കാർഷിക- വിദ്യാഭ്യാസ- സാമൂഹ്യ ക്ഷേമ മേഖലകൾക്ക് മുൻഗണന നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്

മലപ്പുറം: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ നാലാമത്തേതും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നിലവിലുള്ള ഭരണസമിതിയുടെ അവസാനത്തേതുമായ 2025- 26 വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അവതരിപ്പിച്ചു. പ്രസിഡണ്ട് എം കെ റഫീഖ അധ്യക്ഷത വഹിച്ചു. 234.11 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 222.21 കോടി രൂപ ചെലവും 11.99 കോടി മിച്ചവും കണക്കാക്കുന്നു. വരവിൽ വികസന ഫണ്ട് 11.29 കോടിയും നഗരസഞ്ചയ പദ്ധതിയില്‍ 34.94 കോടിയും മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തിൽ 37.79 കോടിയും സംസ്ഥാനാവിഷ്‌കൃത ഫണ്ടും കേന്ദ്രാവിഷ്‌കൃത ഫണ്ടും 50 ലക്ഷം വീതവും തനതു ഫണ്ടായി 47.41 ലക്ഷം രൂപയുമാണ് കണക്കാക്കിയത്.
ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രത്യക്ഷമയോ പരോക്ഷമായോ ഗുണം ലഭിക്കുന്ന പദ്ധതികളാണ് ബജറ്റിന്റെ പ്രത്യേകത. കാർഷിക മേഖലയുടെ നിലവിലുള്ള അവസ്ഥ വിശകലനം ചെയ്തും ഉൽപ്പാദനം വർധിപ്പിക്കുന്നതിനും തൊഴിൽ സാധ്യതകളും വിപണന സാധ്യതകളും വർധിപ്പിക്കുന്ന വിധത്തിലുമുള്ള പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്.
വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിനു പ്രാധാന്യം കൊടുക്കുന്നതും വിദ്യാഭ്യാസ മേഖലയുടെ ആധുനിക വൽക്കരണത്തിനുമാണ് ലക്ഷ്യമിടുന്നത്. അടുത്ത വർഷത്തെ റമസാൻ സീസണിൽ ജില്ലയിലേക്കാവശ്യമായ വത്തക്ക മുഴുവൻ ഓർഗാനിക് രീതിയിൽ കൃഷി ചെയ്ത് ന്യായ വിലക്ക് വിപണനം ചെയ്യുന്നതിനും, രാസ വസ്തുക്കൾ പ്രയോഗിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വത്തക്ക ഒഴിവാക്കുന്നതിനും ഈ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമുള്ള ‘മധുരം മലപ്പുറം – വിഷ രഹിത ഇഫ്താർ’, കാർഷിക മുന്നേറ്റത്തിനും ഈ മേഖലയിലെ സമഗ്ര മുന്നേറ്റത്തിനുമായി പ്രവാസി സഹകരണ സംഘങ്ങളെ കൂട്ടി യോജിപ്പിച്ചു കൊണ്ടുള്ള ‘മരുപ്പച്ച ‘ പദ്ധതി, വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയിൽ പ്രോത്സാഹനം, ചങ്ങാത്തം ആത്മഹത്യാ രഹിത ലോകം പദ്ധതി, പ്രവാസി സംരംഭകർക്കായി വേൾഡ് എന്റർപ്രണർ പാർക്ക്, കാലാവസ്ഥാ വ്യതിയാനാവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാലേ കൂട്ടി നേരിടുന്നതിനായി നെറ്റ് സീറോ മലപ്പുറം പദ്ധതി, സ്കൂൾ വിദ്യാർത്ഥികൾക്കായി വാന നിരീക്ഷണ കേന്ദ്രം തുടങ്ങിയവ പുതിയ ബജറ്റിലെ ശ്രദ്ധേയമായ പദ്ധതികളാണ്.
