പൊന്നാനി തുറമുഖ വികസനം; നിക്ഷേപത്തിന് സന്നദ്ധത അറിയിച്ച് പ്രമുഖ വ്യവസായികള്‍

പൊന്നാനി തുറമുഖ വികസനം; നിക്ഷേപത്തിന് സന്നദ്ധത അറിയിച്ച് പ്രമുഖ വ്യവസായികള്‍

പൊന്നാനി: മലബാറിന്റെ തീര വികസനത്തില്‍ നാഴികകല്ലായി മാറുന്ന മലപ്പുറം ജില്ലയിലെ പൊന്നാനി തുറമുഖ വികസനത്തിന് സാധ്യത തേടിയുള്ള നിക്ഷേപകസംഗമത്തിന് വ്യവസായികളില്‍ നിന്ന് മികച്ച പ്രതികരണം. കേരള മാരിടൈം ബോര്‍ഡിനു കീഴില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പൊന്നാനി തുറമുഖത്തെ വാണിജ്യ, വിനോദസഞ്ചാര ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായാണ് നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.

തുറമുഖം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങളാണ് വന്നു ചേര്‍ന്നിരിക്കുന്നതെന്ന് നിക്ഷേപകസംഗമത്തില്‍ അധ്യക്ഷത വഹിച്ച പി. നന്ദകുമാര്‍ എം.എല്‍.എ പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. നിക്ഷേപക സംഗമത്തിനെത്തിയ വ്യവസായികള്‍ തുറമുഖ വികസനം സംബന്ധിച്ച് വലിയ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നതെന്നും പ്രമുഖ വ്യവസായികള്‍ നിക്ഷേപം നടത്താന്‍ താല്പപര്യം പ്രകടിപ്പിച്ചതായും എം.എല്‍. എ പറഞ്ഞു. കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള പദ്ധതിയുടെ രൂപരേഖ വിശദീകരിച്ചു.

കാക്കിനട പോര്‍ട്ട്, അല്‍ഫത്താന്‍ മറൈന്‍ സര്‍വീസ്, ഡി.പി വേള്‍ഡ്, സൗരാഷ്ട്ര സിമന്റ്‌സ്, രാജധാനി മിനറല്‍സ്, അക്ബര്‍ ട്രാവല്‍സ് തുടങ്ങിയ കമ്പനികളാണ് തുറമുഖ വികസനത്തിലും അനുബന്ധമായ ടൂറിസം നിക്ഷേപത്തിലും താല്പര്യം പ്രകടിപ്പിച്ച് സംഗമത്തില്‍ പങ്കെടുത്തത്.
പരമാവധി കമ്പനികള്‍ക്ക് നിക്ഷേപത്തിന് സാധ്യത നല്‍കികൊണ്ടാണ് തുറമുഖ വികസനം സാധ്യമാക്കുക. ഷിപ്പ് മെയിന്റനന്‍സ്, ക്രൂയിസ് വെസലുകള്‍, കാര്‍ഗോ ഷിപ്പിങ്, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്, ആയുര്‍വേദം തുടങ്ങി നിരവധി സാധ്യതകളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.

കാസർകോട് വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു

കേരള മാരിടൈം ബോര്‍ഡ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് നിക്ഷേപത്തിന് അവസരം നല്‍കുക. 30 മുതല്‍ 50 വര്‍ഷം വരെ കാലാവധിയില്‍ നിക്ഷേപം നടത്താന്‍ താല്പര്യപ്പെടുന്ന നിക്ഷേപകര്‍ക്കാണ് അവസരം. പൊന്നാനി അഴിമുഖത്തിനോട് ചേര്‍ന്ന് 29.5 ഏക്കര്‍ വരുന്ന ഭൂമി തുറമുഖ വികസനത്തിനും 1.5 ഏക്കര്‍ ഭൂമി ടൂറിസം വികസനത്തിനും പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് തുറമുഖ വികസനം രൂപകല്‍പന ചെയ്യുന്നത്. വിഴിഞ്ഞം രാജ്യാന്തര ടെര്‍മിനലിന്റെയും കൊച്ചി, മംഗലാപുരം തുറമുഖങ്ങളുടെയും സാമീപ്യം പൊന്നാനിക്ക് പ്രയോജനകരമാവും. കോയമ്പത്തൂര്‍-പാലക്കാട് വ്യവസായ ഇടനാഴിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന തുറമുഖമെന്ന നിലയില്‍ ഇത് വ്യവസായകള്‍ക്ക് മികച്ച അവസരങ്ങള്‍ തുറന്നിടും.

പൊന്നാനി റൗബ ഹോട്ടലില്‍ നടന്ന സംഗമത്തില്‍ പോര്‍ട്ട് ഡപ്യൂട്ടി ഡയറക്ടര്‍ ക്യാപറ്റന്‍ അശ്വനി പ്രതാപ്, സി.ഇ.ഒ ഷൈന്‍ ഹക്ക്, വിവിധ കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!