കഞ്ചാവും രണ്ട് നാടന്‍ തോക്കുകളുമായി മേലാറ്റൂരിൽ യുവാവ് അറസ്റ്റിൽ

കഞ്ചാവും രണ്ട് നാടന്‍ തോക്കുകളുമായി മേലാറ്റൂരിൽ യുവാവ് അറസ്റ്റിൽ

മേലാറ്റൂര്‍: വില്‍പ്പനക്കായി കടയില്‍ സൂക്ഷിച്ച ഒന്നേക്കാല്‍ കിലോഗ്രാം കഞ്ചാവും രണ്ട് നാടന്‍ തോക്കുകളും തിരകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍മല കിഴക്കേത്തല സ്വദേശി കിളിയേങ്ങല്‍ ഷറഫുദീന്‍(40) നെയാണ് മലപ്പുറം പോലീസ് മേധാവി ആര്‍.വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈസ്പി എ.പ്രേംജിത്ത്, മേലാറ്റൂര്‍ സിഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് എസ്‌ഐ ബിബിന്‍, ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരും മേലാറ്റൂര്‍ പോലീസും ചേര്‍ന്ന് പരിശോധന നടത്തി അറസ്റ്റ് ചെയ്തത്.

വെട്ടത്തൂര്‍ ടൗണില്‍ പച്ചക്കറി കച്ചവടം നടത്തുന്ന ഷറഫുദീന്റെ കടയില്‍ പരിശോധിച്ചപ്പോഴാണ് വില്‍പ്പനക്കുള്ള ഒന്നേക്കാല്‍ കിലോഗ്രാം കഞ്ചാവും അവ തൂക്കാനുള്ള ത്രാസും പിടികൂടിയത്. കടയില്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ ഒളിപ്പിച്ച നിലയില്‍ ഒരു നാടന്‍ തോക്കും അഞ്ച് തിരകളും കണ്ടെത്തി. കടയ്ക്ക് പിറകില്‍ നിര്‍ത്തിയിട്ടിരുന്ന ഷറഫുദീന്റെ ജീപ്പില്‍ നിന്ന് മറ്റൊരു തോക്കും പോലീസ് കണ്ടെടുത്തു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുകളും തിരകളുമാണ് കണ്ടെടുത്തത്. അനധികൃതമായി തോക്കും തിരകളും കൈവശം വച്ചതിനും വില്‍പ്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചതിനും ഷറഫുദീനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കണ്ടെടുത്ത മുതലുകളുടെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പരിശോധന ശക്തമാക്കുമെന്നും പെരിന്തല്‍മണ്ണ ഡിവൈസ്പി എ.പ്രേംജിത്ത് അറിയിച്ചു. മേലാറ്റൂര്‍ സ്റ്റേഷനിലെ എഎസ്‌ഐമാരായ ഫക്രുദ്ദീന്‍ അലി, സിന്ധു, വിനോദ്, സിപിഒമാരായ പ്രമോദ്, ഷിജു, ചന്ദ്രദാസ്, രാജേഷ്, അബുള്‍ ഫസല്‍, ജിജു എന്നിവരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

യുവതിയുടെ മരണം; എടപ്പാൾ സ്വദേശിയായ സുഹ‍ൃത്തിനെ കണ്ടെത്താൻ ലുക്കഔട്ട് നോട്ടീസ്

Sharing is caring!