പകുതി വില ഓഫർ തട്ടിപ്പ്; നജീബ് കാന്തപുരം എം എൽ എയ്ക്കെതിരെ കേസെടുത്ത് പോലീസ്

പകുതി വില ഓഫർ തട്ടിപ്പ്; നജീബ് കാന്തപുരം എം എൽ എയ്ക്കെതിരെ കേസെടുത്ത് പോലീസ്

പെരിന്തൽമണ്ണ: വ്യാജ സിഎസ്ആർ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ പൊലീസ് എംഎൽഎ നജീബ് കാന്തപുരത്തിനും അദ്ദേഹത്തിന്റെ സെക്രട്ടറിക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തു. പുലാമന്തോൾ സ്വദേശിയുടെ പരാതിയെ തുടർന്നാണ് സാമ്പത്തിക തട്ടിപ്പും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുള്ളത്.

ഇരുവർക്കും എതിരെ ബി.എൻ.എസ് സെക്ഷൻ 318(4) & 3(5) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പദ്ധതി പ്രകാരം ലാപ്ടോപ്പ് ലഭിക്കുന്നതിന് 2024 സെപ്റ്റംബർ 25-ന് പരാതിക്കാരി എംഎൽഎ ഓഫീസിൽ എംഎൽഎയുടെ സെക്രട്ടറിക്ക് 21,000 രൂപ കൈമാറിയിരുന്നു. 40 ദിവസത്തിനുള്ളിൽ ലാപ്ടോപ്പ് നൽകുമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ, ലാപ്ടോപ്പോ അതിനായി നൽകിയ പണമോ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് എഫ്.ഐ.ആറിലുള്ള പരാമർശം.

സി.പി.എം നേതാവ് സരിൻ വ്യാഴാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. എംഎൽഎ ഓഫീസിൽ പ്രവർത്തിച്ചിരുന്ന മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ (എം.സി.എഫ്) ദേശീയ എൻജിഒ കോൺഫെഡറേഷനുമായി ചേർന്ന് സ്‌കൂട്ടറുകളും വീട്ടുപകരണങ്ങളും പകുതി വിലയ്ക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിൽ നജീബ് കാന്തപുരത്തിന് പങ്കുണ്ടെന്ന് സരിൻ ആരോപിച്ചു.

“ഗുണഭോക്താക്കളെ കണ്ടെത്താൻ നജീബ് തന്റെ സംഘടന ഉപയോഗിച്ചു. കോർപ്പറേറ്റുകളിൽ നിന്ന് ഭീമമായ തുക കൈപ്പറ്റി കള്ളപ്പണം വെളുപ്പിക്കാൻ മുദ്ര ഫൗണ്ടേഷൻ ഉപയോഗിച്ചിട്ടുണ്ട്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തുവരും,” സരിൻ ആരോപിച്ചു.

എന്നാൽ, താനും ഈ തട്ടിപ്പിന്റെ ഇരയാണെന്ന് നജീബ് കാന്തപുരം പ്രതികരിച്ചു. ആയിരക്കണക്കിന് സാധാരണക്കാർ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട്, എംഎൽഎമാരും മന്ത്രിമാരും പങ്കെടുത്തത് തട്ടിപ്പാണെന്ന് അറിയാതെ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, സിഎസ്ആർ തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഡിവൈഎഫ്ഐ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു

Sharing is caring!