിൽ പട്ടികൾക്ക് വാക്സിൻ നൽകി
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




