റമസാനിലെ ആദ്യ വെള്ളിയാഴ്ച്ച മഅ്ദിനിൽ ജുമഅ കർമങ്ങൾക്ക് നേതൃത്വം നൽകി ഭിന്നശേഷി പണ്ഡിതൻമാർ
മലപ്പുറം: റമസാനിലെ ആദ്യ വെള്ളിയാഴ്ച ചേര്‍ത്തുവെക്കലിന്റെയും സഹാനുഭൂതിയുടെയും വര്‍ണ മുഹൂര്‍ത്തം സമ്മാനിച്ച് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദ്. ജുമുഅയുടെ കര്‍മങ്ങളായ ബാങ്ക് വിളി, മആശിറ, ജുമുഅ ഖുത്വുബ, നിസ്‌കാരം, പ്രാര്‍ഥന തുടര്‍ന്ന് നടന്ന പ്രഭാഷണം എന്നിവയ്ക്ക് നേതൃത്വം നല്‍കിയത് കാഴ്ചാ പരിമിതിയുള്ള ഭിന്നശേഷി പണ്ഡിതര്‍. അരികുവത്കരിക്കപ്പെടുന്നവരെ ചേര്‍ത്ത് വെച്ച് സാമൂഹിക നിര്‍മിതിയുടെ ഭാഗമാക്കുന്നതിന്റെ നേര്‍സാക്ഷ്യം. ഏറെ കൗതുകത്തോടെയും ഹൃദയഹാരിയോടെയുമായിരുന്നു മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിലെത്തിയ ആയിരങ്ങള്‍ ഓരോ കര്‍മങ്ങളെയും വരവേറ്റത്. പള്ളിക്കകത്ത് ഉള്‍ക്കൊള്ളാനാവാതെ വിശ്വാസികളുടെ നിര പുറത്തേക്ക് നീണ്ടു. മൂന്നുപേരും മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്.
അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തിലെ ജേതാവ് കൂടിയായ ശബീറിന്റെ വശ്യമനോഹരമായ ഖുതുബയും പാരായണ ശൈലിയും വിശ്വാസികളുടെ മനം കുളിര്‍പ്പിച്ചു. ദുബൈ ഗവണ്‍മെന്റിന്റെ കീഴില്‍ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പങ്കെടുത്ത് അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ഹാഫിള് ഷബീറലി.
മഅദിന്‍ ബ്ലൈന്‍ഡ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ എത്തിയ ശബീര്‍ അലി പത്താം ക്ലാസില്‍ 9 എപ്ലസ് കരസ്ഥമാക്കിയാണ് എസ്.എസ്.എല്‍.സി പാസായത്. പ്ലസ്ടുവില്‍ 75 ശതമാനം മാര്‍ക്കും കരസ്ഥമാക്കി. തുടര്‍ന്ന് മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ പഠനമാരംഭിച്ച ശബീര്‍ അലി ഒന്നര വര്‍ഷം കൊണ്ടാണ് ബ്രയില്‍ ലിപിയുടെ സഹായത്തോടെ ഖുര്‍ആന്‍ മനപാഠമാക്കിയത്. കലോത്സവ്, സാഹിത്യോത്സവ് എന്നിവകളില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശബീര്‍ അലി എടപ്പാള്‍ പോത്തനൂര്‍ സ്വദേശി താഴത്തേല പറമ്പില്‍ ബഷീര്‍-നദീറ ദമ്പതികളുടെ മൂത്ത മകനാണ്.
ബാങ്ക് വിളി, മആശിറക്ക് നേതൃത്വം നല്‍കിയ ഹാഫിള് ഉമറുല്‍ അഖ്‌സം കാപ്പാട് സ്വദേശി ഹമീദ്-സൈനബ ദമ്പതികളുടെ മകനാണ്. ഖുര്‍ആന്‍ പാരായണം, മദ് ഹ് ഗീതങ്ങള്‍ എന്നിവയില്‍ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ജുമുഅക്ക് ശേഷം പ്രഭാഷണത്തിന് നേതൃത്വം നല്‍കിയ ഹാഫിള് സിനാന്‍ പെരുവള്ളൂര്‍ തേനത്ത് ശംസുദ്ദീന്‍ സ്വഫിയ്യ ദമ്പതികളുടെ മകനാണ്. പ്രസംഗം, എഴുത്ത് എന്നിവയില്‍ മികവ് തെളിയിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ മേഖലയില്‍ നല്ല പരിജ്ഞാനമുള്ള സിനാന്‍ തന്റെ ഭിന്ന ശേഷി സുഹൃത്തുക്കള്‍ക്ക് സാങ്കേതിക വിദ്യയുടെ ഉപയോഗവും ഇവര്‍ക്കായി പ്രത്യേകമായുള്ള സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനങ്ങളും പകര്‍ന്ന് നല്‍കുന്നു.
ബസ് ജീവനക്കാരുടെ മര്‍ദിച്ചെന്ന് ആരോപണം; ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു
ഭിന്നശേഷിക്കാരായ സുഹൃത്തുക്കള്‍ക്ക് ശാരീരിക വൈകല്യങ്ങളുണ്ടെങ്കിലും അകക്കാഴ്ച കൊണ്ടും കഠിന പ്രയത്‌നങ്ങള്‍ കൊണ്ടും അവര്‍ ഏറെ മുന്നിലാണെന്നും ഇത്തരക്കാരെ മുന്‍ നിരയിലെത്തിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും ഈ മക്കളുടെ കഴിവുകള്‍ എല്ലാവര്‍ക്കും പ്രചോദനമാണെന്നും മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
ഏറ്റവും പ്രധാനപ്പെട്ട ദിനമായ റമളാനിലെ ആദ്യ വെള്ളിയാഴ്ച തന്നെ ഭിന്നശേഷി മേഖലക്ക് ഇത്തരം ഒരു അവസരം നല്‍കിയ ഖലീല്‍ ബുഖാരി തങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഈയൊരു പരിഗണന ഭിന്നശേഷിക്കാര്‍ക്ക് ആകമാനം അഭിമാനവും സന്തോഷവും തോന്നിയ നിമിഷങ്ങളാണെന്നും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് (കെ.എഫ്.ബി) അധ്യാപക ഫോറം പ്രസിഡന്റ് സുധീര്‍ മാസ്റ്റര്‍ കൊല്ലം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകമായുള്ള മഅദിന്‍ ഏബ്ള്‍ വേള്‍ഡിന് കീഴില്‍ നിരവധി നേട്ടങ്ങള്‍ ഇതിനകം കരസ്ഥമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജെ.ആര്‍.എഫ്, നെറ്റ് കരസ്ഥമാക്കിയവര്‍, അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ അവാര്‍ഡ് ലഭിച്ചവര്‍, ഹാന്‍ഡി ക്രാഫ്്റ്റ് മേഖലയില്‍ മികവ് തെളിയിച്ചവര്‍ തുടങ്ങി വിവിധ നേട്ടങ്ങള്‍ കൈവരിക്കാന്‍ മഅദിന്‍ ഏബ്ള്‍ വേള്‍ഡിന് കീഴില്‍ സാധിച്ചിട്ടുണ്ട്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




