വഖഫ് ബില്ലിന് പിന്നാലെ മറ്റ് സമുദായങ്ങളെ ബാധിക്കുന്ന ബില്ലുകളും വരുമെന്ന് സാദിഖലി തങ്ങള്‍

വഖഫ് ബില്ലിന് പിന്നാലെ മറ്റ് സമുദായങ്ങളെ ബാധിക്കുന്ന ബില്ലുകളും വരുമെന്ന് സാദിഖലി തങ്ങള്‍

മലപ്പുറം: വഖഫ് ബില്‍ ലോക്‌സഭ പാസാക്കിയതില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇപ്പോഴുള്ള വഖഫ് നിയമം തട്ടിക്കൂട്ടിയ നിയമം ആണ്. ആരോടും കൂടിയാലോചിച്ചിട്ടില്ല. നിയമം ജെപിസിക്ക് വിട്ട് കൊടുത്തെങ്കിലും അവിടേയും പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ സ്വീകരിച്ചിട്ടില്ല.

സര്‍ക്കാര്‍ അവര്‍ക്കനുകൂലമായ അഭിപ്രായങ്ങള്‍ മാത്രം സ്വീകരിച്ച് കൊണ്ടാണ് ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ സഭയില്‍ ഒറ്റക്കെട്ടായി എതിര്‍ത്തത് വളരെ ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ കക്ഷികള്‍ അതിനെ ഒരു മുസ്ലീം വിഷയമായിട്ടല്ല കാണുന്നതെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അവരുടെ ചില അജണ്ടയുടെ ഭാഗമായിട്ടാണ് വഖഫ് ബില്‍ പാസാക്കിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇപ്പോള്‍ വഖഫിനെ മാത്രമാണ് ബാധിച്ചിരിക്കുന്നത് എന്നും ഇനി മറ്റ് മതങ്ങളെ ആയിരിക്കും ഇത്തരം കാര്യങ്ങള്‍ ബാധിക്കുക എന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവിലാണ് വഖഫ് ബില്‍ ലോക്‌സഭ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 232 അംഗങ്ങള്‍ എതിര്‍ത്തു. എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ സി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണന്‍, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളിപോവുകയായിരുന്നു. ഇതോടെ ബില്‍ ലോക്‌സഭ കടന്നു. രാജ്യസഭയിലും കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെച്ചാല്‍ വഖഫ് നിയമഭേദഗതി പ്രാബല്യത്തില്‍ വരും.

കഞ്ചാവും രണ്ട് നാടന്‍ തോക്കുകളുമായി മേലാറ്റൂരിൽ യുവാവ് അറസ്റ്റിൽ

Sharing is caring!