ഒരേ സൂചികൊണ്ട് ലഹരി ഉപയോ​ഗം, വളാഞ്ചേരിയിൽ 10 പേർക്ക് എച്ച്ഐവി പോസിറ്റീവ്

ഒരേ സൂചികൊണ്ട് ലഹരി ഉപയോ​ഗം, വളാഞ്ചേരിയിൽ 10 പേർക്ക് എച്ച്ഐവി പോസിറ്റീവ്

വളാഞ്ചേരി: വളാഞ്ചേരിയിൽ ലഹരി മരുന്ന് ഉപയോ​ഗിക്കുന്ന സംഘത്തിലെ 10 പേർക്ക് എച്ച് ഐ വി പോസിറ്റീവ്. ജില്ലാ ആരോ​ഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഒരേ സൂചി ഉപയോ​ഗിച്ച് മയക്കു മരുന്ന് കുത്തിവെക്കുന്നവർക്കിടയിൽ മാരക രോ​ഗം കണ്ടെത്തിയത്. രോ​ഗികളായവർക്ക് ചികിൽസയും കൗൺസിലിങ്ങും ലഭ്യമാക്കി തുടങ്ങി.

സംസ്ഥാന സർക്കാരിന്റെ വിപുലമായ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും എയ്ഡ്സ് നിയന്ത്രണ ഓഫീസുകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തോതിൽ കേസുകൾ കണ്ടെത്തിയത്. കുത്തിവെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ എച്ച്.ഐവി വ്യാപനം കൂടുതലായതിനാൽ, അവരെ ലക്ഷ്യമാക്കി പ്രത്യേക പരിശോധനകളും നടത്തിയിരുന്നു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം. രേണുക ആരോഗ്യ വകുപ്പ് എച്ച്.ഐവി പോസിറ്റീവ് സാധ്യതയുള്ള വിഭാഗങ്ങൾക്കിടയിൽ നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി, ലൈംഗിക തൊഴിലാളികൾ, കുത്തിവെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നവർ എന്നിവരെ നിരീക്ഷിച്ചപ്പോൾ, ആദ്യമായി കണ്ടെത്തിയ ഒരു വ്യക്തിക്ക് എച്ച്.ഐവി പോസിറ്റീവ് ആണെന്ന് വ്യക്തമായി. തുടർന്നുള്ള അന്വേഷണത്തിൽ, ഈ വ്യക്തി സൂചി പങ്കിട്ടിരുന്നവരേയും പരിശോധിക്കുയായിരുന്നു. ഈ പരിശോധനയിലാണ് ഒമ്പത് പേർക്ക് കൂടി എച്ച്.ഐവി പോസിറ്റീവ് ആയതായി കണ്ടെത്തിയത്.

സാധാരണയായി ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ വ്യക്തികൾ അവരുടെ പേരുകൾ വെളിപ്പെടുത്താൻ മടിക്കുന്നതാണ്. എന്നാൽ, ഈ വ്യക്തി എല്ലാ വിവരങ്ങളും നൽകിയത് വലിയ ഭാഗ്യമായി, ഇത് മൂലമാണ് മറ്റ് ഒമ്പത് പോസിറ്റീവ് കേസുകൾ കണ്ടെത്താനായതെന്ന് ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രോജക്ട് മാനേജർ ഹമീദ് കട്ടപ്പാറ പറഞ്ഞു.

ആരോഗ്യ വകുപ്പ് ഇനിയുള്ള ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് പദ്ധതിയിടുന്നത്. മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ഉൾപ്പെടെ എച്ച്.ഐവി/എയ്ഡ്സ് രോഗത്തിന്റെ അപകടം ജനങ്ങൾക്ക് മനസ്സിലാക്കാൻ പ്രചാരണം ശക്തമാക്കും.

നാട്ടിലെ ലഹരി വിരുദ്ധ പ്രവർത്തകർക്കെതിരെ പരാതി നൽകിയ അറബി അസീസ് ലഹരിക്കേസിൽ പിടിയിൽ

കഴിഞ്ഞ വർഷം ജില്ലയിൽ 68 എച്ച്.ഐവി പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്, സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതിനാൽ എച്ച്.ഐവി വ്യാപന സാധ്യതയുമുണ്ടെന്ന് ഹമീദ് ചൂണ്ടിക്കാട്ടി. കൂടാതെ, കുടിയേറ്റ തൊഴിലാളികളുടെ വലിയ വരവ് എയ്ഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോസിറ്റീവ് ആയ എല്ലാവർക്കും ശരീരത്തിലെ വൈറസിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള ചികിത്സയും മാനസിക പിന്തുണയും നൽകുന്നതിനുള്ള കൗൺസലിംഗും തുടരുകയാണ്.

 

Sharing is caring!