മോദിയും സംഘവും ഉത്സവങ്ങള്‍ വിഭജനത്തിന്റെ മേഖലകളാക്കി മാറ്റുന്നു- കെ സി വേണു​ഗോപാൽ

മോദിയും സംഘവും ഉത്സവങ്ങള്‍ വിഭജനത്തിന്റെ മേഖലകളാക്കി മാറ്റുന്നു- കെ സി വേണു​ഗോപാൽ

മലപ്പുറം: നരേന്ദ്രമോദിയും സംഘവും ഉത്സവങ്ങള്‍ വിഭജനത്തിന്റെ മേഖലകളാക്കി മാറ്റുകയാണെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമാരുടെ സംഗമവും ഇഫ്താര്‍ മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഹോളിയും പെരുന്നാളും ഓണവും എല്ലാവരും ആഘോഷിക്കും. എന്നാല്‍ മോദിയും സംഘവും ഉത്സവങ്ങള്‍ വിഭജനത്തിന്റെ മേഖലകളാക്കി മാറ്റുകയാണ്. അസഹിഷ്ണുതയുടെ വിത്ത് പാകി സംഘര്‍ഷം സൃഷ്ടിക്കുന്നു.ഗോദ്‌സെയുടെ രാഷ്ട്രീയം രാജ്യത്ത് കൊണ്ടുവരാനാണ് അവരുടെ ശ്രമം. ഫാസിസം നടപ്പിലാക്കുകയാണ്. എന്നാല്‍ അവര്‍ ഫാസിസ്റ്റുകളല്ല എന്നാണ് സിപിഎം പറയുന്നത്. ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞതിനപ്പുറമായി എന്ത് തെളിവാണ് ഇതിന് വേണ്ടതെന്ന് സഖാക്കള്‍ പറയണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസുകാര്‍ ശക്തമായി ജനപക്ഷത്ത് നിലയുറപ്പിക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. നേതാക്കള്‍ വീടുകളില്‍ കയറിയിറങ്ങണം. താഴെതട്ടില്‍ ചെന്ന് പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസിന്റെ യഥാര്‍ഥ പ്രവര്‍ത്തന ശൈലിയിലേക്ക് തിരിച്ചുപോകണം. സ്ഥാനാര്‍ഥിയെ തീരുമാനിക്കന്നതില്‍ വിജയ സാധ്യത മാത്രമാണ് പരിഗണിക്കേണ്ടത്. ജയിക്കുന്ന സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ചുമതലയാണ് വാര്‍ഡ് കമ്മറ്റിക്കുള്ളത്. വരുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ചേ മതിയാകൂ എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. ഒന്നിച്ചുനിന്നാല്‍ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. ഒന്നിച്ച് മുന്നോട്ട് പോകണം. പാര്‍ട്ടിയില്‍ സമ്പൂര്‍ണ ഐക്യമാണുള്ളത്. ആരുടെയും വ്യക്തി താല്‍പര്യങ്ങള്‍ക്കോ ഈഗോക്കോ സ്ഥാനമില്ല. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വിജയമാണ് പരമമമായ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ നിഷേധിക്കാന്‍ ഒരു പാര്‍ട്ടിക്കും സാധിക്കില്ലെന്നും രാജ്യം നിലനില്‍ക്കുന്നത് കോണ്‍ഗ്രസിന്റെ തത്വസംഹിതയുടെ അടിസ്ഥാനത്തിലാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി പറഞ്ഞു. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് കോണ്‍ഗ്രസ് ചെയ്ത സേവനം ഓര്‍ക്കുന്ന ഒരാള്‍ക്കും കോണ്‍ഗ്രസിനെ തള്ളിപ്പറയാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് ആവശ്യമായ ഒന്നും തന്നെയില്ലാതിരുന്ന നാടായിരുന്നു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യ. പിന്നീട് അരിയില്ലാത്ത നാട് ശാസ്ത്രത്തിന്റെ ഈറ്റില്ലമായി മാറി. തുണിയില്ലാതിരുന്ന  നാട് വര്‍ഷങ്ങള്‍ക്കകം തുണി കയറ്റി അയച്ചു തുടങ്ങി. രാജ്യം രൂപപ്പെടുത്തിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ്. വ്യത്യസ്തതകളുടെയും വൈവിധ്യങ്ങളുടെയും നാടായ ഇന്ത്യ നില്‍ക്കില്ല എന്ന് എല്ലാ രാജ്യങ്ങളും പറഞ്ഞപ്പോള്‍ രാജ്യത്തെ ഒന്നിപ്പിച്ച് കൊണ്ടുപോയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ജവഹര്‍ലാല്‍ നെഹ്രുവുമാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷനായി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി, എഐസിസി സെക്രട്ടറി മന്‍സൂര്‍ അലി ഖാന്‍,  കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍ കുമാര്‍ എംഎല്‍എ,  കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, അഡ്വ. ജയന്ത്, കെപിസിസി സെക്രട്ടറിമാരായ വി ബാബുരാജ്, വി അബ്ദുല്‍ മാജീദ്, കെ പി നൗഷാദ് അലി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ്‌മോഹന്‍, മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, കെപിസിസി മുന്‍ ജജനറല്‍ സെക്രട്ടറി വി എ കരീം, മുന്‍ എം സി ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!