ഉൾപ്പാദന മേഖലക്ക് 15 കോടി, മൃഗ സംരക്ഷണവും ക്ഷീരോൽപ്പാദനവും പരിപോഷിപ്പിക്കുന്നതിന് 2.5 കോടി, മത്സ്യ കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് 2.5 കോടി, കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിന് 6 കോടി, വിദ്യാഭ്യാസ മേഖലയുടെ ആധുനിക വൽക്കരണത്തിന് 20 കോടി, ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന ആരോഗ്യമുള്ള മലപ്പുറം സമഗ്ര പദ്ധതിക്ക് 15 കോടി, തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികളിൽ പുതിയ മോർച്ചറികൾ സ്ഥാപിക്കുന്നതിനും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 7 കോടി, വനിതാ ശാക്തീകരണത്തിന് 10 കോടി, ബാല സൗഹൃദ ജില്ലാ പദ്ധതിക്കായി 50 ലക്ഷം, ഭിന്നശേഷി സൗഹൃദ ജില്ലാ പദ്ധതിക്കായി 10 കോടി, സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി 5 കോടി, വയോജന ക്ഷേമ പദ്ധതികൾക്കായി 5 കോടി, മാലിന്യ സംസ്കരണ പദ്ധതികൾക്കായി 8 കോടി, കലാ സാംസ്‌കാരിക പൈതൃക മേഖലയുടെ പുരോഗമന പ്രവർത്തഞങ്ങൾക്ക് 3 കോടി, മലപ്പുറത്തിന്റെ പാചക നൈപുണ്യം അന്തർ ദേശീയ തലത്തിൽ എത്തിക്കുന്നതിനു ഭക്ഷ്യ മേള നടത്തുന്നതിന് 10 ലക്ഷം, ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിലും ചെറുപ്പക്കാർക്കിടയിലുമുള്ള ലഹരി വ്യാപനം തടയുന്നതിനുള്ള സമഗ്ര പദ്ധതിക്ക് 50 ലക്ഷം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്റെ സ്മരണാർത്ഥം പുന്നപ്പാല ക്ഷേത്രത്തിൽ കവാടവും ഊട്ടു പുരയും നിർമ്മിക്കുന്നതിന് 75 ലക്ഷം, സർക്കാർ സർവേ പ്രകാരം കണ്ടെത്തിയ അതി ദരിദ്ര വിഭാഗത്തിൽ പെട്ട ഭൂരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീട് വെക്കുന്നതിനു സ്ഥലം വാങ്ങി നൽകുന്നതിന് 10 കോടി, ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട സ്നേഹ തീരം എക്സിബിഷന് 10 ലക്ഷം, ജില്ലാ പഞ്ചായത്തിന് കീഴിലെ റോഡുകളുടെ നവീകരണത്തിന് 10 കോടി, പട്ടിക ജാതി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സമഗ്ര പദ്ധതികൾക്കായി 26 കോടി, പട്ടിക വർഗ്ഗ വിഭാഗക്കാരുടെ സമഗ്ര പദ്ധതിക്ക് 2 കോടി എന്നിങ്ങനെയാണ് പ്രധാന വകയിരുത്തലുകൾ.
താനൂർ സ്വദേശിനിയായ മാധ്യമ പ്രവർത്തക കൊച്ചിയിൽ മരിച്ച നിലയിൽ
ആശാ പ്രവർത്തകർക്ക് അധിക ഹോണറേറിയവും യൂണിഫോമും നൽകുന്നതിന് 1 കോടി രൂപ, ഗോത്ര വർഗ്ഗ മേഖലയിൽ പ്രവർത്തിക്കുന്ന കോ ഓർഡിനേറ്റർമാർക്ക് അധിക വേതനം നൽകുന്നതിന് 25 ലക്ഷം രൂപയും വകയിരുത്തി.
നേരത്തെ പ്രഖ്യാപിച്ചിരുന്ന വാരിയകുന്നൻ സ്മാരകം, പൂക്കോട്ടൂർ യുദ്ധ സ്മാരകം എന്നിവക്കായി 2.5 കോടി വീതം, വനിതകൾക്ക് സൗജന്യ ബസ് സർവിസിന് 50 ലക്ഷം, ട്രാൻസ് ജെൻസേഴ്സിൻ്റെ നവോത്ഥാനത്തിനും പുനരധിവാസത്തിനുമായി 50 ലക്ഷം, ഹജ്ജ് യാത്രക്കാർക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന് 10 ലക്ഷം, നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പേ വാർഡിന് 5 കോടി, ആഗോള നിക്ഷേപ സംഗമത്തിന് 50 ലക്ഷം, ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന ജീവിത ശൈലീ രോഗ വിമുക്ത ജില്ലാ പദ്ധതിക്കായി 25 ലക്ഷം എന്നിങ്ങനെയും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സറീന ഹസീബ്, എൻ.എ.കരീം, ആലിപ്പറ്റ ജമീല, നസീബ അസീസ്, അംഗങ്ങളായ അഡ്വ. പി.വി.മനാഫ്, കെ.ടി.അഷ്‌റഫ്, ഫൈസൽ എടശ്ശേരി, അഡ്വ. പി.പി.മോഹൻദാസ്, വി.കെ.എം.ഷാഫി, ഇ.അഫ്സൽ, അഡ്വ. ഷെറോണ സാറ റോയ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ജില്ല ആര്‍ജിച്ച നേട്ടങ്ങള്‍ ലോകത്തിന് മാതൃക – എം.കെ റഫീഖ
ത്രിതല പഞ്ചായത്ത് സംവിധാനം യാഥാര്‍ത്ഥ്യമായതോടെ പ്രാദേശിക ഭരണസംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ജില്ല ആര്‍ജിച്ചെടുത്ത നേട്ടങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ ബജറ്റ് ആമുഖപ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തും ഭൂവിസ്തൃതിയില്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്ന ജില്ല, ‘ദി ഇക്കണോമിസ്റ്റ്’ ന്റെ കണ്ടെത്തല്‍ പ്രകാരം അതിവേഗം വികസിക്കുന്ന പ്രദേശമാണ്. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസ മേഖലക്കും തൊഴില്‍ മേഖലയ്ക്കും പ്രാമുഖ്യം നല്‍കുന്നതുമായ ബജറ്റാണിത്. മാത്രമല്ല വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും അതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും റാഗിങ് വാര്‍ത്തകളും അനുദിനം നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നു. അതിനാല്‍ പുതിയ തലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതികളും ബജറ്റില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്- പ്രസിഡണ്ട് പറഞ്ഞു.
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]