മഞ്ചേരി സ്വർണ കവർച്ച കേസിൽ പരാതിക്കാരൻ തന്നെ പ്രതി, കുബുദ്ധി പൊളിച്ച് മലപ്പുറം പോലീസ്

മഞ്ചേരി സ്വർണ കവർച്ച കേസിൽ പരാതിക്കാരൻ തന്നെ പ്രതി, കുബുദ്ധി പൊളിച്ച് മലപ്പുറം പോലീസ്

മഞ്ചേരി: മലപ്പുറം കാട്ടുങ്ങലില്‍ വച്ച് ആഭരണ വില്‍പ്പനക്കാരെ ആക്രമിച്ച് 117 പവനോളം സ്വര്‍ണം കവര്‍ന്ന കേസിൽ ഒടുവിൽ വാദികൾ തന്നെ പ്രതികളായി. ബൈക്കിലെത്തിയവർ ആക്രമിച്ച് സ്വർണം കവർന്നുവെന്ന പാരാതിയുമായെത്തിയ പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശികളും സഹോദരങ്ങളുമായ കടവത്ത്പറമ്പ് വീട്ടില്‍ സിവേഷ് (34), ബെന്‍സു (39) എന്നിവരാണ് പ്രതികൾ. ഇവരുടെ അറസ്റ്റ് മഞ്ചേരി പോലീസ് രേഖപ്പെടുത്തി കോടതി റിമാന്റ് ചെയ്തു.

ഇന്നലെ വൈകുന്നേരം 6.30ന് കാട്ടുങ്ങലില്‍ വച്ച് നിഖില ബാംഗിള്‍സ് എന്ന സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന സ്ഥാപനത്തില്‍ നിന്ന് മഞ്ചേരി ഭാഗത്തെ കടകളില്‍ മോഡലുകള്‍ കാണിച്ച് വില്‍പ്പന നടത്തി ബാക്കിയുള്ള 117 പവനോളം സ്വര്‍ണാഭരണങ്ങളുമായി തിരിച്ച് സ്‌കൂട്ടറില്‍ മലപ്പുറത്തെ കടയിലേക്ക് തിരികെ വരികയായിരുന്നവരെ അക്രമിച്ചാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയത്. സിവേഷും മഞ്ചേരി കിടങ്ങഴി ഷാപ്പുംകുന്ന് ചപ്പങ്ങത്തൊടി സുകുമാരനുമാണ് (59) സ്വര്‍ണാഭണങ്ങളുമായി സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. സിവേഷ് നല്‍കിയ വിവരമനുസരിച്ച് സഹോദരന്‍ ബെന്‍സും ഇവരുടെ സുഹൃത്ത് ഷിജുവും മറ്റൊരു സ്‌കൂട്ടറിലെത്തി സ്വര്‍ണം കവര്‍ച്ച നടത്തുകയായിരുന്നു. പ്രതികളുടെ വീട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

പ്രതികളില്‍ ഒരാളായ സിവേഷ്, നിഖില ബാംഗിള്‍സ് ജ്വല്ലറിയിലെ ജീവനക്കാരനാണ്. സ്വര്‍ണാഭരണങ്ങള്‍ മലപ്പുറം ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുവരുന്നതും കൃത്യമായി അറിയുന്നയാളുമാണ്. കവര്‍ച്ച നടന്ന ശനിയാഴ്ച റോഡില്‍ വാഹനങ്ങളും ആളുകളും കുറവായ നോമ്പുതുറക്കുന്ന സമയം കവര്‍ച്ച നടത്താനായി തെരഞ്ഞെടുക്കുകയും ചെയ്തു. ആസൂത്രണം നടപ്പാക്കുന്നതിനായി സ്‌കൂട്ടറില്‍ തിരിച്ചു വരുന്ന സമയം വിവിധ കടകളില്‍ വെള്ളം കുടിക്കാനും മറ്റുമായി കയറിയിറങ്ങി കൂട്ടുപ്രതികളായ ബൈക്കില്‍ വരുന്നവര്‍ക്ക് ഇവരുടെ അടുത്തേക്ക് എത്തുന്നതിനായി സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് മലപ്പുറത്തിനടുത്ത് കാട്ടുങ്ങലില്‍ എത്തിയപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് സ്‌കൂട്ടര്‍ നിര്‍ത്തുകയും അവിടേക്ക് എത്തിയ മറ്റു പ്രതികള്‍ സ്‌കൂട്ടര്‍ മറിച്ചിട്ട് സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടുന്ന ബാഗ് കവര്‍ച്ച് ചെയ്ത് ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു.

തിരൂർക്കാട് ബസ്സപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥിനി മരിച്ചു

പ്രതികള്‍ ബാഗ് തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെടുന്നത് കാണാനിടയായ നാട്ടുകാരനായ ഇരുമ്പുഴി സ്വദേശി മുഹമ്മദ് മുന്‍ഷീര്‍ സംഭവത്തില്‍ ദുരൂഹത തോന്നി അയാളുടെ വാഹനത്തില്‍ പിന്തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ട ബൈക്കിന്റെ ഫോട്ടോ എടുത്തു. ഇത് കേസില്‍ നിര്‍ണായകമായി.
മലപ്പുറം പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ മഞ്ചേരി പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയ എഎസ്പി നന്ദഗോപന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രതാപ് കുമാര്‍, പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രേംജിത്ത്, പെരിന്തല്‍മണ്ണ എസ്എച്ച്ഒ സുമേഷ് സുധാകരന്‍, പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍, മലപ്പുറം എസ്എച്ച്ഒ വിഷ്ണു, മലപ്പുറം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ്.കെ. പ്രിയന്‍, മഞ്ചേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എഎസ്‌ഐമാരായ ഗിരീഷ്, അബ്ദുള്‍ വാഷിദ്, അനീഷ് ചാക്കോ, ഫിറോസ്, എസ്‌സിപിഒ തൗഫീഖുള്ള മുബാറഖ് എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

Sharing is caring!