മഞ്ചേരിയിൽ എ ടി എം കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ

മഞ്ചേരിയിൽ എ ടി എം കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ

മഞ്ചേരി: നഗരത്തിലെ ഇന്ത്യന്‍ മാളിന് എതിര്‍വശത്തുള്ള എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചക്ക് ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയതു. മഞ്ചേരി ചെറാംകുത്ത് സ്വദേശി കൂളിയോടന്‍ ഫായിസ് (27) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ച നാലോടെയാണ് കേസിനാസ്പദമായ സംഭവം.

മുഖം മറച്ച് കവര്‍ച്ചക്കെത്തിയ പ്രതി എടിഎം തകര്‍ത്തെങ്കിലും പണമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മെഷീനിന്റെ ഡയല്‍ ഇളക്കിയെടുത്തിരുന്നു. ഇത് പോലീസ് തെളിവെടുപ്പിനിടെ പ്രതിയുടെ ചെറാംകുത്തിലുള്ള വീട്ടില്‍ നിന്ന് കണ്ടെടുത്തു. കവര്‍ച്ചക്ക് ശ്രമിച്ച എടിഎമ്മില്‍ ഇന്ന് ഉച്ചക്ക് 12 ന് പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. എടിഎമ്മിന് സമീപമുള്ള പെട്രോള്‍പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മഞ്ചേരി എസ്‌ഐ എം അസൈനാറും സംഘവും നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്. അന്വേഷണത്തിനിടെ പ്രതി ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കും കണ്ടെത്തി. കോട്ടയം ജില്ലയിലെ വെള്ളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷ്ടിച്ച സ്‌കൂട്ടര്‍ ഉപയോഗിച്ചാണ് പ്രതി കവര്‍ച്ചക്കെത്തിയതെന്നും സ്‌കൂട്ടര്‍ ഗുരുവായൂരില്‍ നിന്ന് കണ്ടെടുത്തുവെന്നും പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ മുമ്പ് കഞ്ചാവ് ഉപയോഗിച്ചതിനുള്ള കേസ് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജില്ല പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജു, മഞ്ചേരി എഎസ്പി ഡോ. എം. നന്ദഗോപന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ പ്രതാപ് കുമാര്‍, എസ്‌ഐമാരായ കെ.ആര്‍. ജസ്റ്റിന്‍, എം. അസൈനാര്‍, എഎസ്‌ഐ ഗിരീഷ് കുമാര്‍, മുഹമ്മദാലി, അനീഷ് ചാക്കോ, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ശ്രീജിത്ത്, ഇസുദ്ദീന്‍, ഡാന്‍സഫ് അംഗങ്ങളായ മുഹമ്മദ് സലീം, ദിനേശ്, ജസീര്‍, രഞ്ജിത്ത്, ബിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വീട്ടിലെ പ്രസവം യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

Sharing is caring!