ഷാബ ഷെരീഫ് വധം, മലപ്പുറം പോലീസ് കേസ് തെളിയിച്ചത് മുടിനാരില്‍ നിന്ന്

ഷാബ ഷെരീഫ് വധം, മലപ്പുറം പോലീസ് കേസ് തെളിയിച്ചത് മുടിനാരില്‍ നിന്ന്

മലപ്പുറം: ഷാബ ഷെരീഫ് വധക്കേസ് മലപ്പുറം പോലീസ് തെളിയിച്ചത് തലമുടിനാരില്‍ നിന്ന് ലഭിച്ച ഡി എന്‍ എ ഫലം വഴി. മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും ലഭിച്ച ഷാബ ഷെരീഫിന്റെ 42 മുടി നാരുകളാണ് അദ്ദേഹം അവിടെ തടവിലാക്കപെട്ടിരുന്നെന്നും തുടര്‍ന്ന് കൊലചെയ്യ പെട്ടുവെന്നും തെളിയിക്കുന്നതിന് നിര്‍ണായക തെളിവുകളില്‍ ഒന്നായത്. ഇതിന് പുറമേ കേസിലെ മാപ്പു സാക്ഷി പകര്‍ത്തിയ ഷാബ ഷെരീഫിനെ ചങ്ങലിക്കിട്ടിരിക്കുന്ന വീഡിയോയും നിര്‍ണായക തെളിവായി.

ഷാബ ഷെരീഫ് കൊലക്കേസിലെ അന്വേഷണം, വിചാരണ എന്നിവയുമായി ബന്ധപ്പെട്ട് പോലീസും പ്രോസിക്യൂഷനും വലിയ വെല്ലുവിളികളെ മറികടന്നാണ് മൂന്ന് പ്രതികളുടെ കുറ്റം തെളിയിച്ചത്. സാക്ഷികളില്ലാത്ത, മൃതദേഹം ലഭിക്കാത്ത ഈ കേസ്, ശാസ്ത്രീയ അന്വേഷണത്തിലൂടെ ഫോറന്‍സിക് തെളിവുകളുടെ സഹായത്തോടെയാണ് തെളിയിച്ചത്. കേരള പോലീസിന്റെ അന്വേഷണ ചരിത്രത്തിലെ തന്നെ നിര്‍ണായക ഏടായി മാറുകയാണ് ഷാബ ഷെരീഫ് വധക്കേസ്.

മൃതദേഹം കണ്ടെത്തിയിരുന്നെങ്കില്‍ കേസിലെ കുറ്റപത്രം കൂടുതല്‍ ശക്തിപ്പെടുത്താനാകുമായിരുന്നു. എന്നിരുന്നാലും, ശാസ്ത്രീയ തെളിവുകള്‍ ഉപയോഗിച്ച് പ്രതിഭാഗം ഉന്നയിക്കുന്ന കാരെങ്ങളെ നേരിടാന്‍ പ്രോസിക്യൂഷന് സാധിച്ചു.

2020 ഓഗസ്റ്റ് 16-ന് കേസിലെ ഒമ്പതാം പ്രതിയും പിന്നീട് മാപ്പു സാക്ഷിയുമായ വ്യക്തി ചിത്രീകരിച്ച വീഡിയോ നിര്‍ണ്ണായക തെളിവായി മാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യപ്രതിയുടെ വീട്ടില്‍ ഷാബ ഷെരീഫിനെ തടവില്‍വെച്ചിരുന്നതായി പ്രോസിക്യൂഷന് തെളിയിക്കാനായി. കൂടാതെ, വീഡിയോയില്‍ കാണുന്ന വീട് ആദ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെതാണെന്നും കോടതിയില്‍ വ്യക്തമാക്കി. കൊലപാതകവും കേസന്വേഷണവും തമ്മില്‍ വലിയ കാലതാമസമുണ്ടായതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഡാറ്റയും ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. എം. കൃഷ്ണന്‍ നമ്പൂതിരി വ്യക്തമാക്കി.

പെരിന്തല്‍മണ്ണയിലെ കുത്ത് കേസ് പ്രതികളുടെ താമസം ഷഹബാസ് വധക്കേസ് പ്രതികള്‍ക്കൊപ്പം

ഹോളിവുഡ് സിനിമകളുടെ സ്വാധീനത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ഷൈബിന്‍ അഷ്റഫ്, ഷാബ ഷെരീഫിന്റെ മൃതദേഹം ചാലിയാര്‍ നദിയില്‍ അതിവിദഗ്ധമായി ഉപേക്ഷിക്കുകയായിരുന്നു. നേവി നടത്തിയ തിരച്ചിലിലും മൃതദേഹം കണ്ടെത്താനായില്ല. മൃതദേഹം ഉപേക്ഷിച്ചതിനുശേഷം രണ്ട് പ്രളയങ്ങള്‍ വന്നതിനാല്‍ തിരച്ചില്‍ കൂടുതല്‍ പ്രയാസകരമായി. കേസില്‍ ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ അന്വേഷണം ഏറെ വെല്ലുവിളി നേരിട്ടെങ്കിലും, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ പോലീസിന് കഴിഞ്ഞതായി അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ച നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. ഏബ്രഹാം പറഞ്ഞു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി ഐ പി വിഷ്ണുവും പോലീസിന് നേരിട്ട വെല്ലുവിളികളെക്കുറിച്ച് വ്യക്തമാക്കി. ശാസ്ത്രീയമായ തെളിവുകളും അതിനെ വ്‌സ്തുതാപരമായി കീറിമുറിച്ചുമാണ് കേസന്വേഷണം മുന്നോട്ട് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

പ്രോസിക്യൂഷന്‍ കേസില്‍ 80 സാക്ഷികളെയും 273 രേഖകളും 56 തൊണ്ടിമുതലും കോടതിയില്‍ സമര്‍പ്പിച്ചു.

 

Sharing is caring!