പത്ത് വയസുകാരിയെ പീഡിപ്പിച്ച 58കാരന് 30 വർഷം കഠിനതടവ്

പത്ത് വയസുകാരിയെ പീഡിപ്പിച്ച 58കാരന് 30 വർഷം കഠിനതടവ്

മഞ്ചേരി : പത്ത് വയസുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ 58കാരനെ മഞ്ചേരി ഫാസ്റ്റ്ട്രാക് സ്പെഷല്‍ കോടതി (രണ്ട്) 30 വര്‍ഷം കഠിനതടവിനും 70000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി തുറക്കല്‍ പള്ളിയറക്കല്‍ വീട്ടില്‍ എ. ശിവനാരായണനെയാണ് ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്.

2024 ഏപ്രില്‍ 23നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. പേടിച്ചരണ്ട കുട്ടി ജോലി കഴിഞ്ഞെത്തിയ മാതാവിനോട് പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മഞ്ചേരി പോലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ചു.  മഞ്ചേരി പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന സി.സി. ബസന്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.എം. ബിനീഷ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍. മനോജ് 15 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 22 രേഖകളും ഹാജരാക്കി. എഎസ്‌ഐ ആയിഷ കിണറ്റിങ്ങല്‍ ആയിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍. ഇന്ത്യന്‍ ശിക്ഷാനിയമം 377 പ്രകാരവും പോക്സോ ആക്ടിലെ 9(എം) വകുപ്പു പ്രകാരവും അഞ്ചു വര്‍ഷം വീതം കഠിന തടവ്, 10000 രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഇരുവകുപ്പുകളിലും രണ്ട് മാസം വീതം അധിക തടവ് അനുഭവിക്കണം. പോക്സോ ആക്ടിലെ 5(എം) വകുപ്പു പ്രകാരം 20 വര്‍ഷം കഠിന തടവ് അരലക്ഷം രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. പിഴ സംഖ്യയായ അരലക്ഷം രൂപ അടച്ചില്ലെങ്കില്‍ ആറുമാസത്തെ അധിക തടവും അനുഭവിക്കണം.

ഭാര്യക്കൊപ്പം ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവിതക്ക് നല്‍കണം. ഇതിനു പുറമെ സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്ക് നിര്‍ദേശം നല്‍കി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Sharing is caring!