ലഹരിക്കെതിരെ പോരാട്ടം; പദ്ധതിക്ക് തുടക്കമിട്ട് കാലിക്കറ്റ് സര്‍വകലാശാല
തേഞ്ഞിപ്പലം: കേരളത്തിലെ കാമ്പസുകളില്‍ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രഖ്യാപനം കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റില്‍ നിര്‍വഹിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.
ലഹരിക്കെതിരെ സര്‍വകലാശാലകള്‍ മുന്നിട്ടിറങ്ങണമെന്നും സമൂഹം ഒറ്റക്കെട്ടായി പിറകെയുണ്ടാകുമെന്നും സെനറ്റിനെ അഭിസംബോധന ചെയ്ത് ചാന്‍സലര്‍ കൂടിയായ അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് സര്‍ക്കാറിന്റെ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
ലഹരിക്കെതിരെ കര്‍ശനമായ നടപടികള്‍, ബോധവത്കരണം, എ.ഐ. ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ സാങ്കേതികമായ നിരീക്ഷണം, പുനരധിവാസം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി.
ലഹരി ഉപയോഗം കൊണ്ട് ഇല്ലാതാകുന്നത് വിദ്യാര്‍ഥികളുടെ ഭാവി മാത്രമല്ല, രാജ്യത്തിന്റെ തന്നെ ഭാവിയാണ്. ഇതിനെതിരെ മുന്നിട്ടിറങ്ങണം. സമൂഹവും രക്ഷിതാക്കളും മറ്റെല്ലാവരും അതിന് പിന്തുണയുമായി വരും.
വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തൊഴിലന്വേഷകരെ സൃഷ്ടിക്കലല്ല. അടിമത്ത മനോഭാവമാണ് ഇതുവഴിയുണ്ടാകുന്നത്. കൊളോണിയല്‍ രീതി പിന്തുടരുന്നതാണ് ഇതിന് കാരണം. വ്യവസായ സംരഭകര്‍ക്കാവശ്യമായ ജോലിക്കാരെയുണ്ടാക്കലല്ല, സമൂഹത്തിനാവശ്യമായ രീതിയില്‍ വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുകയാണ് വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ ഉള്‍പ്പടെ സെനറ്റംഗങ്ങളും ജീവനക്കാരും ലഹരിക്കെതിരെ മുദ്രാവാക്യമെഴുതിയ മേല്‍ക്കുപ്പായം ധരിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്.
ഷാബ ഷെരീഫ് വധം, മലപ്പുറം പോലീസ് കേസ് തെളിയിച്ചത് മുടിനാരില്‍ നിന്ന്
സര്‍വകലാശാലാ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഡയറക്ടര്‍മാര്‍, ബ്രാഞ്ച് മേധാവികള്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലും ലഹരിവ്യാപനത്തിനെതിരെ പോരാളികളാകേണ്ടതിന്റെ ആവശ്യകത ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ പി.എം. ഉഷ പദ്ധതിപ്രകാരം പ്രൊജക്ടുകള്‍ സമര്‍പ്പിക്കുന്നതിന് സമയം നീട്ടി നല്‍കുക, മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ ചെയ്യുന്നവര്‍ക്ക് ക്രെഡിറ്റ് കൈമാറ്റം ചെയ്യുന്നതിന് നടപടിയുണ്ടാകുക, വയനാട് ചെതലയത്തുള്ള ഗോത്രവര്‍ഗ പഠനഗവേഷണ കേന്ദ്രത്തിന് അടിസ്ഥാന സൗകര്യവികസനത്തിന് ഫണ്ട് ലഭ്യമാക്കുക, സൈക്കോളജി പഠനവകുപ്പില്‍ സാമൂഹിക നീതിവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന സി.ഡി.എം.ആര്‍.പിയില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് തൊഴില്‍ പരിശീലനത്തിന് ഫണ്ട് കണ്ടെത്തുക, ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിന് പുറത്തേക്ക് വിദ്യാര്‍ഥികള്‍ പോകുന്നതിന്റെ കാരണം തേടുക തുടങ്ങിയ ആവശ്യങ്ങളോട് ചാന്‍സലര്‍ അനുകൂലമായാണ് പ്രതികരിച്ചത്.
വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍, രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍, സിന്‍ഡിക്കേറ്റ്, സെനറ്റംഗങ്ങള്‍, പഠനവകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പരിഭാഷ ചാന്‍സലര്‍ക്ക് ഉപഹാരമായി വൈസ് ചാന്‍സലര്‍ നല്‍കി.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




